മായ്ക്കൽ

ചൈത്രങ്ങളൊഴിഞ്ഞു
ഈ കിഴക്കൻ ചായ്പ്പാകെ
എറിഞ്ഞുവീണവയുടെ
ചുരുണ്ടു കിടപ്പിന്...
വിശാലം...
ഇനിയും, ഏതൊക്കെആരൊക്കെ?
നിരന്തരവിചാരണകളുടെ നിത്യോഷ്ണം ....

അവർ,
കുന്നുതാഴങ്ങളിൽ മറിഞ്ഞുവീണ
അങ്കലാപ്പിരുട്ടിലേയ്ക്ക്
ഇറ്റാതെനിന്ന വെളിച്ചത്തിനെ ഉരുട്ടി ഉഴിഞ്ഞെടുത്ത്
ഏഴൂഴി ആഴിയാകാശങ്ങളിൽ വച്ചതിനാലാവാം....

അരുണമലകളുടെ
അടരുകളിൽനിന്ന് നിരങ്ങിവീഴുന്നു;
അവ്യക്തകളിൽ നിരയിട്ടുനിന്ന
ഭാവപരവശതകളുടെ
ചരിത്രാംഗിളുകളിൽ നിന്നും പരതിയെടുത്ത്
കരുതലുമ്മയാൽ അവയെ കുടിവച്ച കാലം,
അമരുന്നു, അതിന്റെ അറകളിൽ
ഭീതിതമായ തണുപ്പ്...

‘ചെയ്യല്ലേ...’ എന്ന്
ഒറ്റയൊറ്റയൊച്ചകൾക്ക് അരുംപകലിലും വെള്ളിവീഴ്ച്ച…
ഭീമൻ മരങ്ങളുടെ കൊഴുത്ത പോടുകളിൽ
പിന്നത് നേർത്ത് താഴ്ന്നു;
വടിവറ്റ ഒരുപ്രാണീമൂളക്കം...

കൂട്ടങ്ങളാകാൻ,
ഇണങ്ങിപ്പിണങ്ങാൻ
കട്ടികല്ലുകളിൽ കൊത്തി വിയർത്ത്, മയങ്ങി മദിച്ച്
തുടർന്ന് ...
തൂവൽത്തലപ്പാവിൽ തുടങ്ങിയ ഭ്രമവാഴ്ച്ചകളുടെ
നൂറ്റാണ്ടു പോരുനേട്ടങ്ങൾ കഴിഞ്ഞു.
ഒടിഞ്ഞ ചെങ്കോലുകളുടെയും
രാജവില്ലുകളുടെയും തുഞ്ചത്ത്
വാഗ്ദത്ത ഡെമോക്രസിയുടെ
ഫാബ്രിക്ക് പശയിൽ മുങ്ങി ഉണങ്ങി -
ഉയരപ്പതാക;
പൊയ്മാനം പശ്ചാത്തലം
നടുകേ ബോധിയിളംതണ്ടിന്റെ
നീലക്കൊടും നീർവറ്റിയ ആരക്കാലടുക്കുകൾ
പെരുങ്കാറ്റിലാടും ചാക്രികദൂതിൻമേൽ
കലിംഗത്തിലെ ആഭ്യന്തര പോരുതേരൊച്ച ...
മുരൾച്ച.

അതേറ്റിപ്പോകാതെ വയ്യ...
അയഞ്ഞ ഇടതു ചൂണ്ടുവിരൽകളിലെ
വയലറ്റുപുള്ളികളിൽ
തിരിഞ്ഞും മറിഞ്ഞും
ശയ്യയൊഴിയാത്ത അഞ്ചഞ്ചഞ്ച്.... ശരവർഷങ്ങളുടെ തേളിഴയൽ.
അതിതാന്ത്രികതയുടെ ടാറ്റൂ സൂചികൾ.

പലപിടി കുത്തിരുട്ടായിരുന്നു ചരിത്രമെന്ന്
പല നിറങ്ങളുടെ വർത്തമാനവട്ടമിരിപ്പ്
'അങ്ങനെയല്ല അങ്ങനെയല്ല'
നൂറ്റാണ്ടുമുന്നേ മലയിറങ്ങിയ ഒരു പുഴ
അതിന്റെ കുളിർക്കൽ ചെപ്പേടുമായി അണച്ചു …
ജനപദ- സാമ്രാജ്യങ്ങൾ
പടവിപ്ലവങ്ങളിൽ നിന്നും ഉലഞ്ഞുവരുന്നു,
ആവൂ എന്നൊരു മുങ്ങാംകുഴിയ്ക്ക്
വീതിയിൽ വിരിഞ്ഞ ഓളലാളനയുമായി അത്.
കടവുകളിൽ കാത്തുനിൽക്കുന്നു.
ഭൂമിയോട് അനുസരണ കാട്ടിയ ഋതുവടക്കം.
ഓമൽമഴ ... മിന്നുവെയിൽ.

സൂര്യഭൂമികളുടെ സംതുലകാലത്ത് നീരണിപാട്ടുകളുമായി കാളിദാസപ്രിയ വിപ്രലംഭമേഘങ്ങളെ തടുത്തുകൂട്ടി
പ്രണയഭരിതമായ തുടിയാകാശം.
കാട്ടുകൊടുംചായപ്പകർച്ച,
അതിനുകീഴെ
ഈ കിഴക്കൻ മണ്ണൊരു ജലഛായാപടമായി
അതിന്റെ നടുക്കളത്തിൽ ഭരതയാട്ടം
വക്കിൽ ചാണക്യസൂത്രം.
കുന്നുചായ്‌വിൽ ഊറിനിറയുന്നു മുനിധ്യാനമൂളക്കം.
ശിഖരങ്ങൾക്കിടയിലെ നക്ഷത്രചൂട്ടും വീശി
ഉറക്കഴിഞ്ഞ ആലോചനകൾ.
ബഹിരാകാശപ്പേച്ചിനിറങ്ങി ...
ദൈവമൊഴിഞ്ഞുപോയ
അകൽഗോളങ്ങളിലെ അടിച്ചുതളികൾ.

