യാദ് വാശെം ടി.പി. വിനോദിന്റെ കവിത

യാദ് വാശെം [1]

സാധ്യമായ എല്ലാ ദിശകളിൽ നിന്നും
മനുഷ്യചരിത്രം ഇടിച്ചുകയറി ഇടപെട്ട
ജീവിതങ്ങളിലൊന്ന് എന്നാണ്
അലക്‌സാണ്ടർ ട്രാക്റ്റൻബെർഗ്
തന്റെ ജീവിതത്തെപ്പറ്റി ചിരിക്കുക.

സോവിയറ്റ് യൂണിയൻ ഇടിഞ്ഞ് പൊളിഞ്ഞപ്പോൾ
പത്തിൽത്താഴെ പ്രായമുള്ള കുഞ്ഞുങ്ങളെയും കൊണ്ട്
ഉക്രെയിനിൽ നിന്ന് ഇസ്രയേലിലേക്ക് [2]
ഓടിവന്നവരാണ് അലക്‌സിന്റെ അച്ഛനുമമ്മയും.

അലക്‌സ് എന്റെ സഹപ്രവർത്തകനായിരുന്നു.
ഇന്ത്യയിൽ നിന്നുള്ള രണ്ടുപേർ
റിസർച്ച് ഗ്രൂപ്പിൽ ചേർന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ
ഒഴിവുസമയങ്ങളിലെല്ലാം
നൃത്തം ചെയ്യുന്നവരാണോ അവർ?
എന്നത്രേ അവന്റെ അമ്മ ചോദിച്ചത്.
സോവിയറ്റ് യൂണിയനിൽ
ഹോളിവുഡ് സിനിമകൾ ഇല്ലാതിരുന്നതിന്റേയും
ഹിന്ദി സിനിമകൾ ആവേശമായിരുന്നതിന്റെയും
കൊടുമ പറഞ്ഞ് അലക്‌സ് ചിരിച്ചുമറിഞ്ഞു.

കണിശവും നിർദ്ദാക്ഷിണ്യവുമായ നർമ്മബോധം
മാതാപിതാക്കളിൽ നിന്ന് വന്നതാണവനെന്ന്
എളുപ്പത്തിൽ മനസ്സിലാവുമായിരുന്നു.
രാജ്യത്തിന്റെ രണ്ടുഭാഗങ്ങളിൽ നിന്ന്
സൈബീരിയക്കടുത്തൊരു വിദൂരതയിലേക്ക്
സ്റ്റാലിൻ നാടുകടത്തിയതുകൊണ്ട് കണ്ടുമുട്ടിയതും
പരസ്പരം പറഞ്ഞ തമാശകൾ കൊണ്ട് ഷോക്കടിച്ച്
പ്രേമത്തിലായതുമൊക്കെ അലക്‌സിന്റെ അച്ഛനുമമ്മയും
പിന്നീടൊരിക്കൽ പറയുകയുണ്ടായി,
തമാശയിലുള്ളത്ര വീര്യമുള്ള ജീവവായു
വേറെയെവിടെയുമുണ്ടാവില്ലെന്ന്
കൂട്ടിച്ചേർക്കുന്നതിനിടയിൽ കണ്ണുനിറഞ്ഞുകൊണ്ട്.

സംഭവിച്ചുതീർന്ന കാര്യങ്ങളിൽ നിന്ന്
ഉണ്ടായി വരുന്നതാകയാൽ
ചരിത്രത്തിന് തമാശയാവാതെ വഴിയില്ല എന്ന്
അലക്‌സിന് ഒരു സിദ്ധാന്തമുണ്ട്;
വീഴാൻ പോകുന്ന ഒരാൾ അടിയന്തരാവസ്ഥയും
വീണുകഴിഞ്ഞ ഒരാൾ തമാശയുമാണെന്നുള്ള
ഉദാഹരണം സഹിതം.

