നാലു പതിറ്റാണ്ടുമുമ്പ് നിൻ പൊൻകവിൾ
ഞാനൊന്നു തൊട്ടത് ഇന്നോർമ്മിപ്പിക്കെ,
""ഇത്തിരികൂടി പ്രതീക്ഷിച്ചു ഞാൻ''എന്നു
പൊട്ടിച്ചിരിക്കുന്ന കൂട്ടുകാരീ,
ഞാനെന്തു ഭീരു! നിൻ ഗൗരവം കണ്ട്
അന്നു മാനം ഭയന്ന് എഴുന്നേറ്റുപോയി.
ഇന്നിതാ, ജീവിതസന്ധ്യയിലിങ്ങനെ
പിന്നെയും കണ്ടുമുട്ടുന്ന നമ്മൾ
ആർത്തിരമ്പുന്ന നഗരത്തിലെ
കൊച്ചുഹോട്ടലിൽ കാപ്പി കുടിച്ചിരിക്കെ,
ആ നിമിഷത്തിന്റെ നീലത്തടാകത്തിൽ
ആകാശമല്ലോ തെളിഞ്ഞുകാണ്മൂ. ▮


ബാലചന്ദ്രൻ ചുള്ളിക്കാട്

കവി, നടൻ. പതിനെട്ടു കവിതകൾ, അമാവാസി, ഗസൽ, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ (സമ്പൂർണ സമാഹാരം), ചിദംബര സ്മരണ എന്നിവ പ്രധാന കൃതികൾ. ജി. അരവിന്ദന്റെ ‘പോക്കുവെയിലി’ൽ നായകനായിരുന്നു.

Comments