പത്​മനാഭൻ കാവുമ്പായി

പേറ്റിച്ചിത്തങ്കം

‘പേറ്റിച്ചിത്തങ്ക'ത്തെയോർത്തിടുമ്പോൾ
പെറ്റെണീക്കുന്നമ്മയൊന്നുകൂടി.
എത്രയോ കേട്ടതാണെങ്കിലുമി -
ന്നിഷ്ടമാണക്കഥയെന്തുകൊണ്ടോ .

‘‘പതിനാറാം നാളന്നു, കോളിനൊപ്പം
പാതിരക്കാറ്റുമിരച്ചു കേറി
ചുളുചുളെ കുത്തുന്ന വേദനയാൽ
എരുദാഹമേറി കരച്ചിലായി.

പതിവുപോലന്നും ഞാൻ പുല്ലരിഞ്ഞു
തലയിലേറ്റിക്കൊണ്ടു വന്നിരുന്നു.
വെള്ളരിക്കണ്ടത്തിൽ കാൽവഴുതി
ഒന്നിരിക്കും പോലെ വീണിരുന്നു.

കാരണമങ്ങനെയോർത്തിടുമ്പോൾ
വാതിൽ തുറന്നു വന്നാങ്ങളയും.
‘ഞാനിപ്പം കൊണ്ടരാ'മെന്നവനും
ഞെക്കു വിളക്കും മറന്നു പാഞ്ഞു.

കൂരിരുളിന്റെ പുതപ്പിനുള്ളിൽ
പേമാരിയൊച്ചയിൽ കാതു ചേർത്തു
ജീവജാലങ്ങളുറങ്ങിടുന്നാ-
രാവിൽ ഞാൻ മാത്രം പുളഞ്ഞിടുന്നു.

നേരം പുലരുന്നതിന്നു മുമ്പെ
ഓരെ,ത്തി ഞാലിയകത്തു കേറി
ആറുവാനിട്ടൊരാ ബ്‌ളൗസെടുത്തു
ഈറനും കൈലിയും മാറ്റിയോള് .

‘എള്ളരിഞ്ഞി,ത്തോടിടിഞ്ഞടിഞ്ഞു
കൈത്താങ്ങി, പാല,മൊലിച്ചുപോയി
എങ്കിലും മിന്നൽപ്പിണരിൽ തൂങ്ങി
ആടിക്കടന്നിവനൊത്തു ഞാനും'

ഓരോന്നുറക്കെ പറഞ്ഞു തങ്കം
‘സാരമില്ലെ'ന്നെന്റെ നെറ്റി തൊട്ടു.
ആ വിരൽ തൊട്ടപ്പൊളത്രമാത്രാ -
പ്പാതിരാപ്പോതിയെ ഞാനറിഞ്ഞു.

കാറ്റിലൊരൊച്ച നിറഞ്ഞു കേട്ടു
വാതിൽകരഞ്ഞു, വിളക്കു കെട്ടു,
ചോരയൊലിച്ചു പുടവപൂത്തു
വേദനിച്ചമ്മയെ ഞാൻ വിളിച്ചു.

‘മോനാണ് ലക്ഷ്‌മേട്ത്തി,യിക്കുറിയും
നാളോർക്കിലേറുമനുഗ്രഹവും
മുത്താണീമക്കളാം സ്വത്ത് ' ചൊന്നു
നെറ്റിയിലുമ്മ-പതിച്ചു തങ്കം.

‘നീ തിന്നവെയിലീ,നഖങ്ങൾ നോക്കു'
ഇരുളിലുമോർമ്മ പറഞ്ഞു തങ്കം.
‘ഇനി വരുന്നാണ്ടൊരു മോൾ പിറക്കും
അതുമെന്റെ കൈകളിൽ പൂത്തിറങ്ങും.'

രാക്കണ്ണു കാണുന്ന തങ്കമപ്പോൾ
നോക്കിയതെന്റെ മുഖത്തു തന്നെ,
കേൾക്കുന്ന വാക്കിലുരയ്ക്കുമാളിൻ
നാക്കല്ല, നോക്കിന്റെ തീർച്ചതന്നെ.

പിന്നത്തെക്കൊല്ലമൊരാൾ പിറന്നു
ആശുപത്രിക്കക,മാശപോലെ.
തങ്കക്കുടത്തിന്റെ പുഞ്ചിരിഞാൻ
കണ്ടില്ലതിൻമുമ്പവൾ മടങ്ങി.

തുന്നലെടുത്തു ഞാൻ വന്ന നാളിൽ
ഏങ്ങലടിച്ചോടി വന്നു തങ്കം
ചേർത്തു പിടിച്ചെന്റെ നെറ്റി തൊട്ടു
ഓർത്തതുപോലെൻ വയർ തലോടി.

അറിയാതെയെന്തിലോ തൊട്ട പോലെ
കൈവലിച്ചൊന്നു കുനിഞ്ഞു തങ്കം
‘ഇവിടെ ഞാനുണ്ടായിരുന്നതല്ലേ?
എവിടെന്റെ മോള്? ഞാനെന്തു പാപി?'

കണ്ണീരിൽ മുങ്ങി കവിൾത്തടങ്ങൾ
പൊന്തീല വാക്കുകൾ പിന്നെയൊന്നും.
താലിയില്ലാത്തൊരാ മാറിലൂറും
മോഹമലിഞ്ഞു കുതിർന്നു ഞാനും'’

ആയിരമോർമ്മകൾക്കുള്ളിൽ നിന്നും
വാവിടുന്നാദ്യകരച്ചിലെന്നിൽ
ചാലിട്ടൊഴുകിപ്പരക്കുകയായ്
അമ്മയലിയുകയായതിലും.


എ. പത്​മനാഭൻ

കവി, നോവലിസ്​റ്റ്​, സാംസ്​കാരിക പ്രവർത്തകൻ. കൈരളി ബുക്​സ്​, അകം മാസിക, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുസ്തകവിഭാഗം എന്നിവയിൽ എഡിറ്ററായും ചാനലിൽ സ്​ക്രിപ്​റ്റ്​ റൈറ്ററായും പ്രവർത്തിച്ചു. കാവുമ്പായി കാർഷിക കലാപം (ചരിത്രം), ആകാശത്തിന്റെ കണ്ണാടി, ജൂൺ നക്ഷത്രം, വരച്ചുവച്ച വാതിൽ, സൂഫി മറഞ്ഞ നിലാവ് (കാവ്യസമാഹാരങ്ങൾ), ചിത്രപ്പറവകൾ (നോവൽ), ശബരിമല - വിചാരണയും വിധിയെഴുത്തും (എഡിറ്റർ) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments