ലയ ചന്ദ്രലേഖ

മഞ്ഞത്തൂവാല

ല്ല

മഞ്ഞത്തൂവാലയെ
അവരുപേക്ഷിച്ചതാവാൻ
വഴിയില്ല
ഞാൻ നോക്കുമ്പോൾ
ചുവന്ന കുപ്പിവളയിട്ട
മെലിഞ്ഞ കൈയിൽ
അവരതിനെ
ഇറുക്കിപ്പിടിച്ചിരിക്കുകയായിരുന്നു
നോവിക്കാതെ...

ഒരൊറ്റക്കുപ്പിവള മാത്രം
ബാക്കിയുള്ളവ
പൊട്ടിത്തീർന്നതാവാം
ചിലപ്പോൾ
ഈയൊന്നിൽക്കൂടുതൽ
ഒരിക്കലും
ഉണ്ടാവാഞ്ഞതുമാവാം

അവശേഷിച്ച
ഒരൊറ്റ വളയും
പൊട്ടിത്തീരുമ്പോഴുള്ള
അവരുടെ കൈത്തണ്ട
ഉണങ്ങിയ
ചുള്ളിക്കമ്പുപോലെ
എന്നെ
പോറിയിടാൻ
തുടങ്ങുമ്പഴാണ്
പിന്നെയുമാ മഞ്ഞത്തൂവാല
കണ്ണിലുടക്കുന്നത്!

ചുളിവുവീണ
പൊന്തിയ ഞരമ്പുകളുള്ള
കറുത്ത കൈയ്യിനോട്
ഒട്ടുമിഴുകിച്ചേരാതെ
എന്നെനോക്കി
അത്
മനോഹരമായി
പുഞ്ചിരിച്ചുകൊണ്ടിരുന്നു
പിന്നീട്

ഒരു ഉറക്കം കഴിഞ്ഞ്
നോക്കുമ്പഴാണ്
വലതുവശത്തെ
ഒഴിഞ്ഞ സീറ്റിൽ
നക്ഷത്രക്കണ്ണുകളോടെ
എന്നെ
തുറിച്ചുനോക്കിക്കൊണ്ട്
അത്
പിന്നെയും ചിരിച്ചത്!

ഇല്ല
തീർച്ചയായും
അവരിതിനെ
ഉപേക്ഷിച്ചതാവാൻ
വഴിയില്ല
പറഞ്ഞില്ലേ,
ചുവന്ന കുപ്പിവളയിട്ട
മെലിഞ്ഞ കൈയിൽ
അവരിതിനെ
ഇറുക്കിപ്പിടിച്ചിരിക്കുകയായിരുന്നു,
നോവിക്കാതെ...

കൊതിയോടെ
ഞാനതിനെ നോട്ടമിട്ടത്
അവർ ചിലപ്പോൾ
കണ്ടിട്ടുണ്ടാവണം
നാളൊരിക്കലും
കുപ്പയിലെറിയില്ലെന്ന്
കരുതലോടെ
ഏൽപ്പിച്ചു പോയതാവണം...

ഇറങ്ങാനുള്ള ഇടത്തിന്റെ
തൊട്ടടുക്കൽ വെച്ച്
ഞാനതിനെ
വീണ്ടും നോക്കി
അതെന്നെയും
പോരുന്നോ കൂടെ?
മെലിഞ്ഞ കൈകളുള്ള
ആ സ്ത്രീയ്ക്ക്
ഇത്രയും
കെട്ട വാടയായിരുന്നെന്ന്
ഞാനപ്പോഴാണ്
വിയർപ്പു മണക്കുന്നത്
അവരുടെ
നാറുന്ന മൂക്കള...
മുഖം മറച്ചുള്ള തുമ്മൽ..
ഉണങ്ങിപ്പിടിച്ച
കണ്ണുനീരിന്റെ ഉപ്പ്...
എല്ലാത്തിലുമുപരി
അവരുടെ
തിരുത്താനാവാത്ത
വൃത്തികെട്ട കറുപ്പ്...
എത്രയൊക്കെ കഴുകിയാലും
പോവില്ലെന്ന്
ഉടുമ്പിനേപ്പോലെ
അടിഞ്ഞുകൂടിയിരിക്കണം

അങ്ങനെ
ഒന്നുകൂടി
നോക്കിയപ്പോഴാണ്

മഞ്ഞത്തൂവാലയ്ക്ക്
അത്രയൊന്നും ഭംഗിയില്ലെന്ന്
ഞാൻ
ആദ്യമായി
കണ്ടെത്തിയത്!
വിഴുപ്പാണ്...
ഒരുപക്ഷേ
ബാക്കിവെച്ചുപോയ
പകരാനിടയുള്ള
ഏതോ
മാറാവ്യാധി!
നാളൊരിക്കലും
കുപ്പയിലെറിയില്ലെന്ന്
കരുതലോടെ
ഏൽപ്പിച്ചു പോയതാവണം...

ബസ്സിറങ്ങി നടക്കുമ്പോൾ
ചെരിപ്പിനടിയിൽ
പറ്റിയിരുന്ന
ചുവന്ന
കുപ്പിവളപ്പൊട്ടിനെ
‘അശ്രീകര'മെന്ന്
പറിച്ച് ദൂരത്തേക്കെറിഞ്ഞു
​പിന്നെയും നടന്നു...

Comments