യുദ്ധവിമാനങ്ങളിൽ ദൈവവും യാത്ര ചെയ്യുന്നുണ്ടായിരുന്നു.
പക്ഷികൾ വിമാനങ്ങൾപോലെ താണ് പറക്കുന്നുണ്ടായിരുന്നു.
അതിനാൽ, മധ്യവയസ്ക്കനായ അഭയാർഥി, ഒരിക്കൽ
പൂക്കൾ വിറ്റിരുന്ന അയാളുടെ ജീവിതകഥ പറയാൻ തുടങ്ങിയപ്പോൾ
ടെലിവിഷനിൽ ഇപ്പോൾ ദൈവവും പ്രത്യക്ഷപ്പെടുമെന്ന്
എനിക്ക് തീർച്ചയായി.
കണ്ണുകളടച്ചില്ല. ചെവികളടച്ചില്ല.
അയാളെത്തന്നെ നോക്കി ഞാൻ ഇരുന്നു.
ഉണങ്ങിയ കാൽപ്പാദങ്ങളിലെ ബാക്കിയായ വിരലുകൾ കാണിച്ച്
അയാൾ ആദ്യം യുദ്ധങ്ങളുടെ വർഷം, തീയതി, ദിവസം ഓർത്തു.
രണ്ടാമത്തെ യുദ്ധത്തിൽ കൊല്ലപ്പെട്ട ഭാര്യയെ ഓർത്തു.
മൂന്നു തവണ അവളുടെ പേര് പറഞ്ഞു.
ഒന്നാമത്തെ യുദ്ധത്തിൽ കൊല്ലപ്പെട്ട മകളെ ഓർത്തു.
അവളുടെ കളികൾ മാത്രം പറഞ്ഞു.
അവളുടെ പേടി പറഞ്ഞു.
അവളുടെ പൂച്ചയുടെ പേര് പറഞ്ഞു.
ഏതോ ഒച്ചയിലേക്ക് നോക്കി...
പിന്നെ,
കെട്ട പൂമണമായി കൂടെയുള്ള സ്വന്തം ആയുസ്സിനെ
ദൈവത്തിന്റെ മുമ്പിലേക്ക് നീക്കിവെച്ചു.
മുഖം കുനിച്ചു.
ടെലിവിഷനിൽ ഇനി ഏത് നിമിഷവും
ദൈവവും പ്രത്യക്ഷപ്പെടുമെന്ന്
എനിക്ക് തീർച്ചയായി.
അയാൾ തല ഉയർത്തി. എന്നെ നോക്കി. ചിരിച്ചു.
ഇടത്തേ കൈയിലെ ആറാമത്തെ വിരൽ അയാൾ ഉയർത്തിക്കാണിച്ചു.
പള്ളിമണിയുടെ മുറിഞ്ഞ നാവ് പോലെ അത് ആടാൻ തുടങ്ങി.
ടെലിവിഷനിൽ ഇനി എന്തായാലും ദൈവവും പ്രത്യക്ഷപ്പെടുമെന്ന്
എനിക്ക് തീർച്ചയായി.
ഒരു നിമിഷം, അതുതന്നെ ഓർത്താകണം
അയാൾ കൈ പിറകിലേക്ക് ഒളിപ്പിച്ചു.
ഇത് തരില്ല, അയാൾ എന്നെ നോക്കി ചിരിച്ചു: എന്റെ കുഞ്ഞുവിരൽ!
ഇതെന്റെ മകളുടെ പ്രിയപ്പെട്ട കളിപ്പാട്ടം...
പിറകെ ഭൂമി വിട്ട് ഉയരുന്ന ചിറകൊച്ച.
ദൈവത്തെ ഓർത്ത് ശരിക്കും ഞാൻ ഭയപ്പെട്ടു...