പ്രേമം ഒരു കൈവിട്ട കേസാണിപ്പോൾ.
മറ്റൊന്നും ജീവിതത്തിൽ വേണ്ടെന്നു വെച്ചിട്ടില്ല.
പ്രായം ഇത്രയുമൊക്കെ ആയില്ലേ
പ്രേമത്തെ മറികടന്ന്
വേറെയെന്തൊക്കെ വിഷയങ്ങൾ ജീവിതത്തിലുണ്ട്.
എന്നാൽ പെൺകവികൾ
മരണത്തെക്കുറിച്ച് എഴുതിയാൽ പോലും
അത് പ്രേമം കൊണ്ടുവന്ന് നിറയ്ക്കുന്നു.
അപ്പോൾ അവർ പ്രേമത്തെക്കുറിച്ച് എഴുതിയാലോ?
അതിൽ മുങ്ങിപൊങ്ങാതെ വയ്യ.
അപ്പോളനുഭവിക്കുന്ന പ്രേമം ദൈവീകമൊന്നുമല്ല കേട്ടോ.
ആത്മീയം മാത്രവുമല്ല.
തീർച്ചയായും അത് ശാരീരികം കൂടിയാണ്.
അല്ലാത്ത സമയത്തൊക്കെ മഹനീയമായ ഉന്നതിയാർന്ന ആരാധ്യമായ
പ്രണയത്തെക്കുറിച്ചാണ് പൊതുവെ ചിന്തിക്കുക.
ഏതെങ്കിലും വാരികയിലോ മാസികയിലോ
വാർഷികപ്പതിപ്പിലോ
പുതുതലമുറയിലെ എഴുത്തുകാരിയുടെ ഒരു കവിത വായിക്കുമ്പോൾ,
പ്രണയമല്ല, പ്രേമം പൂത്തുമറിയാറുണ്ട്.
അത്ഭുതം തോന്നുന്നു,
അപ്പോൾ ചിന്തിക്കുന്നതതൊക്കെ
ശരീരവുമായി ബന്ധപ്പെട്ടാണ്.
മറ്റെന്തും മനസ്സുമായി ബന്ധപ്പെട്ട് മാത്രം നമുക്ക് ചിന്തിക്കാൻ പറ്റും.
പ്രേമം ഹൃദയത്തെ മഥിക്കുമ്പോൾ
അത് ശരീരവുമായി ബന്ധപ്പെടാതെ ചിന്തിക്കുക വയ്യ.
അപ്പോൾ യോഗ പഠിച്ചിട്ടില്ലാത്തവർ
വലിയൊരു യോഗിയെപ്പോലെ, കാമയോഗ.
ജിംനാസ്റ്റിക് പരിശീലനം കിട്ടാത്തവർ
ലോകത്തിലെ ഏറ്റവും വലിയ ജിംനാസ്റ്റിക്ക്കാരിയാവും.
സർക്കസ് അറിഞ്ഞുകൂടാത്തവർ
ആകാശത്തിൽ കെട്ടിയിട്ടിരിക്കുന്ന
പല ഊഞ്ഞാലുകളിൽ ചാടി ചാടി ട്രപ്പീസ് കളിക്കും.
മരണക്കിണറിൽ കണ്ണടച്ച് ബൈക്കോടിക്കും.
സർക്കസ് കൂടാരത്തിന്റെ മുന്നിലെ ജയന്റ് വീലിൽ
പേടികൂടാതെയിരുന്ന്
കൈകൾ വിടർത്തി ആകാശത്തെ മുത്തമിടും.
ദൈവമേ! ഞങ്ങൾ വൃദ്ധകൾ ചില്ലറക്കാരികൾ അല്ലല്ലോ.
പിന്നീട് എപ്പോഴോ കവിത തിരയിറക്കം നടത്തുമ്പോൾ
പ്രായത്തിന്റെ അസ്കിതകളെ കുറിച്ച് ഓർക്കും.
തനിയെ ചിരിക്കും.
ഓർക്കും,
ഞങ്ങളും ഒരിക്കൽ പുതു തലമുറക്കാരായിരുന്നു.
പുതുകാല എഴുത്തുകാരികളെ
നിങ്ങൾക്ക് മനസ്സിലാവുമോ?
മനസിലായാൽ
വാക്കിന്റെയും
ഭാഷയുടെയും
ശൈലിയുടെയും
വികാരത്തിന്റെയും
വിചാരത്തിന്റെയും
ബുദ്ധിയുടെയും
ദർശനങ്ങളുടെയും
ഒരു കുഴമ്പ് മനസ്സിൽ പൊതിഞ്ഞമരും,
അത് ശരീരത്തെ ഉണർത്തും.
പഴമയെ പുതുതാക്കാനുള്ള ജാലവിദ്യ ഞങ്ങളെപ്പോൽ പഠിച്ചവരാരുണ്ട്?
ഇതാ പെൺകവിതകളുടെ
നൂറ് നൂറ് ശരീരങ്ങൾ
വാതിൽ തുറന്ന് ലോകം കാണാൻ ഇറങ്ങുന്നു.
ഇതൊരു അറിയിപ്പാണ്
പെണ്മയെ ഭയക്കുന്നവർക്ക്
വഴിമാറാനൊരവസരം.