മിത്ര നീലിമ

മടങ്ങിപ്പോകുന്നവരുടെ
ആകാശം

അന്ന് പുലർന്നെണീച്ച വശം
ഉണ്ടാക്കിയ
പുളിശ്ശേരിയും
ഇഞ്ചിക്കറിയും പച്ചടിയും
മാങ്ങാക്കറിയും
അടുപ്പ് പാതകത്തിൽ
ഭദ്രമായി ഇരിപ്പുണ്ടായിരുന്നു.

എല്ലാം ഒന്ന് അടുക്കിപ്പെറുക്കി വെച്ച്,
“ബാക്കി നാളത്തേക്കാവാം…”
എന്നു കരുതി,
അമ്മയെ കാണാൻ
ഒന്ന് ഓടിപ്പോയിവരാമെന്ന്
കരുതി പോയതാണ് അവൾ.

അടുക്കളയിലെ ചൂടുള്ള അടുപ്പ്…
അവളുടെ കൈകളുടെ ചൂട് മാറാത്ത
പാത്രങ്ങൾ…
എല്ലാം മാറ്റമില്ലാതെ
അതേപടി തന്നെയുണ്ടായിരുന്നു.

ചെന്ന് കയറിക്കൊടുത്തെന്ന പോലെ
വലിയൊരു ഭൂതത്താൻ
വായും പിളർന്ന്
പെട്ടെന്നാണ് വന്നത്.

ഒരു തരം വിളറിയ
മേഘങ്ങളായിരുന്നു
അന്നത്തെ ആകാശം നിറയെ.

ചിറകുകൾ മുളച്ചു
പെട്ടെന്നവളങ്ങു
പറന്നുപോയി.

പാവം!

അമ്മയുണ്ടാക്കുന്ന
രുചികൾ
ഇനി ഉണ്ടാവില്ലല്ലോ
എന്നോർത്തു
ഒരു പെൺകുട്ടി
കണ്ണ് തുറിച്ചപടി ഇരുന്നു.

ഒരുവൾ മരിക്കുമ്പോൾ
അവൾ മാത്രമല്ല
മരിച്ചുപോകുന്നതെന്ന്
അന്നേരം തൊട്ട്
അവൾക്കറിയാം.

ഒരു പ്രത്യേക മണം…
“കഴിച്ചോ…’’
എന്നു ചോദിക്കുന്ന
ഒരൊച്ച.
വാതിൽക്കൽ
കാത്തുനിൽക്കുന്ന
സ്നേഹം…
എല്ലാം ഒന്നിച്ച്
മരിച്ചുപോകും.

തോർത്ത് മുണ്ട്
വായിൽ തിരുകി
അവളുടെ ഭർത്താവ്
വല്ലാതെ കരഞ്ഞു.

കരച്ചിലിനിടയിൽ
അവളുടെ പേര്
പാതിയിൽ
മുറിഞ്ഞുപോയി.

അവൾ
അനങ്ങാതെ കിടക്കുന്നുണ്ട്.

വീണ്ടും വീണ്ടും
പെണ്ണുങ്ങൾ ഇങ്ങനെ
ബാക്കിയാക്കി
മടങ്ങുന്നതെന്തിനായിരിക്കും?.

ഒരു നിമിഷം കൊണ്ട്
വീടിനെ
ഓർമ്മകളുടെ ഒരു സ്മാരകമാക്കി
അവർ മാറ്റിക്കളയും.

നെയ്പ്പായസ"ത്തിന്റെ
കഥ മോളോട് പറഞ്ഞ
പിറ്റേന്നാണ് ഞാൻ
ടാങ്കറിടിച്ചു മരിച്ച
ഒരു സ്ത്രീയുടെ
മരണവർത്തമാനം കേട്ടത്.

മകൾ
ഭർത്താവ്,
ഭാര്യ
ഒരു മുറിക്കുള്ളിൽ
ത്രികോണാകൃതിയിൽ
അവർ മൂന്നുപേരും കിടന്നു.
മൂന്നുപേരും ഒരുമിച്ചങ്ങനെ
കിടന്നിട്ട് എത്ര വർഷങ്ങളായി.
അവളുടെ മുഖത്തൊരു
ഗൂഢസ്മിതം!

അമ്മയുടെ രുചികളെ ഓർത്തു
സങ്കടപ്പെടുന്ന പെൺകുട്ടി.

അവളുടെ സ്നേഹശാസന
ഓർത്തു
വിങ്ങുന്ന പങ്കാളി.

ഇതൊന്നും കൂടാതെ,
അവളുടെ വിയർപ്പിന്റെ
മണമോർത്ത്
കിതച്ചുപോകുന്ന
ഒരാൾ കൂടി
മരിച്ചടക്കിനുണ്ടായിരുന്നു.

അവൾ എല്ലാവരാലും
സ്നേഹിക്കപ്പെട്ടു.

അവൾ ഉണ്ടായിരുന്നപ്പോൾ
അറിയാതിരുന്ന എന്തോ ഒന്ന്
അവളുണ്ടാക്കിയ ശൂന്യതയിൽ
ഉണ്ടെന്ന്
അവർ ഇപ്പോൾ
അറിഞ്ഞുതുടങ്ങുന്നുണ്ട്.

അവൾക്ക്
നിലാവുണ്ടായിരുന്നു.
മഴയുണ്ടായിരുന്നു.
മഞ്ഞുണ്ടായിരുന്നു.
അവൾ നട്ടുവളർത്തിയ
പൂക്കളുണ്ടായിരുന്നു.

അങ്ങനെ
എന്തെല്ലാമോ
അവൾക്ക്
സ്വന്തമായുണ്ടായിരുന്നു.

അവൾ
മരിച്ചുപോയെന്ന് പറയുന്നത്
എത്ര എളുപ്പമാണ്.

മരിച്ചുകിട്ടുന്ന
സ്വാതന്ത്ര്യം
അളവില്ലാത്തതാണ്.

അവിടെ
അതിർത്തികളില്ല.
തർക്കങ്ങളും ഇല്ല.

ജീവിച്ചിരുന്ന കാലത്തേക്കാൾ
കൂടുതൽ ആഴത്തിൽ
ജീവിച്ചുകൊണ്ട്
അവൾ സ്വതന്ത്രയായി
അവിടെത്തന്നെ
ഉണ്ടാകുന്നുണ്ട്.

അവൾക്കിപ്പോൾ മുൻപത്തെക്കാൾ
തെളിമയോടെ. എല്ലാം കാണാം.
മടങ്ങിപ്പോകുന്നവരുടെ
ആകാശം വലുതാണ്.

അവൾ
ആത്മഹത്യ ചെയ്യപ്പെട്ട
ആത്മാവാണെന്ന്
തൽക്കാലം
ആരും അറിയണ്ട.

Comments