ലിഖിത ദാസ്

വിഷയം - മഴയോർമ്മ

"കവിത - വിഷയം മഴയോർമ്മ' എന്ന്
വലിപ്പത്തിൽ ഉരുണ്ട അക്ഷരങ്ങളിൽ
എഴുതിയ ക്ലാസ് മുറിയിലേയ്ക്ക്
വൈകിയോടി ചെല്ലുമ്പൊ
സൈഡ് ബെഞ്ചിലെ
എഴുതിയിരുത്തം വന്ന കണ്ണടക്കാരന്റെ
നോട്ടത്തിൽ എനിയ്ക്കാകെയൊന്ന്
പനിച്ചു.
പാവാടയിറുക്കിപ്പിടിച്ച് നമ്പറിട്ട വെള്ളക്കടലാസിന് മുമ്പിലിരുന്നപ്പൊ
നനഞ്ഞ വെള്ള യൂണിഫോമിന്റെ ഉള്ളിലെ
കൂട്ടിത്തയ്ച്ച ബ്രെയ്‌സറ് വള്ളി
കവിതാലോകം കാണരുതെന്ന്
കണ്ണടച്ചു പ്രാർത്ഥിച്ചു.

"മഴയോർമ്മ' യെന്ന് എഴുതി
അടിയിൽ വരച്ചപ്പോഴേയ്ക്കും
അപ്പൻ ദാണ്ടെ കേറി വരുന്നു.
മുണ്ടഴിച്ചുപിഴിഞ്ഞ് വീശിക്കുടഞ്ഞ്
വീണ്ടും അരയിൽ കെട്ടി
അപ്പൻ കാറ്റത്തുണങ്ങാനിരുന്നു.
‘നിന്റപ്പന് ഒരേ പോലത്തെ
കൊറെ പച്ച ബനിയനുണ്ടല്ലേ..' ന്ന്
പറഞ്ഞ ശ്രുതിമോളെയോർത്തു.
അവളും തൊട്ടടുത്തിരുന്ന്
പ്രേമാതുരമായ ഒരു മഴയോർമ്മയിൽ
നനഞ്ഞു കുഴയുന്നുണ്ട്.

ഒന്നാമത്തെ വരിയിലേയ്ക്ക് കേറിയില്ല..
"സവാളയും എണ്ണം പറഞ്ഞ
നാല് കോഴിമുട്ടയും പാദുകത്തേലുണ്ട്.
നിന്റെ ഉള്ളിവാട്ട് അപ്പനിഷ്ടാടീ..' ന്ന്
പറഞ്ഞ്
അടുക്കളപ്പൊറകീന്ന് അമ്മച്ചി
വെള്ളം കുടിച്ചു വയറു വീർത്ത അഞ്ചാറ്
മുരിക്കു കൊള്ളീം കൊണ്ട് കേറിവരുന്നുണ്ട്.
അടുപ്പിലൂതിയൂതിപ്പൊകഞ്ഞിരിക്കുമ്പൊ
ഉള്ളിവാട്ട് നല്ലതാണെന്ന് പറഞ്ഞ എല്ലാ മനുഷ്യരെയും പൊകച്ചുകൊല്ലാൻ മനസിൽ രഹസ്യപദ്ധതിയുണ്ടായി.

നാലാമത്തെ വരിയുടെ നടുക്കെത്ത്യേപ്പൊ
ഉള്ളതിൽ ഏറ്റോം വല്യ മുട്ടയുടെ അവകാശി വന്നു മുട്ടക്കേട് പരിശോധിച്ചു പോയി. അവന്റെ പുത്യെ പുതപ്പിന് സ്വർണ്ണപ്പൊതപ്പെന്ന് പേരിട്ട് പഴേ തുണിക്കഷ്ണങ്ങൾ നിറച്ചുണ്ടാക്കിയ
കെടക്കയിൽ അവനങ്ങനെ രാജവാഴ്ച നടത്തി. കഴിഞ്ഞേന്റെ മുന്നത്തെ കൊല്ലത്തെ അവന്റെ പുതപ്പ് വെള്ളിപ്പൊതപ്പായി കഴിഞ്ഞാഴ്ച വന്നുപോയ
വല്യമ്മച്ചീടെ പായിലേയ്ക്ക് തരം താഴ്​ത്തപ്പെട്ടു.

