ആറാം ക്ലാസിലെ മുൻബഞ്ചിലിരുന്ന്
ഗീതാസീകേയെ ഒളിഞ്ഞുനോക്കി.
അയ്യോ അവളും നോക്കുന്നു.
മുത്തശ്ശീ...
നിനക്ക് അവളെ പേട്യാ?
തൂങ്ങിയാടുന്ന തോടയുടെ ചോപ്പുകല്ലിൽ
വിരലമർത്തി.
എനിക്കവളെ കൊല്ലണം.
തോടയാട്ടി മുത്തശ്ശി ചിറിച്ചു.
ഉശിരോടെ ആ നീണ്ടമൂക്കിൽ പിടിച്ചുവലിച്ചു
അവൾ കോന്ത്രമ്പല്ലി ഗീതാസീകെ.
കളിയിലിളിയത്തി...
മുത്തശ്ശി വീണ്ടും ചിറിച്ചു
പുറംകഴുത്തിലെ പാലുണ്ണി വിറച്ചു.
നിനക്കവളോട് കുശുമ്പാ?
ഈറ്റപ്പൊളികൊണ്ട് കാൽമുറിഞ്ഞു, യ്യോ
... എനിക്കവളോട് പിണങ്ങണം.
പനമ്പ് മൂലകൂട്ടി മുത്തശ്ശി എണീറ്റു,
മുണ്ട് കുടഞ്ഞുടുത്തു.
ആ വെള്ള അടിമുണ്ടിൽ പിടിച്ചുതൂങ്ങി.
വിടെടീ...
കുളിക്കാത്തോളാ അവൾ ഗീതാസീകെ
ചീക്കക്കുട്ടി.
മുടിവാരിക്കെട്ടി മുത്തശ്ശി കുലുങ്ങിച്ചിരിച്ചു
അവൾക്ക് കൊമ്പുണ്ട്.
തിളങ്ങുന്ന...
മൂച്ചുകാരിയവൾ ഡെസ്‌കിനുമേലേകേറി
നെരിയാണിയിൽ ഞെളിഞ്ഞുനിൽക്കും.
ചിരിക്കുമ്പോൾ പേരയിലയുടെ മണമാണ്
മായത്തിയവൾ.
ഹിഡുംബിക്കുട്ടി ഗീതാസീകേ.
മുത്തശ്ശി കുടുകുടെ ചിറിച്ചു
വെറ്റ്‌ലമണം കൂടെ ചിറിച്ചു.
പിരാന്തി.
മുത്തശ്ശീ...
മുത്തശ്ശ്യോ...
എനിക്കവളെ തൊടണം.
▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.