‘‘ചരിത്രമേ ... പെരുതാംയുദ്ധകാലമേ...’’
എന്നൊരു വിളിയിലൊതുങ്ങിയില്ല
മഗല്ലൻ കടലിടുക്കിന്റെ
ഒരുപാട് തിരയിപ്പുറേ
തുരുമ്പിച്ച അഞ്ചു കപ്പൽകിനാക്കൾ
ഭൂഖണ്ഡാന്തര ചാഞ്ചാട്ടമായി.
ഇബ്നത്തൂത്തയുടെ
എഴുപത്തിമൂവായിരം മൈലുകൾ
അളവറ്റ പ്രകാശദൂരാതിശയത്തിൽ ...
ഗാമയ്ക്കുപുറകേ… പുറകേ..
പഴമരങ്ങൾ പൂക്കുലകൾ നീന്തിയുലഞ്ഞു.
നീറ്റു - കാറ്റുകൾ കടന്ന് അങ്ങോട്ടേയ്ക്കടങ്ങിയ
എരി -വ്യജ്ഞന സുഗന്ധങ്ങൾ.
തിങ്കൾ ചേല് നേരത്തേ വട്ടമൊത്ത മൈലാഞ്ചിയന്തിയിൽ
നക്ഷത്രമിന്നായം പോലെ മുഗൾറാണിമാരുടെ ചാരുതയസുലഭത!

ഭൂപടശൃംഖങ്ങളിലെ ചമയരഥങ്ങൾക്കപ്പുറം
ചരിത്രത്തിന് സൗമ്യമായ സമാന്തര നടപ്പുകളുടെ വീര്യക്കരകൾ
ഉപ്പുതിരകളിൽ അതിന്റെ നനുപ്പുള്ള കിതകളുടെ ആവർത്തനം
1930- എന്ന ഒറ്റരസചേരുവയിട്ട
ദണ്ഡിയിലെ കൊച്ചു ഗ്രാമക്കടൽ
ഇളകിയിളകി എന്നേയ്ക്കും
രുചിക്കിടിലമായി.
എല്ലാത്തിനും
ചരിത്രവാഹികളായ എട്ടുദിക്കുകളുടെ സാക്ഷ്യം.
നിശ്ചലചിത്രങ്ങളുടെ
വിശദമായ ചരിത്രപൂരണം
അടുക്കറ്റ കവിതകൾ
കാലം കവിഞ്ഞു വികാരാധീനരാവുമ്പോൾ അലച്ചുണരും
സമിശ്രരസങ്ങളെ വഴക്കിവച്ച അറുപത്തേഴു
ചാരു കലകളുടെ ആട്ടപൂരണം;

എന്നിട്ടും, അതിരുകളിൽ കാവലൊഴിയും വരെ
ഗോഡ്സെയുടെ ഉന്നത്തിനും
ഗാന്ധിയുടെ റാംജപത്തിനും ഇടയ്ക്കുള്ള
പെരുംശൂന്യ നിമിഷങ്ങളിൽ പതിയിരുന്ന
സായന്തനഭൂമിയുടെ ഒളിഫ്ലാഷിനോടൊപ്പം
നിസ്സഹായതകൾ കരയുന്നു.
സബർമതിയുടെ ഈറൻ മതിൽക്കെട്ടിനുള്ളിൽ
ബലമുള്ള ഉച്ചവെയിൽക്കൊട്ട് കേൾക്കാനുണ്ട്.
സന്ധ്യാവിതുമ്പലോടെ ഭൂമിയുടെ നീളത്തോളം
നമ്രപാവമായ പച്ചകൾ
അതിന്റെ പുരാലോലതകൾ
അഴിഞ്ഞുപോകുന്നു.
എഴുമുഴംകോട്ടകളുടെ മുറുക്കനെയുള്ള
ഞൊറിച്ചുറ്റൽ.
മാർദ്ദവമായ പ്രേമയോർമ്മകളുടെ അടിയിൽ
താജ് .... താജ് ...
എന്നവളുടെ അമ്പിളിക്കവിളിലെ പെരും കണ്ണീർ.
വെണ്ണക്കല്ലിടയിൽ താഴ്ന്നിരുന്ന് ഏഴത്ഭുതമായി
അതിനെ എഴുതിയവന്റെ തഴമ്പുവിരൽ ചതയുന്നു.
സംഭരണമേവിധം?
പോകപ്പോകെ അറകൾ ഒഴിയുന്ന
ചരിത്രത്തിന്റെ ഇടർച്ച
തൂകിപ്പോയവർക്ക്
വഴിയിറമ്പിൽ ഓട്ടക്കരിമ്പടമിട്ട സ്മാരകങ്ങളത്ര
വെറുതെയാകില്ല
ബോധവബോധങ്ങളിനി
പാൻ ഒപ്റ്റിക്കോണിലെ
നൂറ്റിനാൽപ്പത്തൊന്നു
കോടിക്കുഴികളിൽ…


Summary: Maaykkal malayalam poem by Sujitha CP


സുജിത സി.പി.

കവി. വയനാട് തലപ്പുഴ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ അധ്യാപിക. ഭൂമിയ്ക്കുമെനിക്കുമിടയിലെ രഹസ്യങ്ങൾ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments