എം.പി. അനസ്​

ജനലഴികൾക്കിടയിലെ
മൂന്നു കുപ്പികൾ

നലഴികൾക്കിടയിൽ
മൂന്നു കുപ്പികൾ,
നീല, പച്ച, മഞ്ഞ

കാറ്റിലിളകിയ മഞ്ഞ
പെട്ടെന്നതാ
നിറയെ കോളാമ്പിപ്പൂക്കളാവുന്നു
ഇലകളായ് പടർന്നു കൂടുന്നു പച്ചയും

ആ നീലക്കുപ്പിയിലപ്പോൾ
ഒരു ഫ്ലവർവേയ്‌സിലെന്ന മട്ടിൽ
അതെല്ലാം നേരത്തെ ഉണ്ടായിരുന്നെന്ന പോലെ.

ആ മൂന്നു കുപ്പികളും ജനലഴികൾക്കിടയിൽ എടുത്തുവെയ്ക്കവേ
അങ്ങനെയൊന്നും കരുതിയതാവില്ല

ഓരോന്നിലുമുണ്ടായിരിക്കും
അവയ്ക്കപ്പുറം
കരുതാവുന്ന ചില വിത്തുകൾ

പുറത്തു നിന്നാരോ നോക്കി നിൽക്കുന്നുണ്ടാവണം
ജനൽപ്പോളകൾ
ഇപ്പോളടയുന്നില്ല.
​▮


എം.പി. അനസ്

കവി, എഴുത്തുകാരൻ, അധ്യാപകൻ. സകലജീവിതം, സമതരംഗം, അയ്യങ്കാളിമാല എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments