ഇ.മീര

​ആട്ടിൻകുട്ടികളുടെ
അമ്മയാവലിനെക്കുറിച്ച്

ഇ. മീര

പ്രളയാനന്തരം
പുറത്തിറങ്ങി

കിഴക്കൻ മലകൾക്കു ചോട്ടിൽ
പുതിയ ഇലപ്പച്ചയുടുത്ത
മണ്ണും
പാത്രക്കടവിൽ നിന്ന് പൊട്ടിച്ചിതറുന്ന
കുന്തിപ്പുഴയും
ലെസ്ബിയൻ ഇണകളെപ്പോലെ...

കാരണമില്ലാതെ
പത്മരാജന്റെ സിനിമയോർത്തു

മാനംമുട്ടാൻ നീളുന്ന
പുൽമേട്ടിലേയ്ക്ക്
പതുക്കെ നടന്നു കയറുമ്പോൾ
കാറ്റ് കാർത്തികയായി..
ഞാൻ ശാരിയും..

ഒറ്റയ്ക്കു പറന്നു പോകാൻ
മാനങ്ങളെത്രയോ ഉണ്ടായിട്ടും
കാറ്റെന്റെ കൈ വിട്ടില്ല..
ഒൻപതാം ക്ലാസിലെ
മുംതാസിനെപ്പോലെ
അവളെന്നെ
കൂട്ടിപ്പിടിച്ചു.

ലുങ്കിയും ജാക്കറ്റുമിട്ട്
ജടകൂടിയ മുടിപിണഞ്ഞ്
കൈയിലൊരു
നീളൻ കോലുമായി
ദൂരെയൊരു കല്ലിൽ
ഒരുത്തിയിരിക്കുന്നു..
മൂന്നാലാട്ടിൻകുട്ടികൾ
ചുറ്റും ഓടിക്കളിക്കുന്നു

ഓരോരുത്തരെയും
പേരുചൊല്ലി വിളിച്ച്
ആയമ്മ
ഓരോന്നൊക്കെ പറയുന്നുണ്ട്

ആട്ടിൻ കുട്ടികളുടെ
അമ്മയാവലിനെക്കുറിച്ച്,
ഒറ്റയാവലിലെ
ധ്യാനത്തെക്കുറിച്ച്,
അവരെന്നോടു പറഞ്ഞതൊക്കെ
വെറും പുലമ്പലാണോ?!

അതെന്തൊരു തോന്നലാണ്?
ഇടയരുടെ ബോധ്യങ്ങളെക്കുറിച്ച്
എനിയ്‌ക്കെന്തറിവാണ്?

ഒറ്റയ്ക്കു മേയുന്ന
പയ്യും
പകലും
ഒന്നുമേ നോക്കാതെയിപ്പോഴും
കെട്ടിയ കുറ്റിയെച്ചുറ്റി
നിർവൃതിയോടെ
പച്ച തിന്നുന്നു

ഉയരെ ഉയരെയാണ്...

മേടിനുതാഴെ
കുന്തിയാണ്...

മുന്നിൽ
മണ്ണാർക്കാടൻമലകളുടെ
മഴമൂടിയ നീലയാണ്...

കാറ്റും
ഞാനുമാണ്...

മൂക്കിനിടത്തായി
മുഖത്തുള്ള കാക്കപ്പുള്ളി
ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ
മുൻപത്തെപ്പോലെ
എനിക്കവളോട്
എന്തോപോലെ തോന്നിയില്ല

കാറ്റെന്നെ ചൂഴുന്നു...

പ്രളയാനന്തരം
ഭൂമി
അത്രമേൽ
നിഷ്‌കപടമാണ്

അത്രമേൽ
നഗ്‌നമാണ്.
​​▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഇ. മീര

ചിത്രകാരി, കവി, വിവർത്തക. ഇലവീട്​, പ്രതിരോധ പാരമ്പര്യം ഇന്ത്യൻ കവിതയിൽ (വിവർത്തനം), ഒരു അടിമപ്പെൺകുട്ടിയുടെ ജീവിതാനുഭവങ്ങൾ (വിവർത്തനം) എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments