ഞാൻ എന്ന ധ്യാനം അഥവാ
എന്നെ ധ്യാനിക്കുന്ന ഏതോ ഒരു ഞാൻ

1. ഞാൻ എന്ന ഞാൻ

രാളെ കണ്ടു.
പേര് ചോദിച്ചു.
പറഞ്ഞു.
വ്യക്തമായി കേട്ടില്ല
ഒരു ശബ്ദം
ഒരു മുഴക്കംഒരു ചിലപ്പ് 

പിന്നീട്
അയാളെ മറന്നു
അയാളുടെ പേര്
എന്തായിരുന്നു?
ഓർക്കാൻ ശ്രമിച്ചു
പേര് കേട്ട
ഓർമ്മയും
മറന്നു പോയി 

മറന്നു പോകുന്നവ
ചിലപ്പോൾ
സ്വപ്നങ്ങളിൽ
എത്തും
വ്യക്തമായി പറയും
മറവിയും
ചിലപ്പോൾ
ഒരു സ്വപ്നമായിരിക്കാം 

ഞാൻ
അയാളെ കണ്ട
സ്ഥലം
സമയം
തീയതി
ഒന്നും ഓർമ്മയില്ല. 

ചിലപ്പോൾ
തീർത്തും ഉറപ്പില്ലാത്ത
ഒരു സാധ്യതയെ
അയാൾ
വ്യക്തമായി
ഉരുവിട്ടതാകാം.

ആ അവ്യക്തത
അയാളെയും അലട്ടുന്നുണ്ടാവാം 

ഇപ്പോഴും തെളിഞ്ഞു കിട്ടാത്ത
ആ അവ്യക്തതയിലേക്ക്
തൽക്കാലം
ഞാൻ എന്റെ പേര്
ഓർത്തുവയ്ക്കുകയാണ്.

2. മൗനം എന്ന പൂവ്

രങ്ങൾക്കിടയിൽ
നിന്നാൽ
ഉടൽ, മനുഷ്യൻ, ഞാൻ,
നീ, അവർ, നമ്മൾ എന്നിവ
പൂവായി മാറുമെന്നും
ജീവനിൽ
വേരുകൾ
മുളച്ചു പടരുമെന്നും
സ്വപ്നം കണ്ടു. 

മൗനം പുഴയിൽ
ഒളിഞ്ഞിരിക്കുന്നത്
എവിടെയാണ്? 

നിലാവ് പകലിൽ
ഉറങ്ങുന്നത് എവിടെയാണ്? 

ഇലകളുടെ പച്ച
വിത്തിൽ എവിടെയാണ്? 

ഉത്തരങ്ങളില്ലാതെ പുഴയിൽ
രണ്ടുരുളൻ കല്ലുകൾ ഉമ്മവച്ചു. 

മൗനം
മരുഭൂമിയിൽ
പൊള്ളുന്ന
മണൽപ്പരപ്പിൽ
മലർന്നുകിടന്നു.
കണ്ണുകൾ നീരൂറി വന്നു
നിലാവ് തണുത്തു
മരണത്തിന്റെ തൊട്ടുമുമ്പ്
വിത്ത് ചെവിയിൽ പറഞ്ഞു
"മരിച്ചു വരൂ, കാണാം" 

കണ്ണിൽ പച്ചമണത്തു
മരങ്ങൾക്കിടയിൽനിന്ന്
ഉടൽ മുഴുവൻ
പൂക്കളുള്ള
ഞാൻ
ഇറങ്ങിവന്നു. 

3.ഞാൻ എന്ന യക്ഷി 

പെട്ടെന്ന്
ഭൂമിയുണ്ടാവുകയും
നീയും ഞാനും
പരസ്പരം
കണ്ടുമുട്ടുകയും നിശ്ശബ്ദതയുടെ
പുതിയ അധ്യായങ്ങൾ
എഴുതപ്പെടുകയും ചെയ്തു. 

ആദികാലങ്ങളിൽ
പച്ചിലകളിലേക്ക്
ഉറ്റു നോക്കിയ
ഒരു പെൺകുട്ടി ഉണ്ടായിരുന്നു 

ഭയത്തിന്റെ
ചിറകുകളിൽ നിന്ന്
എന്നെ അവൾ നയിച്ചു
സൂര്യന്റെ നീരും
ചന്ദ്രന്റെ ഇളം താരും ഊട്ടി
വിരലുകളുടെ അറ്റം കൊണ്ട്
മണലിൽ
മരങ്ങൾ വരയ്ക്കാമെന്ന്
കാട്ടിത്തന്നു. 

വിജനമായ മൈതാനങ്ങളിൽ
അവൾ
കാട്ടുപനകളോളം വളർന്ന്
എന്നെ നക്ഷത്രങ്ങളിലേക്ക്
കോരിയെടുത്തു. 

വാടുന്ന പൂക്കളെ
ഉമ്മ വെച്ചുണർത്താൻ
പഠിപ്പിച്ചു. 

