തീപിടിച്ച നഗരങ്ങൾക്ക് (പെണ്ണുങ്ങൾക്കും) പറയാനുള്ള ചിലത്; സ്​മിത ഗിരീഷിന്റെ കവിത

ന്ന്,
എന്റെ പാവാടയിൽ
നീ വരഞ്ഞൊരു കാടിനാണ്
നീറോ,
ആദ്യം തീ പിടിച്ചത്..!

നിന്റെ കണ്ണുകളിലെ
മിന്നാമിനുങ്ങുകൾ
പൊള്ളിയടർത്തിയ
ജാക്കറന്ത മരങ്ങൾ
കാട്ടിലപ്പച്ചകൾ,
കരിമരപ്പൊത്തിലെ
കിളിക്കൂടുകൾ
കാടിരുളിലെ മയിൽപ്പേട,
മാനുകൾ
അതിരിലെ പുൽപ്പടർപ്പ്..
ഞൊറിയിലെ നീരൊഴുക്ക്...

(നീറോ,
ചില തീപിടുത്തങ്ങളിൽ
ജലമാണാദ്യം കരിഞ്ഞു വറ്റുക)

കാടെരിച്ച തീയിൽ,
കാറ്റു നീട്ടിത്തുപ്പിയ തീയിൽ,
സാമ്രാജ്യത്വത്തിനും
റിപ്പബ്‌ളിക്കിനുമെതിരെ
നടത്തുന്ന അപ്രഖ്യാപിത
യുദ്ധം പോലെ

അങ്ങനെ ഏഴു രാവും, ആറു പകലും
നിന്നു കത്തിയമർന്നു പോയ
നിന്റെ/ നമ്മുടെയാ ദേശം..
മൃതിപ്പെട്ടുപോയ നമ്മുടെ
പ്രണയ പന്തയങ്ങൾ
ഓടക്കുഴലുകൾ, ചിലന്തികൾ
ഇരട്ട ദൈവങ്ങൾ, മരംകൊത്തികൾ
കിടങ്ങിലെ കോട്ടകൾ മന്ത്രവാദിപ്പെണ്ണുങ്ങൾ....

അന്ന്,
കാലം കുറച്ചു കൂടി
ചെറുപ്പമായിരുന്നു

നദികൾ നേരെ ഒഴുകിയിരുന്നു.
അതു കൊണ്ട്, അപ്പോൾ
നീ പാടിയ
പാട്ടിന്റെ വരികളും
മീട്ടിയ തന്ത്രി വാദ്യവും
ഒരേ ദിശയിൽ തുഴയാൻ
മാത്രമറിഞ്ഞവർ
ചരിത്രത്തിലെഴുതി വെച്ചപ്പോൾ
തെറ്റി പോകയും ചെയ്തു.

ഇന്ന്,
എന്റെ നഗരം കത്തിയെരിയുകയാണ്*
നീറോ !

ജംഗമങ്ങളുമായി
ഇവിടം വിട്ടു പോകാമെന്നവൻ
പറയുന്നു.

സൂര്യനും ചന്ദ്രനും
തമ്മിൽ തൊട്ടു പോയതു പോലെ
അറ്റമില്ലാത്ത പകൽ
നീളുന്നൊരീ ദിവസം,
എന്റെ നഗരത്തിന് തീപിടിച്ചൊരീ
ദിവസം,
എന്നോ ക്ലോക്കുകൾ
നിന്നു പോയ
അസംബന്ധം പോലൊരു
വീട്ടിലിരുന്നൊരുവൾ
ആരും കാണാതെ
മുഖക്കച്ച ഊരിയെറിഞ്ഞ്
വായിച്ചൊരീ പുസ്തകത്തിലെ തീ
ഒരു കവിതയിലേക്ക്
കൊളുത്തി വെയ്ക്കുന്നുണ്ട്..

ഞാനോ,
ഒരിക്കൽ മരിച്ചവർ
അഗ്‌നിബാധയെ ഭയക്കില്ലെന്ന്
ചിരിക്കുന്നു.

പുകയുന്ന തെരുവ് കണ്ട്
സൈറൺ മുഴക്കിപ്പായുന്ന
വാഹനങ്ങളെ നോക്കി,
അലറിക്കരയുന്ന
ഒരു കുഞ്ഞിനെ കൺ തൊട്ട്,
ബാൽക്കണിയിലിരുന്ന്
അവനായി ഗിറ്റാറിൽ ലെമൺ ട്രീ വായിക്കുന്നു.
മിദോരി എന്ന പേരിനർത്ഥം
മരിച്ച പച്ച നിറമെന്ന്
കവിത എഴുതുന്നവൾക്കറിയുമോ?

നീറോ,
അവളുടെ കവിതയിൽ
അതാ
ആകാശത്തെ മുയൽക്കുട്ടികൾ
അമ്മയുമായി നഗരം കാണാനിറങ്ങി
വരുന്നുണ്ട്..

പാതി കരിഞ്ഞൊരു പച്ചത്തവള
വീട്ടുമോന്തായത്തിലേക്ക്
കുതിക്കുന്നുണ്ട്
പൂക്കൾക്ക് പകരം ഇല ചൂടിയ
ചില പെണ്ണുങ്ങൾ അടക്കമില്ലാതെ
മൊബൈൽ ഫോൺ തോണ്ടി
ചിരിക്കുന്നുണ്ട്

ഞാനിതാ,
ആദ്യമായി അവനൊപ്പം
ഭൂമിക്കപ്പുറത്തേക്ക് നടക്കാൻ
പോകുന്നുണ്ട്.

(* മുറകാമിയുടെ നോർവീജിയൻ വുഡ് )

Comments