അറിഞ്ഞിട്ടില്ലാത്തവയുടെ അനുബന്ധങ്ങൾ അടയാളപ്പെടുത്തിയ ഒരു ഭൂപടത്തിലെ ദിശാസൂചനകൾ ആധാരമാക്കി ടി.പി. വിനോദിന്റെ കാവ്യഭാവനയുടെ ദേശത്തിലൂടെ ഞാൻ അലഞ്ഞുനടക്കുന്നു. ഒട്ടേറെ വഴികളും സഞ്ചാരങ്ങളുമുള്ള യാത്രയാണിത്. ഒരു ലക്ഷ്യവും വ്യക്തമല്ലാത്തതിനാൽ ഈ യാത്രയ്ക്ക് എന്തെങ്കിലും ലക്ഷ്യമുണ്ടെങ്കിൽ അത് ഈ വഴികൾ മാത്രമാണ്. ""ദിശകളുടെ ദംശനങ്ങൾകൊണ്ട് അങ്കനം ചെയ്ത ചലനത്തിന്റെ അടയാളങ്ങളെ പിന്തുടരുകയാണ് ഞാൻ'' (ദിശ).
അകലങ്ങളെക്കുറിച്ചുള്ള ആകാംക്ഷയിലാണ് എന്റെ ഓരോ കാൽവയ്പുകളും. എന്തെന്നാൽ,
ഏറ്റവും വലുതും
ഏറ്റവും ചെറുതുമായ അകലങ്ങൾ
വാക്കുകൾക്കിടയിലാണ്
(അകലങ്ങളുടെ കവിതകൾ).
അന്നേരം ഞാൻ ഈ കവിതകളിലൂടെ നിന്നെ അറിയുന്നതെങ്ങനെ?
ചുറ്റിത്തിരിയുന്നവന്റെ ബയോ ഡാറ്റയിൽ അനേകം മനുഷ്യരായി പ്രത്യക്ഷപ്പെടുന്ന ‘ഞാൻ' എന്റെ ചില ബിരുദങ്ങളും കഴിവുകളും നിനക്കുമുന്നിൽ അക്കമിട്ടു നിരത്താം (ബയോ ഡാറ്റ).
‘നിന്നെയോർക്കുമ്പോൾ' എന്ന് കവിതയ്ക്കു ശീർഷകം നൽകുമ്പോൾ ശ്രമകരമായി ഓർക്കുന്നതിലെ കാപട്യം വേട്ടയാടുന്നു. അക്കാര്യം വെളിവാക്കുന്ന ചൂണ്ടുവിരൽചിഹ്നത്തിലേ ആ കവിതയുടെ ആദ്യവരി ആരംഭിക്കാനാകൂ (നിന്നെയോർക്കുമ്പോൾ). കാരണം,
എന്റെ
നിശ്വാസത്തിൽ
നിന്നുമുള്ള
അകലമാണ്
നിന്റെ
സുതാര്യത
(ചില്ല്)
സഞ്ചാരിയുടെ സത്യം ഒട്ടേറെ വ്യാഖ്യാനങ്ങളുടെ സാധ്യതകൾ മാത്രമാകുമ്പോൾ നമ്മൾ ഏതു സാധ്യതയെ തെരഞ്ഞെടുക്കും? വ്യാഖ്യാനരഹിതമായ കൂട്ടക്കുഴപ്പത്തിൽ നിങ്ങളുടെ നിലനിൽപ്പ് എവിടെയാണ്? (സത്യമായും ലോകമേ). നിങ്ങൾ ഒരു തടവറക്കുള്ളിലാണെങ്കിൽ അതിന്റെ പുറംചുവരുകൾക്കു നിങ്ങൾ തന്നെ ചായം പൂശുന്ന പ്രവൃത്തിയാണ് ഈ കവിതകളും നിങ്ങളും തമ്മിലുള്ള ബന്ധം (കവിതയും നിങ്ങളും).
പ്രകാശത്തെ ലക്ഷ്യമാക്കി സസ്യങ്ങളും സജീവവസ്തുക്കളും പടലപിരിയുന്നതുപോലെ ചെറിയ ജീവിതം ചിതറിയാണ് വിനോദ് ഈ ഏടുകളിലൂടെ വരുന്നത് (ഫോട്ടോട്രോപ്പിസം). വേദനയെക്കുറിച്ചു നിസ്സംഗമായി ഒരു അന്വേഷണംപോലെ ഓർമയുണ്ടോ എന്ന ചോദ്യത്തിൽ തളച്ച നമ്മുടെ നിർവികാര ജീവിതങ്ങളെ അഭിസംബോധന ചെയ്യാൻ (എന്നിട്ട് പറയുകയാണ്). ഉദ്ദേശ്യം, പ്രയോജനം എന്നിവയുടെ ശ്രേണിയിൽ മാത്രം ജീവിതത്തെ ക്രമീകരിക്കുന്ന നമുക്കിടയിലേയ്ക്ക് അയാൾ അനന്യമായ ചില വരികൾ എഴുതി അയക്കുന്നു. അറിയാവുന്ന ഭാഷയുടെ ലിപികളിൽ കണ്മുന്നിൽപ്പെട്ട ഏതോ വാക്ക് അറിയാതെ വായിച്ചുപോകുന്ന പ്രണയാനുഭവത്തിൽ (വായന). നമുക്ക് പ്രിയപ്പെട്ട ഒരാളെ കുത്തിവെക്കാൻ പ്രപഞ്ചം എന്ന നേഴ്‌സ് തിരഞ്ഞുപിടിച്ച ഒരു ഞെരമ്പുമാത്രമാകാം നമ്മുടെ ഉണ്മയുടെ പ്രയോജനവാദമെന്ന് ഓർമിപ്പിച്ചുകൊണ്ട്.
മൂവന്തിയുടെ മുൻഗണന രാത്രിയാകുന്നതുപോലെ ജീവിതം അതല്ലാകുന്നതിനെക്കുറിച്ചുള്ള വ്യഗ്രതയിൽ (മുൻഗണന). മഴയുടെ കലണ്ടറിൽ കഴിഞ്ഞകാലത്തിന്റെ മണങ്ങൾ ശ്വസിക്കാൻ (മഴയുടെ കലണ്ടർ). മെഹ്ദി ഹസ്സൻ മഴയുടെയും കാറ്റിന്റെയും നൂലിഴകളാൽ നേരത്തിന്റെ ഗസൽ നെയ്യുന്നതു കേൾക്കാൻ (ഗസൽ നെയ്യുന്നു). ത്രിമാനമായ യാഥാർഥ്യത്തിൽ കാണുന്നതിനും സംസാരിക്കുന്നതിനും എത്രയോ മുമ്പ് പരസ്പരമറിയുന്ന കാര്യങ്ങളുടെ 4 D പ്രിന്റുകളായ ചില സന്ദർഭങ്ങൾ കണ്ടെത്താൻ. മനുഷ്യർ വാക്കുകളായി മാത്രം ജീവിക്കുന്ന ചില സ്ഥലങ്ങളിൽ എത്തിപ്പെടാൻ (4 D PRINT-ജിഷ്ണുവിന്). അങ്ങനെയങ്ങനെ നിന്റെ കണ്ണുകളുടെ പദപ്രശ്‌നത്തിൽ കറുപ്പിച്ച കളത്തിലെ ചിത്രലിപിയായി ഞാൻ പരിണമിക്കും (പദപ്രശ്‌നം).
ഒട്ടും ഉപയോഗിതാസിദ്ധാന്തപരമല്ലെങ്കിലും നാം ഈ കവിതകളെ കേൾക്കേണ്ടതുണ്ട്. ഉപഭോഗത്തിന്റെയും വിനിമയത്തിന്റെയും മൂല്യങ്ങൾ മാത്രമുള്ള വിചാരങ്ങളിൽനിന്ന് മോചനം നേടിയ അയാളുടെ വാക്കുകൾ നമ്മുടെ ആകുലതകളെയും ആനന്ദങ്ങളെയും സർഗ്ഗപ്രഭയിൽ ജ്വലിപ്പിക്കുന്നതിനാൽ. മറ്റൊരു കാരണമില്ലെങ്കിൽക്കൂടി സൂക്ഷ്മഭാഷയ്ക്കുമാത്രം സാധ്യമായ പ്രത്യേകതരം തൊട്ടറിവുകളാണ് വിനോദിന്റെ വരികൾ. ഓരോ കാവ്യബിംബവും ഉണ്മയുടെ വേറൊരു സാധ്യതയാകുന്ന തിരിച്ചറിവുകളും. ആവശ്യങ്ങളല്ല ആഗ്രഹങ്ങളാണ് ഈ എഴുത്തിന്റെ ഉറവിടം.
എന്റെയും നിന്റെയും സ്‌നേഹത്തിൽ ഒരേ സമയം എത്രയെത്ര യാത്രകളാണ്! അങ്ങനെയാണെങ്കിൽ ഈ നഗരത്തിന്റെ ഊടുവഴികളിലൂടെ ഓട്ടോറിക്ഷയുടെ വളഞ്ഞുപുളയുന്ന കുലുക്കങ്ങളിൽ ഡ്രൈവറും യാത്രികനും ഇയർഫോണുകളിൽ കേൾക്കുന്ന പാട്ടുകൾ ഒന്നാകാൻ ഇടയുണ്ടോ?
സ്‌നേഹത്തിൽ,
സഞ്ചാരത്തിൽ,
സംഗീതത്തിൽ,
അല്ലെങ്കിൽ...
(അല്ലെങ്കിൽ)
അനുരാഗത്തിന്റെ അധോലോക ഭ്രമണപഥത്തിലെ അതീവരഹസ്യങ്ങൾ നമ്മുടെ ഈ നഗരത്തിനുണ്ട് (ചെരിവ് |ആഴം |കലണ്ടർ). മേലേക്കോ താഴേക്കോ ജയമെന്നും തോൽവിയെന്നും ഉറപ്പിക്കാനാവാത്ത സീസോയുടെ ആട്ടത്തിൽ സ്‌നേഹവും വെറുപ്പും കുട്ടിക്കളിയുടെ അടുപ്പം കാത്തുസൂക്ഷിക്കുന്ന പാർക്കുകൾക്കരികിലൂടെ നാം പോകുന്നു (സീസോ). വാസസ്ഥാനം ഭൂമിശാസ്ത്രത്തെ നിരാകരിക്കുന്ന അനുഭവങ്ങളിലൂടെയാണ് ഈ പ്രയാണം. ഓർമകളുടെ പ്രാഗ്ചരിത്രത്തിലൂടെ. നാമവിശേഷണങ്ങൾ നഷ്ടമായ ജീവിതവും പേറി ഇല്ലായ്മയിലേക്കു അൽപാൽപം ചോർന്നൊലിക്കുന്ന നമ്മുടെ നിലനിൽപ്പ്.
ഒരു സ്വപ്നത്തിൽ എന്റെ അപരനോട് സംഭാഷണം നടത്തുന്നതുപോലെയാണ് ഞാൻ വിനോദിന്റെ കവിതകളെ വായിക്കുന്നത്. കൂട് നിർമിക്കുന്ന പക്ഷിയുടെ ആത്മവിശ്വാസത്തിൽ അയാൾ വാക്കുകളുടെ ചുള്ളിക്കമ്പുകളും നാരുകളും അടുക്കിവെക്കുന്നു. പ്രേതഭാഷണങ്ങളിലൂടെ അനേകമനേകം ആത്മാവുകളായി ഞാൻ കുത്തിയൊലിക്കുന്ന രാത്രിക്കുശേഷം പകൽനേരത്തിന്റെ അഴിമുഖത്തിലേക്കു അടുക്കുമ്പോൾ അറിഞ്ഞിട്ടില്ലാത്തവയുടെ അനുബന്ധങ്ങൾ കൂടിയാണ് എന്റെ നിലനിൽപ്പ് (അറിഞ്ഞിട്ടില്ലാത്തവയുടെ അനുബന്ധങ്ങൾ). അനാഥത്വത്തെക്കുറിച്ചുള്ള സുഹൃദ്സംഭാഷണത്തിൽ ഈ രാത്രിയിൽനിന്നും ചുരണ്ടിയെടുത്ത ഇരുട്ട് നാളത്തെ പകൽവെളിച്ചത്തിനു മിച്ചമോ അധികച്ചെലവോ? അതോർത്തു ചിരിച്ചത് ചങ്ങാതിമാരായിരിക്കാൻ ഇടയില്ല; ഈ രാത്രിതന്നെയാകാം (ഇരുട്ട് -സുജീഷിന്).
