പണ്ടവിടെ പണിയെടുത്ത്
താമസിച്ച കാലത്ത്
അത്രയൊന്നും പരിചയം കാട്ടാതിരുന്ന
ഒരു വഴി
മുന്നിൽ വന്ന് ചിരിച്ച്
ലോഹ്യം പറഞ്ഞു,
വേണ്ടപ്പെട്ടൊരാളെപ്പോലെ
കൂടെ നടന്നു
ആളു മാറിയതാകുമോ,
എന്നോടുതന്നെയാകുമോ
എന്നെല്ലാം വിചാരിക്കും
മുൻപേ നേരം വൈകുന്നേരമായി
പാറിപ്പാറി പിന്നിലായിപ്പോയ
ചില കിളികളോ
തെങ്ങിൻത്തലപ്പിലെ
കാറ്റിന്റെ ചിതറിയ
ചില ഏറ്റങ്ങളോ അല്ലാതെ
ഒരാളും അന്നേരം
ആ ദിക്കിലൊന്നും വന്നില്ല,
അതുമാത്രമാണ് എടുത്തുപറയേണ്ട
ഒരേയൊരു കാര്യം!