മുഷിഞ്ഞ പൂണൂലഴിച്ചുവെച്ച് സൂര്യൻ
ഉറക്കംപിടിച്ചുകഴിഞ്ഞു
ഞാൻ വിളിക്കുന്നു
ഒരു രഹസ്യസൂര്യനെ
അധികാരവും പൂണൂലും ദിവ്യാസ്തമയവുമില്ലാത്ത.
കവിതയെഴുതുകയാണ്
ഈ രാത്രിയിൽ ഞാൻ
ആ സൂര്യൻ്റെ
രഹസ്യ
ആടലോടകത്തിൻ്റെ വേരുകൾക്കിടയിൽ
രാത്രി പൊറുപൊറുക്കുന്നു
തലകീഴായ് തൂങ്ങിക്കിടന്നു ഞാൻ
ഇല്ലായ്മയുടെ തേനുണ്ണുന്നു
സ്വപ്നങ്ങൾ ചെയ്യുംപോലെ
നിറങ്ങളില്ലാതൊരു മഴവില്ലു വരയ്ക്കുന്നു
മരിച്ചുപോയ പകലു വന്നെൻ്റെ
ചെവിപ്പുറകിൽ കൊത്തുന്നു
ചോരയൊലിക്കുന്നു.
വെറുതെ ചുമയ്ക്കാറുണ്ട്
വീട്ടുമൃഗങ്ങളും
ചരിത്രമതിൻ്റെ പഴയ ശീലങ്ങളെ ആവർത്തിക്കാറുണ്ട്.
ചൊറിയുന്നു
ഈ രാത്രിയിൽ ഞാൻ
മറ്റാരുടെയോ ചെവിപ്പുറകിൽ.
ഉച്ചത്തിൽ പൊറിവിട്ട്
രാത്രിയെ നാറ്റിക്കുന്ന ആ മനുഷ്യൻ
എൻ്റെ അമ്മാവനായ് അഭിനയിക്കുകയാണ്
ഏഷ്യയെന്തിനാണ്
ഏഷ്യയുടെ തടവിൽക്കിടക്കുന്നത്
എൻ്റെ നിഴലിനുള്ളിലിരുന്ന് ഞാനെൻ്റെ ജീവിതത്തെ
ഊതിയാളിക്കുകയാണ്
ലോകത്തെ സ്വതന്ത്രമാക്കുകയാണ്.
മരിച്ചുപോയ പക്ഷിപോലും
തൂവലുകളെ ചികഞ്ഞുണർത്താറുണ്ട്
മരിച്ച മീനുകളും
അവയുടെ ജലത്തെയുലയ്ക്കാറുണ്ട്
വീട്ടുമൃഗങ്ങളും
വെറുതെ
ഇല്ലായ്മയിൽ നോക്കിനിക്കാറുണ്ട്
ചരിത്രമതിൻ്റെ വിഫലതകളെ ആവർത്തിക്കാറുണ്ട്.
നടത്തത്തിനിടയിലും
തറഞ്ഞുപോകുന്നതായ്
ആർക്കും
തോന്നിപ്പോകാവുന്നതാണ്.
സന്ദേഹം അതിൻ്റെ
വിധേയമായ ഉപകരണങ്ങളെ കണ്ടെടുക്കുന്നു.
പനിനീർപ്പൂവും വിദ്വേഷവും തമ്മിൽ
ഒരുഗ്ലാസ്സ് നാരങ്ങനീരും
ഒരു പാത്രംനിറയെ പേടിയും തമ്മിൽ
അന്തരമില്ലാത്ത കാലം ഭാവനയാവണമെന്നില്ല.
രഹസ്യസൂര്യൻ്റെ ഒച്ചയാണ് നരിച്ചീറുകൾ
ശൂന്യമായ തലകൾക്കുള്ളിലൂടെ
ഞാനെൻ്റെ വിമാനങ്ങൾ പറത്തുന്നു
നരിച്ചീറുകളുടെ കലാപത്തിന്
അട്ടിമറിക്കാനാവുമോ
ശൂന്യതയെ
അർത്ഥത്തിൻ്റെ പ്രേതം കയറുമായി
വാക്കിൻ്റെ പിന്നാലെ പതുങ്ങിനടക്കുന്നു
അനുഭവം അപ്രമേയതയെ കെട്ടിപ്പിടിച്ചുനിൽക്കുന്നു
ഉരുകിയൊലിക്കുന്നു ആഖ്യാനവിഭ്രാന്തി
ഈ രാത്രിയിൽ
ചരിത്രമതിൻ്റെ കുതറലുകളെ ആവർത്തിക്കാറുണ്ട്.
ചിതൽപ്പുറ്റിനുള്ളിൽ കാലുകുടിങ്ങിയ എൻ്റെ കുതിര
സ്വന്തം തീയിലും ജലത്തിലും
അതിൻ്റെ വിടുതിയെ ഉറപ്പിക്കുന്നു
ഞാനെൻ്റെ ചെവിപ്പുറകിൽ ചൊറിയുന്നു
രാത്രി അതിൻ്റെ ഇരുണ്ട ചിരിയെ
പുറത്തേക്കൊഴുക്കുന്നു
ഞാനെൻ്റെ നരിച്ചീറിനെ
പുറത്തേക്കു പറത്തുന്നു.