ചുറ്റുമുള്ള സർവസാധാരണമായ കാഴ്ചകളിൽ പൊടുന്നനെയുണ്ടാകുന്ന വെളിപാടായി അയാളുടെ എഴുതൽ രൂപാന്തരം പ്രാപിക്കുന്നു. ഈ പട്ടണത്തിന്റെ ബസ് സ്റ്റോപ്പുകളിൽ, ചായക്കടകളിൽ, ഷോപ്പിങ് മാളുകളിൽ - എല്ലായിടത്തും - അയാൾ കവിത കണ്ടെത്തുന്നു. ചിരപരിചിതമായ നിർവചനങ്ങളിൽനിന്നും ആശയങ്ങളെ സ്വതന്ത്രമാക്കുന്ന പ്രക്രിയയാണ് വിനോദിന് എഴുത്ത്. വസ്തുക്കളിൽനിന്നും വേർപെടുന്നതോടെ വാക്കുകൾ കാത്തുസൂക്ഷിക്കുന്ന ഒരു നിശബ്ദത ഈ കവിതകളിലുണ്ട്. രുചിഭേദത്തിന്റെ ഒരു കവിത വായിക്കുമ്പോൾ ഉഴുന്നുവടയുടെ നടുവിലുള്ള ശൂന്യതയിലൂടെ ഞാൻ എന്റെ ജീവിതത്തിലെ അഭാവങ്ങളെയും നഷ്ടപ്പെട്ട പച്ചമുളക് എരിവറിവുകളെയും രുചിക്കാൻ ശ്രമിക്കുന്നു (ഉഴുന്നുവടയും ജീവിതവും). എന്റെ ദൈനംദിന ജീവിതാവസ്ഥകളെ നിത്യനൂതനമാക്കുന്ന ഭാവനയുടെ രസവാദവിദ്യ എപ്രകാരമോ അയാളുടെ പാചകക്കൂട്ടിലുണ്ട്.
ധ്യാനത്തെക്കുറിച്ച് ആലോചിക്കുമ്പോൾ കത്തുന്ന മെഴുകുതിരിയിൽ നിന്നും ഉരുകിവീഴുന്ന മെഴുകിന്റെ വഴുവഴുപ്പും മൗനവും വിനോദിനെ പേടിപ്പെടുത്തുന്നു (ധ്യാനവും ഞാനും). ഭാവന "യാഥാർഥ്യം' എന്ന് വിളിക്കപ്പെടുന്ന അനേകവിസ്തൃതികളിൽ ഉള്ളടങ്ങിയിരിക്കുന്നതിനാൽ കാവ്യപ്രചോദനത്തിനു മറ്റൊരിടത്തും - അതീന്ദ്രിയത്തിലും - അയാൾക്ക് ധ്യാനം കൂടാൻ പോകണമെന്നില്ല. അവസാനവാക്ക് എഴുതപ്പെട്ടതല്ലാത്തതിനാൽ കവിയെ സംബന്ധിച്ച് എല്ലാം എഴുതാനിരിക്കുന്നവയാണ്. ഭൗതികാതീതമായ എവിടെയോ ഉണ്ടെന്നു തെറ്റായി സങ്കല്പിയ്ക്കപ്പെടുന്ന ജീവിതത്തിന്റെ അർത്ഥങ്ങളും ആഴങ്ങളും ഇപ്പോൾ ഇവിടെ ഈ സന്ദർഭങ്ങളിൽ ഉണ്ടെന്നു കണ്ടെത്തുന്ന കവിയുടെ പാതകൾ. ഉറപ്പുകളുടെ മരിച്ച ലോകത്തിനുപകരം അസ്ഥിരമായവയുടെ ജൈവികതയിൽ നിലനിൽക്കുന്ന ഇച്ഛാശക്തിയാണ് വിനോദിന്റെ കവിതകൾ.
കുഴിമടിയുടെ പ്രചോദനത്തിൽ കവിതകൾ നിർമ്മിക്കപ്പെടുന്ന ഫാഷന് പ്രചാരമുള്ള അങ്ങാടികളിലാണ് അയാൾക്ക് എഴുതേണ്ടത്. ചെയ്തികളുടെ അഭാവമായ മടിയുടെ ശില്പമാകുന്നു ഓരോ കുഴിയും. ആഴത്തെ ഉന്നംവെക്കാത്ത കുഴിമടി കാവ്യശില്പങ്ങളും വിപണിയിൽ ധാരാളമുണ്ടല്ലോ (കുഴിമടി). ആലോചനയുടെ അഭാവത്തിൽ പൊടുന്നനെ പൊട്ടുന്ന ആവേശങ്ങളുടെ കുമിളകളാണോ കവിത എന്നയാൾ സംശയിക്കുന്നു. അപ്പോൾ വിനോദിന്റെ അനന്തയിലേക്കുള്ള നോട്ടം ഏറ്റവുമടുത്തുള്ള പിക്‌സൽ സൂക്ഷ്മതകളായി, ആറ്റൂരിന്റെ മരണവാർത്തയായി ടി.വി. സ്‌ക്രീനിൽ തെളിയുന്നു. മലയാളത്തിൽ മാത്രം സാധ്യമായ വേരുപടലങ്ങളുടെ, നാഡീപടലങ്ങളുടെ യാത്രകളായി ആറ്റൂരിനെ മനനം ചെയ്യുന്ന കവിയാണ് വിനോദ്. "വെളിച്ചത്തിൽ നിഴലിന്റെ സൂക്ഷ്മഭൂപടങ്ങളായി' ആറ്റൂരിന്റെ കാവ്യലോകം അയാൾക്ക് തൊട്ടടുത്തു നിൽക്കുന്ന ഒരു അനന്തതയാണ്.
കവിതയെ താങ്ങാനുള്ള മനക്കട്ടി എല്ലാവർക്കുമില്ല. ഭരണകൂടത്തിന്റെ അംഗീകൃതനുണകൾക്കെതിരെ സംസാരിക്കുന്നതിനാൽ കവിത എല്ലാക്കാലത്തും അധികാരികൾക്ക് അനഭിമതമായിരിക്കും. അതിനാൽ എന്തും എപ്പോഴും എവിടെ വച്ചും ആരോടും ആവിഷ്‌കരിക്കാനുള്ള നിങ്ങളുടെ ഭാഷ മൗനമാണ്. ഇതൊരു നിയമപരമായ മുന്നറിയിപ്പായി കണക്കാക്കുന്നതാണ് നിങ്ങൾക്കും കവിതക്കും നല്ലത് (ആവിഷ്‌കാര സ്വാതന്ത്ര്യം). വെടിയുണ്ടയെക്കാൾ ലാഭകരം ഗ്യാസ് ചേംബറാണ് എന്ന കണ്ടുപിടുത്തം നടത്തിയ നാസി പിതാമഹന്മാർ നമുക്കുണ്ട്. അവരുടെ വംശാവലികൾ വാഴുന്ന കാലത്ത് കവിതയിലെ പ്രണയം മരിക്കുമ്പോൾ വെടിയുണ്ടയുടെ തുളപ്പാടുകൾ കാണില്ല. പകരം ശ്വാസംമുട്ടി മേലാകെ മാന്തിപ്പൊളിച്ച പാടുകളുള്ള പ്രണയകവിതകൾ അനുവാചകർ വായിക്കേണ്ടി വരും (കവിതയിൽ പ്രണയം).
അണുബോംബുകൾ പൊട്ടിത്തെറിക്കുന്ന കാതുതകർക്കുന്ന ഒച്ചയിൽ, ഞെട്ടിപ്പിക്കുന്ന വെളിച്ചത്തിൽ മൊബൈൽ സ്‌ക്രീനിലെ ഹിംസയുടെ വീഡിയോ ലിങ്കുകളിൽ നാം തൊട്ടടുത്ത് എന്ന പദത്തിന്റെ ഭാഷാനിർമ്മിതിയുടെ ഉറവിടം തേടിപ്പോകുന്നു (തുരന്നടുത്ത്). ടി.വി. സ്‌ക്രീനുകളിൽ യുദ്ധപ്രതീകമായി മാറുന്ന ഏകദിന കായികമത്സരത്തിലെന്നപോലെ അധികാരം മതവും മുതലാളിത്തവും തമ്മിലുള്ള നീക്കുപോക്കുകളിൽ രസിക്കുന്നു (ഒരു ലോകകപ്പ് രാത്രിയുടെ ഡയറിക്കുറിപ്പ്).
കണക്കെടുപ്പുകൾ, അക്കങ്ങൾ, എണ്ണങ്ങൾ, ഉച്ചാരണഭേദങ്ങൾ എന്നിവയുടെ പെർമ്യൂട്ടേഷൻ മാറുന്നതനുസരിച്ചു മനുഷ്യരെ കാണുമ്പോൾ മനുഷ്യരാണെന്നു തോന്നുന്നത് കുറ്റകരമാണ്. ആ കുറ്റത്തിനുള്ള ശിക്ഷയുടെ കാലതാമസമായി നമ്മുടെ ദേശചരിത്രം മാറിക്കഴിഞ്ഞു. ഭയാനകമായ ഈ ലോകത്തിന്റെ ഒരു കോശമായ ഫോട്ടോസ്റ്റാറ്റ് കടയിൽ തടിച്ച ഗ്രന്ഥങ്ങളുടെയോ പൗരത്വരേഖയുടെയോ പകർപ്പിനായി പകയും അക്ഷമയും കലർന്നു ഞാൻ ക്യൂവിൽ ഊഴം കാത്തുനിൽക്കുന്നു (പകർപ്പ്). നിശബ്ദതയുടെ ഓഫീസിൽ ഥപ്, ക്ലിക്ക്, റ്റിഖ് എന്ന ചെറിയയിനം ശബ്ദങ്ങളിൽ നമ്മുടെ ആവിഷ്‌കാരങ്ങളും അനുസരണകളും അതിജീവനങ്ങളും (ശബ്ദരൂപേണ സംസ്ഥിതാ). അകാലമരണത്തിന്റെ അനുശോചനവേളകളിൽ നാം ഉചിതവും മിതവും സന്ദർഭാനുസാരിയുമായ വാക്കുകളുടെ പതിഞ്ഞ തെരഞ്ഞെടുപ്പിൽ നമ്മുടെ പേടിയെ തടുക്കുന്നു (വികസ്വരം).