കവിതയുടെ പന്ത്രണ്ടാം വളവിൽ
ഞാൻ നനഞ്ഞുതുള്ളി.
മൂന്നു സവാളകൊണ്ട് നാലാൾക്കുള്ള രാത്രിക്കറിയൊഴിക്കണെങ്കി
മഴ തോരണം.
പെയിന്റു ബക്കറ്റ് - കയ്യുള്ളതൊന്ന് - ഇല്ലാത്തത് രണ്ട്,
മീൻ ചട്ടി ഒന്ന്, ചക്കയരക്കോണ്ട് മൂടൊട്ടിച്ച കുടിവെള്ളപ്പാത്രം ഒന്ന്, മൂന്ന് കറിപ്പാത്രങ്ങൾ- ഒക്കെയും
ആസ്ബറ്റോസ് ഷീറ്റിന്റെ വിടവുകൾക്ക്
ചോടെയിരുന്നു നനഞ്ഞു വിറച്ച് പല്ലുകൂട്ടിയടിക്കുന്നുണ്ട്.
മൂന്നു പാത്രം ചോറു വെളമ്പിക്കഴിഞ്ഞ് നാലാം പാത്രത്തിലിട്ട് അമ്മയ്‌ക്കൊരു
ചുട്ട കായത്തീറ്റയുണ്ട്.
"ഇന്നിനീപ്പൊ ചോറു വേണ്ടെന്ന്' ഉറക്കെ പ്രഖ്യാപിച്ച് ഒരു കവിൾ വെള്ളവുമിറക്കി
അമ്മയെന്നെക്കാത്ത് പായ വിരിയ്ക്കും

സാരിപ്പുതപ്പിനടീൽ
രാത്രിയമ്മയുടെ മുലയിടുക്കിൽ
മുഖമാഴ്​ത്തിക്കിടക്കുമ്പൊ
ഒരു വാട മണമുണ്ട്.
അമ്മയുടെ നെഞ്ചിനെപ്പോഴും
മഴമണക്കുന്നുണ്ടെന്നാണ് തോന്നാറ്.
ഈറയുണങ്ങാത്ത നൈറ്റിത്തുണി തീകായിച്ചുടുക്കുന്നോണ്ടോ..
പേടികളെയൊക്കെ പണ്ടേ ഉമ്മറം കടത്തി വിട്ടതോണ്ടൊ നനഞ്ഞിട്ടും
അമ്മയ്ക്ക് പനിച്ചിട്ടേയില്ല.

എല്ലാ മഴക്കാലത്തും ഞങ്ങള് നാലും ദൈവത്തെ വിളിച്ചില്ല..
പകരം
ഇനി നമ്മക്ക് ഒറ്റനേരം
വെശന്നാമതിയെടീന്ന് പറഞ്ഞ
അപ്പന്റെ കുറ്റിപ്പൈസ കൊണ്ട് പോയ
ജോസിനെയോർക്കും
ജോസിന്റപ്പനപ്പൂപ്പനെയോർക്കും.
ജോസ് പാതിക്കു നിർത്തിപ്പോയതോർത്ത് കോടിയ മുഖത്തോടെ വീട്
ചിരിക്കും.. കണ്ണു നിറയ്ക്കും.

മഴയോർമ്മയുടെ ചോട്ടിൽ
കിതച്ചു... നനഞ്ഞെനിയ്ക്ക് പനിച്ചു.
ഞാനാ ക്ലാസിൽ നിന്നിറങ്ങി നടന്നു.
എല്ലാ പരീക്ഷകളിലും തോറ്റുപോയ
ഒറ്റക്കുട്ടിയുടെ പിടപ്പോടെ കണ്ണുനിന്നങ്ങനെ പെയ്തു പെയ്ത്
മഴയും കടന്നൊരു പ്രളയമുണ്ടായി. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ലിഖിത ദാസ്

കവി. ഒറ്റമരം , ചില മഴകൾ അത് കുടകൾക്ക് നനയാനുള്ളതല്ല, ഉത്തമരഹസ്യങ്ങളുടെ (അ)വിശുദ്ധ പുസ്തകം, ചോന്ന പൂമ്പാറ്റകൾ (എഡിറ്റർ) എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ഫ്രീലാൻസ് കണ്ടൻറ്​ റൈറ്ററായി പ്രവർത്തിക്കുന്നു.

Comments