ചരിത്രം എല്ലായ്‌പ്പോഴും തമാശയല്ലെന്ന്
ചിലപ്പോഴൊക്കെ തോന്നിക്കുന്ന ഒരിടമുണ്ട്,
ജെറുസലേമിലാണ്, നമുക്ക് ഒന്നിച്ച് പോവാം എന്ന്
ഒരു ദിവസം അവൻ ആത്മവിമർശകനായി.

യാദ് വാശെമിലേക്ക് പോകും വഴി ട്രെയിനിലിരുന്ന്
ഹിറ്റ്‌ലറെപ്പറ്റി എന്ത് വിചാരിക്കാനാണ്
അവന്റെ വീട്ടിൽ പഠിപ്പിച്ചിരുന്നതെന്ന് പറഞ്ഞു:
ഒരു മനുഷ്യനാണ് എന്ന് അർത്ഥം വരുന്നവിധത്തിൽ
ഹിറ്റ്‌ലർ എന്ന പദം വാക്യത്തിൽ പ്രയോഗിക്കരുത്
എന്നായിരുന്നു അവർക്കുള്ള നിഷ്ഠ;
മനുഷ്യരായിരുന്നുകൊണ്ട്
അങ്ങനെയൊക്കെ സാധ്യതകളുണ്ടെന്ന്
അംഗീകരിച്ചുകൊണ്ടുള്ള ഏതൊരാലോചനയും
മനുഷ്യർ എന്ന വാക്കിന്റെ എല്ലാ അർത്ഥങ്ങളെയും
മൂന്ന് കാലങ്ങളിലും റദ്ദ് ചെയ്യും എന്ന ന്യായത്തിൽ.

യാദ് വാശെമിൽ,
മനുഷ്യർ മനുഷ്യർക്ക് വേണ്ടി തീരുമാനിച്ച മരണങ്ങളുടെ
മഹാസ്മാരകത്തിന്റെ ഇരുട്ടുതണുപ്പിടനാഴികളിലൂടെ
പൂർത്തിയാവാതെപോയ ജീവിതങ്ങളുടെ
വാക്കുകളും ദൃശ്യങ്ങളും ശബ്ദങ്ങളും
പ്രതീക്ഷകളും പ്രാർത്ഥനകളും പോരാട്ടങ്ങളുമേറ്റ്
ഇഴഞ്ഞുനിരങ്ങിയസ്തപ്രജ്ഞരായ് നടക്കവെ
ഭാഷ പോലും ഞങ്ങളെ അനാഥരാക്കി.
അവിടെയെത്തും വരെ ചിലച്ചുകൊണ്ടിരുന്ന ഞങ്ങൾ
അതിനകത്ത് മൗനം എന്നുപോലും വിളിക്കാൻ പറ്റാത്ത
നിശ്ശബ്ദതയിൽ പുതഞ്ഞു.

വാക്കുകളിൽ സംഗീതമുണ്ട് എന്നുപറയുമ്പോലെ
മനുഷ്യരിൽ ഹിംസയുണ്ട് എന്ന്
അടുത്ത് നിന്നൊരാൾ അയാളുടെ പങ്കാളിയോട്
പിറുപിറുത്തത് ഞങ്ങൾ രണ്ടാളും കേട്ടു.

പുറത്തിറങ്ങി ശ്വാസമെടുത്ത ശേഷം
അവനവനിലേക്ക് തിരിച്ചുവരാനുള്ള ഉപായമെന്ന രീതിയിൽ
ആ കെട്ടിടത്തെയും ഞങ്ങളെയും കുറിച്ച് അപ്പോൾ തോന്നുന്ന
ഉപമകൾ എന്തൊക്കെയാവാം എന്ന് ഞങ്ങൾ ചർച്ച ചെയ്തു:

i) ഭൂമിയോളം വലിപ്പമുള്ള ഒരു ഹിംസ്രജന്തുവിന്റെ
പല്ല് പറിച്ചെടുത്ത് വെച്ചതുപോലെ

ii) ആൾപ്പാർപ്പിന് യാതൊരു സാധ്യതയുമില്ലെന്ന് വിചാരിച്ച
കൊടുംകാടിന്റെ ഏറ്റവും ഉൾഭാഗത്ത് നടന്നെത്തിയപ്പോൾ
അവിടെയൊരു ചവറ്റുകൊട്ട കണ്ടതുപോലെ

iii) ഇരുന്നിരുന്ന് തരിച്ചിടത്ത് ചരിത്രം
നമ്മളെയെടുത്ത് മാന്തിനോക്കിയതുപോലെ

എന്നൊക്കെയും, പിന്നെ ഇപ്പോൾ ഓർമ്മയിലില്ലാത്ത
വേറെ എന്തൊക്കെയോ വിചിത്രഭാവനകളായും.

ഒരു ഭാവനയും ഞങ്ങളുടെ ഉള്ളിലുറഞ്ഞുകൂടിയ
മാരകഭാരങ്ങളെ അലിയിക്കാൻ തികഞ്ഞില്ല

തിരികെയുള്ള ട്രെയിനിലിരുന്ന് അലക്‌സിനോട് ഞാൻ
ക്യാപ്റ്റൻ ഇഗോർ ബക്കുനിന്റേയും
ഗോവിന്ദൻകുട്ടിയുടെയും [3] കഥപറഞ്ഞു.
ബഹിരാകാശത്തുവെച്ച് അവർക്ക് രാജ്യമില്ലാതായപോലെ
നമ്മുടെ ഈ ട്രെയിൽ ലോകത്തുനിന്ന് വേർപെട്ടാലോ
എന്ന് ചിരിക്കാൻ ശ്രമിച്ചു.

അമ്മ ഇന്ത്യക്കാരെപ്പറ്റി ചോദിച്ച തമാശയ്ക്ക് ഒരു പാരഡി
അലക്‌സിന് അപ്പോൾ തോന്നി:
ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം
ഭൂമിയിൽ മനുഷ്യജീവിതം അവശേഷിക്കുമെങ്കിൽ
സമയം കിട്ടുമ്പോഴൊക്കെ നമ്മൾ
അന്യോന്യം കൊല്ലുകയായിരുന്നുവെന്ന്
ചരിത്രത്തിൽ കുട്ടികൾക്ക് പഠിക്കാമല്ലോ എന്ന്
അവൻ സങ്കടമുള്ള ഒരു ചിരി ചിരിച്ചു.

അലക്‌സ്,
നമ്മൾ രണ്ടാളും അങ്ങോട്ടുമിങ്ങോട്ടും കൊന്നില്ല
എന്നതിന് തെളിവായി ഞാനീവരികളിപ്പോൾ
ഇവിടെയെഴുതിയിടുന്നു എന്നുപറയുകയാണെങ്കിൽ
കവികൾക്കുള്ളത്ര നർമ്മബോധത്തിന്റെ ദാരിദ്ര്യം
വേറെയാർക്കുമില്ലെന്ന പഴയ കമന്റ്
നീ വീണ്ടും പറയുമെന്നെനിക്കറിയാം.

[1] യാദ് വാശെം: ഇസ്രയേലിൽ ജെറുസലേമിലെ ഹോളോകോസ്റ്റ് മ്യൂസിയം

[2] ലോകത്ത് എവിടെ ജനിച്ച യഹൂദരെയും ഇസ്രയേൽ അവരുടെ പൗരരായി പരിഗണിക്കുന്നു. യഹൂദ സ്വത്വം തെളിയിച്ചാൽ അവർക്ക് ഇച്ഛാനുസരണം ഇസ്രയേലിലേക്ക് കുടിയേറാം.

[3] നാലാം ലോകം - എൻ. എസ്. മാധവന്റെ കഥ.

Comments