കൊലയ്ക്കും കൊള്ളയ്ക്കും അകാരണമായ തടങ്കലിനുമുള്ള കുട്ടികളുടെ ലോകത്തെ പേടിസ്വപ്നങ്ങളാൽ നിറയ്ക്കാനുള്ള എല്ലാതരം മൗനാനുവാദങ്ങളെയും നമ്മൾ ജീവിതമെന്നു പേരിട്ടു. വെറുതെ മരിക്കുകപോലും ചെയ്യാത്തതിനെ ജീവിതം എന്ന് വിളിക്കണോ? (ജീവിതവും നമ്മളും). ചോറ്റുകലത്തിലെ അരിമണികളുടെ വേവാനുള്ള തിളയ്ക്കലിൽ ആരുടെയൊക്കെ കണ്ണീരാണ് എന്റെ മസിലുകളായി മാറുന്നത്? (മസിൽ മെമ്മറി). പ്രതിഷേധത്തിന്റെ കനലുകൾ എരിയുന്ന അടുപ്പുകളായി ചില കവിതകൾ ഈ സമാഹാരത്തിലുണ്ട്. രാജ്യാതിർത്തികളിൽ അതിരുകൾ ബാധകമല്ലാതെ വീശുന്ന കാറ്റുകൾപോലെ ആജ്ഞകളെ നിരസിക്കുന്ന ശബ്ദം വരികൾക്കിടയിൽ കേൾക്കാം (ഒരു അപ്രധാന ഉയിർപ്പ് കുറിപ്പ്, വീണ്ടും). ലോകം ഏകാധിപതികളുടെ ക്രൂരതകളിൽ ഇരുണ്ടുപോകുമ്പോൾ എതിർപ്പിന്റെയും ദുഃഖത്തിന്റെയും ഗാഥകളായി. കീഴ്പ്പെടുത്തലിൽനിന്നും ചരിത്രത്തെ തിരിച്ചുപിടിക്കാൻ അനീതികളെയും മർദനങ്ങളെയും കുറിച്ചുള്ള പൊതുവായ ഒരു ഓർമയായും. ജനാധിപത്യത്തിന്റെ ഭീതിദമായ നഷ്ടങ്ങളെയും അധികാരനിയന്ത്രണങ്ങൾ മറച്ചുവച്ച ചില കാര്യങ്ങളെയും കണ്ടുപിടിക്കാൻ ഭിന്നാഭിപ്രായങ്ങളുടെയും വിസമ്മതങ്ങളുടെയും രാസപരീക്ഷണശാലകളിൽ അയാളുടെ ഭാവുകത്വത്തിനു ശക്തിയുണ്ട്.
ഭൂഗുരുത്വത്തെ പരമാവധി ലംഘിച്ച് 45 ഡിഗ്രി കോണളവിലുള്ള ഒരു ക്ഷേപപഥത്തിലൂടെ പ്രതീക്ഷയുടെ പ്രതീകങ്ങൾ വിനോദിന്റെ കവിതയിൽ സഞ്ചരിക്കുന്നു. അപ്പോഴാണ് വിശപ്പ് എന്ന വാക്കിന്റെ വിമാനത്തിലേറി ഏണസ്റ്റോ ചെഗുവേരയുടെ ആകാശനോട്ടം മലയാളത്തിന്റെ ചുമരുകളിൽ ഉറക്കത്തിലും ഉണർച്ചയിലും പതിക്കുന്നത് (45°). ഗണിതത്തിലെ കോണളവുകളും ഗതികോർജ്ജത്തിന്റെ പ്രവർത്തനശക്തികളും സസ്യശാസ്ത്രത്തിലെ ചയാപചയചക്രങ്ങളും കല്പനാബിംബങ്ങളാകുമ്പോൾ വിനോദിന്റെ കവിത പുതിയ സംവേദനക്ഷമത കൈവരിക്കുന്നു. കഴിഞ്ഞുപോയവയുടെ തിരുത്തുകളും വരാനിരിക്കുന്നവയുടെ ആശങ്കകളുമായി ഈ കവിയുടെ രാഷ്ട്രീയ ആശയങ്ങൾ ഉടലെടുക്കുന്നു. ഈ പട്ടണത്തിലെ അതിരുകളും മതിലുകളും ഭേദിക്കുന്ന സഹവർത്തിത്വമാണ് അയാൾക്ക് കവിത. ഒരേസമയം കലാപവും സമാധാന ഉടമ്പടിയുമായി അയാൾ വരികൾ കുറിക്കുന്നു. അവ മാത്രമാണ് അയാളുടെ ജീവിതത്തിന്റെ തെളിവുകൾ. അതുമാത്രമാകാം ഈ എഴുത്തിന്റെ രാഷ്ട്രീയം. പ്രശ്‌നപരിഹാരം കലയുടെ ലക്ഷ്യമല്ലെങ്കിലും. കവിതകൊണ്ടു ആണവായുധങ്ങളെ നിർവീര്യമാക്കാൻ സാധിക്കില്ലെങ്കിലും. പരമാധികാരത്തിന്റെ കല്പനകൾക്കു വഴങ്ങാത്ത സർഗസ്വാതന്ത്ര്യത്തിന്റെ അവശേഷിക്കുന്ന മേഖലകളിലാണ് ഈ നടപ്പാതകൾ.
