എം.ആർ. രേണുകുമാർ

റ്റമുറിയുടെ ഭിത്തിയിൽ
ആണി തറച്ചൊരു കണ്ണാടി
അമ്മ തൂക്കിയിരുന്നു

കുളികഴിഞ്ഞ അപ്പൻ
കണ്ണടച്ച് എവിടെനിന്നും
വിരലുകൊണ്ട് മുടികോതും

അപ്പന്റെ മരണം
മുടി ചീകുകയോ
പൊട്ടു തൊടുകയോ
ചെയ്യുന്ന അമ്മയെയും
കൂട്ടിക്കൊണ്ടുപോയി

കണ്ണാടിയിൽ
കാണുവോളം
പൊക്കംവെച്ചതോടെ
ചേച്ചിപ്പെണ്ണിന്റെ ഒരുക്കം
അതിന് മുന്നിലായി,
അതുവരെയവൾ
മുഖം നോക്കിയിരുന്ന
അമ്മക്കണ്ണാടി
പൊട്ടിപ്പോയി

പൊക്കം വെച്ചതോടെ
എന്റെ മുടിചീകലും
കുരുവിക്കൂടും
മീശനോക്കലും
കാര പൊട്ടിക്കലും
അതിന് മുന്നിലായി

കണ്ണാടിയിൽ കാണാൻ
ഞാനും പെണ്ണും
വഴക്കിടുമ്പോൾ മാത്രം
"ഇതിപ്പോ ഞാൻ
പൊട്ടിച്ചുകളേമെന്നു'പറഞ്ഞ്
അമ്മ കണ്ണാടിയുടെ
പുറകിൽ തെളിയും

താറാവുകാരനുമായി പ്രേമിച്ചുപോയപ്പോൾ
പലതുമെടുത്ത കൂടെ
പെണ്ണ് കണ്ണാടിയുമെടുത്തു,
അപ്പൻ വാങ്ങിക്കൊടുത്ത
കണ്ണാടിയായിരുന്നിട്ടും അമ്മ മറുത്തൊന്നും പറഞ്ഞില്ല

കണ്ണാടി പോയിട്ടും
അതിരുന്നിടത്ത്
പോയിനിന്ന് മുടിചീകുന്ന
എന്നെനോക്കി അമ്മ ചിരിക്കും,
പക്ഷേ മുടിചീകാൻനേരം
എന്റെ കാലുകൾ
എന്നെ അങ്ങോട്ടുതന്നെ
കൂട്ടിക്കൊണ്ടുപോയി

മൂന്നുസെന്റിന്റെ
തെക്കുകിഴക്കേമൂലയിൽ
അപ്പനോട് മിണ്ടിയും പറഞ്ഞും
കിടക്കാവുന്ന മട്ടിലാണ്
അമ്മയെയും അടക്കിയത്

അപ്പനും അമ്മയും
പെണ്ണുമില്ലാത്ത വീട്
എനിക്ക് വീടായി തോന്നിയില്ല,
പട്ടടയിലേക്ക് ചാഞ്ഞ
മാവിന്റെ കൊമ്പിൽ
ഒരു ഊഞ്ഞാലുകെട്ടി
അപ്പനിൽനിന്ന് അമ്മയിലേക്കും
അമ്മയിൽനിന്ന് അപ്പനിലേക്കും

ഞാനാടാൻ തുടങ്ങി.


എം.ആർ. രേണുകുമാർ

കവി, ചിത്രകാരൻ, വിവർത്തകൻ. ഓഡിറ്റ് വകുപ്പിൽ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ. ഞാറുകൾ- മലയാളത്തിലെ ദളിത്​ കഥകൾ, പച്ചക്കുപ്പി, വെഷക്കായ, മുഴുസൂര്യനാകാനുള്ള ശ്രമങ്ങൾ, കൊതിയൻ തുടങ്ങിയവ പ്രധാന കൃതികൾ.

Comments