എല്ലാവരും ഉറങ്ങുമ്പോൾ
ഞാൻ മാത്രം കേൾക്കുന്ന
ഒരു
കറുത്ത പൂച്ചയുടെ താരാട്ട്! 
ചീവീടുകളുടെ  സംഗീതം!
തവളകളുടെ സംഘം ചേർന്നുള്ള
ഉടുക്കുപാട്ട്. 

ഇടക്ക് ഞാൻ
എന്റെ
കാൽക്കീഴിലേക്ക്
പാളി നോക്കി. 

മണ്ണിൽ മുട്ടാതെ
പൊടി പുരളാതെ
ഞാൻ എന്ന യക്ഷി
എന്റെ മുന്നിൽ നിന്നു

4. ഉടൽ എന്ന മൂന്നാമത്തെ പുഴ

ന്റെ ഉടലിലേക്ക്
എണ്ണമില്ലാത്ത പുഴകൾ
ഒഴുകിച്ചേരുന്നുണ്ട്.

ഒരു പുഴ എന്നോട് ചിരിക്കുന്നു 

മഞ്ഞുറഞ്ഞ ചില്ലുകട്ടകളും പേറി
ഒരു പുഴ എന്നോട് കണ്ണിറുക്കുന്നു. 

മറ്റൊരു പുഴയിൽ
ഭൂമി പിഴുതുകളഞ്ഞതിന്റെ
തഴമ്പ്. 

ഒരു പുഴയിൽ
ഞാൻ എന്റെ ഉള്ളം കാല്‍
നനയ്ക്കുന്നു
മറ്റൊരു പുഴയിൽ ഞാൻ
എന്റെ വിരലുകൾ താഴ്ത്തുന്നു

ഒന്നിൽ മുടിയിഴകളും
മറ്റൊന്നിൽ കണ്ണുകളും നനയ്ക്കുന്നു.

ഞാനും പുഴയും
കുതിക്കുന്ന
ജീവന്റെ തരംഗങ്ങളാണ്.

ഒരു പുഴയിൽ
ഇടറിപ്പോയ സമയത്തിന്റെ മൂളൽ
വീണ്ടും വീണ്ടും
ഒഴുകിവരുന്ന പുഴകളിൽ
ചിലത് മരണത്തിന്റെ ജലം
താങ്ങിയെടുക്കുന്നു.

ഓരോ നിമിഷവും
ജീവിതം
ഒഴുകിക്കൊണ്ടേയിരിക്കുന്നുവെന്ന്
എന്നോട്
പതുക്കെ പറയുന്നു
ജീവിതത്തിനും
മരണത്തിനും
ഒരർത്ഥം മാത്രമല്ല
ഉള്ളത് എന്ന്
പുഴ പറയുന്നു
ഞാൻ
എന്റെ ഉടൽ
പുഴയിലേക്ക് കലർത്തുന്നു

5. ജലം എന്ന പക്ഷി

രു തുള്ളി വെള്ളം
ജലാശയത്തിലേക്ക്
വീഴുന്നു.
വീഴ്ചയ്ക്കെതിരെ
ഒരു കഷണം കാറ്റ്
വീശുന്നു
ഞാൻ നീ
എന്നുമാത്രം
പറഞ്ഞു പഠിച്ച അസാധാരണ
ശക്തിയുള്ള
മന്ത്രവാദിയായ ഒരു മനുഷ്യൻ
കണ്ണടച്ച്
അത് വീണ്ടും സങ്കൽപ്പിക്കുന്നു

ജലാശയത്തിൽ
വീണത്
വെള്ളത്തിന്റെ തുള്ളിയല്ല
ഒരു പക്ഷിയാണ്

പക്ഷിയിൽ
വെള്ളത്തിൽ
ചിറകുകൾ ചേർത്തുവയ്ക്കുന്ന
ഒരു ധ്യാനമുണ്ട്.
പറക്കാതിരിക്കുന്നതിന്റെ
മൗനവുമുണ്ട്.
ധ്യാനത്തിലിരിക്കുന്ന
പക്ഷിയുടെ മനസ്സ്
ഒരു വെള്ളത്തുള്ളിയായി
താഴേക്ക് പതിക്കുന്നുണ്ട്.
ഞാന്‍ പക്ഷിയാണ്
പക്ഷി ധ്യാനമാണ്. 


രോഷ്​നി സ്വപ്​ന

കവി, നോവലിസ്​റ്റ്​, വിവർത്തക, ചിത്രകാരി. തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ സ്കൂൾ ഓഫ്​ ലിറ്ററേച്ചർ സ്​റ്റഡീസ്​ ഡയറക്​ടർ. കടൽമീനി​ന്റെ പുറത്തുകയറിക്കുതിക്കുന്ന പെൺകുട്ടി, ചുവപ്പ്​ (കവിതാ സമാഹാരങ്ങൾ), അരൂപികളുടെ നഗരം, ശ്രദ്ധ, കാമി (നോവലുകൾ), കഥകൾ- രോഷ്​നി സ്വപ്​നതുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments