പണ്ടൊരിക്കൽ ഞങ്ങൾ താമസിച്ചിരുന്നൊരു വീട്
ഒരിടത്തേക്കു പോകുംവഴിക്കിന്നലെ
ബസ്സിലിരുന്നു കണ്ടു.
ആ വീട്ടിലിപ്പോൾ
ഒരു മരമാണ് താമസിക്കുന്നത്
വീടിനുള്ളിൽ വളർന്നുപൊന്തി
മേൽക്കൂരയ്ക്കു മേൽ ചില്ലകൾ നീട്ടി അത്
പുറത്തേയ്ക്കു നിറഞ്ഞുനിൽക്കുന്നു
അതിനുചുറ്റും വീട്
നശിച്ചു നിൽക്കുന്നു
കണ്ടപ്പോൾ സങ്കടം തോന്നി
അവിടുത്തെ ചില ഓർമകൾ ഓടിവന്നു.
അക്കാലത്തേയ്ക്കു ഞാൻ മടങ്ങിപ്പോയി
അന്നത്തെ കുറേ നിമിഷങ്ങളിൽ
വീണ്ടും താമസിച്ചു.
ആഖ്യാനം രണ്ട്
പണ്ടൊരിക്കൽ താമസിച്ചിരുന്ന ആ വീടിന്നലെ
ബസ്സിലിരുന്നു കണ്ടു.
ആ വിടിനുള്ളിൽ കിളിർത്തൊരു മരം
മേൽക്കൂരയെ മിക്കവാറും തള്ളിനീക്കി
ആകാശത്തേയ്ക്കു പറന്നു നിൽക്കുന്നു
ചുമരുകൾ അങ്ങിങ്ങു വിണ്ടകന്നുപോയിട്ടുണ്ട്
കുറേ ഭാഗങ്ങൾ അടർന്നും പോയിരിക്കുന്നു.
മരത്തിന്റെ വേർപ്പാച്ചിലുകൾ
ഏറ്റവും ക്ഷമയുള്ള മിന്നൽപ്പിണരുകളാണ്
വിശ്വസിക്കാനാവാത്ത വേഗതയില്ലായ്മയിൽ അവ
തറയിലും പിളർപ്പുകൾ തീർത്തിട്ടുണ്ടാവണം.
ആ വീടിനെയോർത്ത്
സങ്കടപ്പെടേണ്ടതൊന്നുമില്ല
അത് മെല്ലെ മെല്ലെ മാഞ്ഞുപോകും.
ആ വീട് പോരാ
ആ മരത്തിനു താമസിക്കാൻ.
ആഖ്യാനം മൂന്ന്
പണ്ടൊരിക്കൽ താമസിച്ചിരുന്ന വീട്
ഇന്നലെക്കണ്ടു
ആ വീടിനെ പതിയെപ്പതിയെ തള്ളിയകറ്റി
ഒരു മരം അതിനുള്ളിൽ നിന്ന്
പുറത്തേക്കു വളർന്ന് വിരിഞ്ഞുനിൽക്കുന്നു
ആ മരം
ആ വീട്ടിലാവില്ല താമസിക്കുന്നത്
ആ വീടിനെ ആ മരം
അറിയുന്നതേയുണ്ടാവില്ല
മരത്തിനേതാവും വീട്
എവിടെയാവും അതിന്റെ താമസം
ഞാൻ താമസിക്കുന്നതും എവിടെയാണ്
ഓർക്കുമ്പോൾ
ചിരി വരുന്നുണ്ട്.
പണ്ടൊരിക്കൽ ഞാനാ വീട്ടിൽ താമസിച്ചിരുന്നുവെന്നത്
എത്രത്തോളം ശരിയാവും. ▮വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം