വീട്ടുമുറ്റത്തെചെം-
പരത്തിക്കാവടിച്ചോട്ടിൽ
ഉച്ചക്ക്
ഇലകളിൽ ചാരി
മെലിഞ്ഞ ചെമ്പോത്ത്
ഒരുതരം പത്രസമ്മേളനം നടത്തുകയായിരുന്നു.
ചിരിച്ചപ്പോൾ
അത് എന്നോടും
പേരു ചോദിച്ചു.
ഞാൻ പേരു പറഞ്ഞു.
അത്യന്തം
അത്ഭുതത്തോടെ
അത്,
" കിളികൾക്ക് ഇങ്ങിനെയും പേരുകളുണ്ടാവുമോ?’’.
പേരിലെന്തിരിക്കുന്നു മാഷേ എന്ന്
ഞാൻ എന്നെ ന്യായീകരിയ്ക്കാൻ ശ്രമിച്ചു,
"ചുണ്ടിനു തോന്നും പോലെ
വിളിച്ചോട്ടെ
കുരുവിയും
തത്തയും
കാക്കയും
മൈനയുമൊക്കെ
പല മൊഴിയിലല്ലേ
ചൊല്ലും പറച്ചിലും".
ചെമ്പോത്ത് പറഞ്ഞു,
"എന്നാലും
ഈ പേരിലെ
ശ ഷ ഋ ഒക്കെ
പക്ഷികളുടെ അക്ഷരമാലയിൽ നിന്നും
എന്നേ
വെട്ടേണ്ടതായിരുന്നു,
നമ്മുടെ ഭാഷക്ക്
ഒരുനാവുവഴക്കമൊക്കെ വേണ്ടേ",
ചെമ്പോത്തിനോടു
ഞാൻ തർക്കിക്കാനൊന്നും
പോയില്ല.
പക്ഷെ
വിചാരിക്കുകമാത്രം
ചെയ്തു,
ഇങ്ങനെ ഒരു
നിരോധനം വന്നാൽ
എന്റെ
പേരിൽ
ഇനി
പി ബി
മാത്രമാവും
ബാക്കി.
▮
(കുറിപ്പ്: ചെമ്പോത്ത് - ചകോരം, ഉപ്പൻ എന്ന പേരിലും അറിയപ്പെടുന്ന പക്ഷി, ശാസ്ത്രീയനാമം-centropus sinensis).
