പൊറകോശത്ത്,
അച്ചായി കക്കൂസിന്
കുഴിയെടുക്കുന്നതിനിടയിൽ
പിക്കാസ് തട്ടി കേട്ട മുഴക്കത്തിനുപിന്നാലെ
നാഷണൽ ന്യൂസ് വീട്ടിലേക്ക് കേറിവന്നു.
തെക്ക്,
കൈമാറ്റം ചെയ്യാൻ പാടില്ലാത്ത
പറമ്പിലൊരു ‘കല്ല് നിലവിളിച്ചെന്ന്’
തടിച്ച അക്ഷരത്തിൽ
സ്ക്രോൾ ചെയ്തത്,
പടർന്നു.
വടക്ക്,
തൈര് വടയ്ക്ക് ചുറ്റുമിട്ട-
കസാരയൊരു തീരുമാനത്തിലെത്തി,
‘നിലവിളിക്ക് മുഖം കൊടുക്കുക’
കുറ്റിക്കാരനും മേസ്തിരിയും മെക്കാടും
മതില് വളച്ചു കെട്ടി,
കൊല്ലൻ മുനകാച്ചി
മണിയനും ഒരു കൂട്ടം വിശ്വവർമ്മന്മാരും കൂടി
ഉളി ഉരച്ച്
കല്ലിന്റെ നീണ്ട താട അകത്തേക്ക് കൊത്തി
ഉന്തിനിന്ന കവിളെല്ലുകൾ നികത്തി
ചെവി ചൊരണ്ടി ചെറുതാക്കി
തടിച്ച മൂക്ക് ഉരുട്ടി, തടിച്ച ചുണ്ടുകൾ മുറിച്ച് പാതിയാക്കി
മുഖത്ത് പലയിടങ്ങളിലായി കിളിച്ച
രോമങ്ങൾ ഉരച്ചുകളഞ്ഞു
നെറ്റിയിലേക്ക് ഇറങ്ങിനിന്ന
ചുരുണ്ട മുടി സ്ട്രേറ്റ് ചെയ്തു
ശേഷം,
ശുദ്ധികലശം.,
ചാണകം തളിച്ച്
പട്ടുതട്ടം കൊണ്ട് മുഖം മൂടി
ഉള്ളുള്ളൊരു ഭണ്ഡാരം വെച്ചു.
ദൈവകോപമുണ്ടാവാതിരിക്കാൻ
കുറ്റിക്കാരനേം മേസ്തിരിയെം മെക്കാടിനേം കൊല്ലനേം മണിയനേം ആശാരിയേം മൂശാരിയേം ഞങ്ങളേം അടിക്കണക്കിന് പറമ്പിന്നിറക്കി;
‘ശ്രീകോവില് പൂട്ടി’
എന്തോ…
പിക്കാസിനെ വെറുതെവിട്ടു.
ഒരിക്കലും കൈമാറ്റത്തിന് ഒക്കുകേലാന്ന്
കോടതി പറഞ്ഞ മണ്ണിലേക്ക് നോക്കി,
വിശ്വാസിയായ
അച്ചായി
കൈക്കൂപ്പി ചിരിച്ചു,
സ്ഥിരം മുള്ളിയിടത്ത് ആള് തിക്കാൻ
പോണെന്റെ കൗതുകത്തിൽ
ഞാനും;
വിശ്വാസി അല്ലാത്ത
അമ്മ,
പറമ്പിലേക്ക് തിരിച്ച് കേറാൻ, തിണ്ണേൽ തൂക്കിയ
കോട്ടിട്ട ബുദ്ധന്റെ ചിത്രം പൊതിഞ്ഞെടുത്തു.
ദോഷം പറ്റാണ്ടിരിക്കാൻ
പട്ടയം ദൈവത്തിന് എഴുതി,
ഉണ്ടായിരുന്ന ചില്ലറ ഭണ്ഡാരത്തിലിട്ട്
ഞങ്ങളാ
പത്തുസെന്റിൽ നിന്ന്
ദൈവമില്ലാത്ത
പറമ്പിലേക്ക് നടന്നു.