ലോകത്തിലെ ഓരോ ഭാഷയും ആവിർഭവിച്ചത് ഓരോ കാവ്യബിംബത്തിൽ നിന്നായിരിക്കണം എന്ന് കരുതാനാണ് എനിക്കിഷ്ടം. ഉച്ചാരണങ്ങൾ, വാക്കുകൾ, അക്ഷരമാലകൾ, വ്യാകരണനിയമങ്ങൾ എന്നീപ്രകാരം ക്രമാനുഗതമായി സമയത്തിന്റെ നേർരേഖയിൽ ഉരുത്തിരിയുന്ന ഒരു സാവകാശപ്രക്രിയ എന്നതിലുപരി ഒരു സന്ദർഭത്തിന്റെ പൊട്ടിത്തെറിയായി ഒരു ഭാഷ. ഗുഹാമനുഷ്യൻ ചക്രവാളത്തിനോട് ഉച്ചരിച്ച ആദിമമായ അത്ഭുതംപോലെ. നമുക്കുള്ളിലെ അപരിമേയതകളെ ഒരു നിമിഷത്തെ നിശ്ചലതയിൽ വെളിപ്പെടുത്തുന്ന അപൂർവതയായി. അപ്രകാരമുള്ള കവിതയുടെ ആയിത്തീരലുകൾക്കു നമ്മെ പ്രാപ്തരാക്കുന്ന ഒട്ടേറെ സാധ്യതകൾ ഈ സമാഹാരത്തിനുണ്ട്. കാതോർക്കുന്നവർക്ക് കേൾക്കാവുന്ന ഉയിരാട്ടങ്ങളുമായി.
കവിതകളുടെ നഗരത്തിലെ ഈ നാൽക്കവലയിൽ കല ഒരു ജീവിതാവസ്ഥയാകുന്നു. എന്റെ തൃഷ്ണകളുടെയും തകർച്ചകളുടെയും അവശിഷ്ടങ്ങൾ ഈ നഗരസമൂഹത്തിന്റെ പ്രതിസന്ധികളിൽ ചിതറിക്കിടക്കുന്നു. എങ്കിലും ഈ ആഖ്യാനത്തുടർച്ചയിൽ ആരും ഒന്നും പരിപൂർണമായി നഷ്ടപ്പെട്ടു പോകുന്നില്ല. സാധ്യതകളും പ്രതീക്ഷകളും അരങ്ങേറാൻ ഇടയുള്ള ഒഴിച്ചിട്ട ഇടങ്ങളും ഈ നഗരത്തിന്റെ മറുപുറത്തുണ്ട്.
അമൂർത്തതയുടെ അധ്യായങ്ങൾക്ക് ഒന്ന്, രണ്ട് എന്ന മൂർത്തമായ സംഖ്യാക്രമം നൽകുമ്പോൾ ഈ പുസ്തകത്തിന്റെ പിൻചട്ടയിലെ ബാർകോഡുപോലും അമിതപ്രശംസയല്ലേ എന്ന് നിങ്ങൾക്ക് ന്യായമായും സംശയിക്കാവുന്നതാണ് (സംശയസാഹിത്യം). അതിനാൽ ഈ നഗരപ്രദിക്ഷണം തത്കാലം നിർത്തിവെക്കാം. കൂടുതൽ ദിശകൾ പെരുകുന്ന വിനോദിന്റെ കാവ്യഭൂമികയിലൂടെ മറ്റു വായനക്കാർ അവരവരുടെ ‘ഞാൻ' നടത്തങ്ങളിലൂടെ പുതിയ ഭൂപട നിർമിതികൾ ആവിഷ്‌കരിക്കും എന്ന ഉറപ്പോടെ.
(ഡി.സി. ബുക്‌സ് പ്രസിദ്ധീകരിക്കുന്ന, ടി.പി.വിനോദിന്റെ ‘സത്യമായും ലോകമേ' എന്ന കവിതാസമാഹാരത്തിന്റെ അവതാരിക)▮