ലിഫ്റ്റിലെ പെണ്‍കുട്ടി
(ചാള്‍സ് ബ്യുകൗവ്‌സ്‌കിയെ ഓര്‍ത്തുകൊണ്ട്)

ലിഫ്റ്റില്‍
എന്നും
എന്നോടൊപ്പം
ഒരു പെണ്ണുണ്ടാവുറുണ്ട്,
അവളോടൊപ്പം
ഒരു തടിയന്‍;

അവള്‍ ഒരു രാജ്യവും
അയാളവിടുത്തെ പട്ടാളക്കാരനും എന്ന മട്ടില്‍.

പട്ടാളക്കാരന്‍ എല്ലാവരെയും
മാറി മാറി നോക്കുന്നുണ്ട്.
എന്നെയും നോക്കുന്നുണ്ട്.
അവന്‍ അസ്വസ്ഥനാണ്.

നഗരത്തിലെ ഏറ്റവും സുന്ദരി
താനാണെന്ന മട്ടില്‍
അവള്‍
ആരെയും നോക്കുന്നില്ല.

ആരും അവളെ നോക്കുന്നില്ലെന്ന്
കാണുമ്പോള്‍
തടിയന്റെ കയ്യിലൊരു തോക്കുണ്ടെന്ന്
ഞാന്‍ സങ്കല്‍പിക്കുന്നു.

എന്നാല്‍,
എല്ലാവരും അവളെ നോക്കുന്നുണ്ടെന്ന കാര്യം അവനറിയില്ല.
മണ്ടനായ പട്ടാളക്കാരന്‍.

ചിലപ്പോള്‍
അവളൊരൊറ്റ കരച്ചിലാണ്.
തടിയന്‍ അത് ശ്രദ്ധിക്കുന്ന ഭാവം കൊടുക്കില്ല.
ഞാന്‍ അവളുടെ സര്‍വതും കാണുന്നുണ്ട്.
എന്നിട്ടും,
ഞാനത് കണ്ടതായി
ഭാവിക്കുന്നില്ല.

എനിക്കതിന് കാരണങ്ങളുണ്ട്,
ഞാന്‍ സങ്കല്പിക്കുന്നു:
കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍
മരിച്ചുപോയ
അപ്പച്ചനുണ്ടാവാം അവള്‍ക്ക്,
വീടിന്റെ ഇറയത്ത് അവളെ കാത്തിരിക്കുന്ന അമ്മച്ചിയുണ്ടാവാം,
ഒരു സഹോദരിയുണ്ടാവാം,
അല്ലെങ്കിലൊരു സഹോദരന്‍,
കാമുകനും
ബന്ധുക്കളും
ശത്രുക്കളുമുണ്ടാവാം,
ഞങ്ങളുടെ നഗരത്തിലെ
പുസ്തകപ്രസാധകനെ പോലെ
ചെയ്യാന്‍ ഒട്ടും ഇഷ്ടമില്ലാത്ത ജോലിയുണ്ടാവാം,
അവള്‍ക്ക് നല്ല തലവേദനയുണ്ടാവാം,
ഉറങ്ങുമ്പോള്‍
കൂര്‍ക്കം വലിക്കുന്നവളും
നല്ല ദേഷ്യമുള്ളവളുമായിരിക്കാം അവള്‍.

ഞാന്‍ സര്‍വതും കാണുന്നുണ്ട്.
അവള്‍ തലയില്‍ നടുന്ന പൂവ്,
അത് വളര്‍ന്ന് പൂന്തോട്ടമാവുമെന്ന
വിചാരവും ചുമന്ന്
ബബിള്‍ഗം ചവച്ചുകൊണ്ട്
പതുക്കെയുള്ള അവളുടെ നടത്തം,
അവളുടെ പൂന്തോട്ടം,
ഈ പ്രപഞ്ചത്തിലെ
മുഴുവന്‍ ആണുങ്ങളും
അവളെ സ്വപ്നത്തില്‍ കണ്ട്
കൂടെ കിടക്കുന്ന പെണ്ണിനെ
മറന്ന് ഉറങ്ങിപ്പോവുന്നത്.

ഞാനെല്ലാം കാണുന്നുണ്ട്
എന്നാല്‍
ഞാനൊന്നും കണ്ടില്ലെന്ന് ഭാവിക്കുന്നു,
പട്ടാളക്കാരന്‍
അസ്വസ്ഥനാണ്,
തടിയന്
ഇതൊന്നും പിടിക്കുന്നില്ല
പട്ടാളക്കാരന്‍ രാജ്യം
ചുമന്നുകൊണ്ട് പോവുന്നതുപോലെ
അവന്‍ അവളെയും കൊണ്ട് പോവുന്നു.

ലിഫ്റ്റിലുള്ളവരെല്ലാം
അവളെ മാത്രം കാണുമ്പോള്‍
ഞാന്‍ അവളുടെ എല്ലാം കാണുന്നുണ്ട്.

തടിയനായ പട്ടാളക്കാരാ,
ചെറുപ്പക്കാരാ
നീ വേണമെങ്കില്‍ എന്നെ
കൊന്നുകളഞ്ഞോളൂ
ഞാന്‍ അവളുടെ സര്‍വതും കാണുന്നുണ്ട്.

നീ നന്നായി വരട്ടെ!

Comments