നിക്‌സൺ ഗോപാൽ

ഈ ബസ്സിലെ പോക്കറ്റടിക്കാരൻ ആരാണ്?

ഒന്ന്​. (അറിഞ്ഞു കൂടാ )

ന്നൊരിക്കൽ മദ്രാസിൽ ആദ്യമായി ചെന്നിറങ്ങിയ ചെറുപ്പക്കാരൻ
ഒരു ദിവസം നുങ്കമ്പാക്കം ബസ്സിൽ കയറിക്കൂടി...
ഭാഷ പോലുള്ള അവർ തമ്മിലെ ചില ഒച്ചകൾ കേട്ട് ആദരപൂർവ്വം നടന്നു.
മൊഴിയെന്നാൽ സ്‌നേഹം തുളുമ്പൽ....... !

പെരമ്പൂരിലെ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്ന് ആദ്യമായി
ഭാരതീയാർ കവിതകളുടെ പുസ്തകമാണ്, വാങ്ങിയത്...

‘ചുറ്റും വിഴിച്ചുടർ താൻ... കണ്ണമ്മാ...
സൂരിയ ചന്ദിരരോ...
വട്ട കരിയ മിഴി കണ്ണമ്മാ...
വാനെയ്യ് കരിമക്കോൾ വോം...'

വായിക്കാനോ തിരിഞ്ഞുള്ളൂ, പലതിന്റെയും അർത്ഥമറിയില്ല. പോട്ടെ.

രണ്ട്​. (പാലാരിവട്ടം )

പാലാരിവട്ടം മുതൽ മെഡിക്കൽ സെന്റർ വരെ സഞ്ചരിക്കുന്നതിനിടയിലാണ് ആദ്യമായി പോക്കറ്റടിക്കപ്പെട്ടത്.
അറിഞ്ഞയുടൻ ഇറങ്ങി നടന്നു.
വിളിച്ചു പറയാൻ നാവു പൊങ്ങിയില്ല.
ടിക്കറ്റിന് പിന്നെ പൈസ ഇല്ലാത്തതിനാലാണ് ഇറങ്ങി നടന്നത്.
എറണാകുളം ചേട്ടന്മാർ ചിലർ ഇങ്ങനെയാകും...
തമ്മനത്ത് ഒരു ഗുണ്ടാ ഫക്ടറി തന്നെ കാണുമെന്നു കരുതപ്പെട്ടു.
ഒരിക്കൽ അവിടെ പോയപ്പോൾ അങ്ങിനെയൊന്നും കണ്ടില്ല........
ഈ ഗുണ്ടകളൊക്കെ എവിടെയാണ്?

മൂന്ന്​. (ബാറിൽ )

പോളക്കുളം ബാറിന്റെ എതിർ വശത്തും ഒരു ബാർ ഉണ്ട്.
അവിടെ വച്ചാണ് ഒന്ന് രണ്ടു ഗുണ്ടകളെ ആദ്യമായി കാണുന്നത്.
നിലവിൽ 24 കേസുള്ള എന്റെ ചങ്ങാതിയോടൊപ്പം ചുമ്മാ പോയതായിരുന്നു.....
‘ഇവൻ കവിത ചൊല്ലും 'എന്ന് ആദ്യമേ പരിചയപ്പെടുത്തിയപ്പോൾ
ഒരു ഗുണ്ട ഒരു ഉമ്മ തന്നു.
മധുരമുള്ള ബീഫ് വരട്ടിയത് ആദ്യമായി കഴിച്ചത് അന്നായിരുന്നു.
വലിയ ഡീലുകളും ചിതം പറച്ചിലും മൈനസ് പോയിന്റുകളും
സംസാരിക്കപ്പെട്ടത് കേട്ടു.

ഞാൻ അവർക്കു വേണ്ടി പകുതി ബിയർ കഴിച്ചു.

കവിത, മരണത്തെ മാറി ചൊല്ലിയപ്പോൾ ഒരു ഗുണ്ടയുടെ കണ്ണു നിറഞ്ഞു,
പിന്നെ ഇവരെന്തിനാ ഗുണ്ടകളായത്?

കൂടുതൽ ഉമ്മ കിട്ടിക്കോണ്ടിരുന്നു.
അതും വായ കഴുകാത്ത ഉമ്മകൾ.....

ചീര പോലെ കുഴഞ്ഞ രണ്ടാമൻ ഗുണ്ട എന്റെ വിരൽ പിടിച്ച് ചേർന്നിരുന്നു.......

നാല്​. (കലൂർ/ചൊവ്വാഴ്ച പള്ളി...)

വരിൽ ആരെങ്കിലും ആയിരിക്കും ഈ ബസ്സിലെ പോക്കറ്റടിക്കാരൻ
എന്ന വിചാരമുണ്ട്.
ചൊവ്വാഴ്ച പള്ളിയിൽ മാല പൊട്ടിക്കാൻ വന്ന സ്ത്രീയുടെ
വീഡിയോ കണ്ടത് ഓർക്കുന്നു.

ഇക്കാണുന്നവരൊന്നും നീ കാണുന്ന പോലല്ല കുഞ്ഞേ...
പ്രാർഥിക്കുന്നോരെല്ലാരും പ്രാർഥിക്കുന്നോരല്ല.
ചിരിക്കുന്നോരെല്ലാരും... ചിരിക്കുകയല്ല.

അങ്ങനെയുള്ള ഒരാളുടെ കൂടെ ഏറെ മാസദൂരം
ചങ്ങാത്തം പോയിട്ട് ഒരു ദിവസം പറഞ്ഞു:
'എനിക്ക് എല്ലാ വഞ്ചനയും മനസ്സിലാകും എന്ന് പറയുന്നത്
താങ്കൾ വിഡ്ഢിയാവണ്ട എന്ന് കരുതിയിട്ടാണ്,
കുറച്ചു കൂടി വ്യത്യസ്തമായ പാര വയ്ക്കൂ... ''

എന്നാൽ തുടർന്നും
അവന് മറ്റൊരു ഭാഷ അറിയാത്തതു പോലെ തോന്നി.

അഞ്ച്​. (ടൗൺ ഹാൾ )

രു ഭാഷയ്ക്കുള്ളിൽ ഒരേ ലോക്കലിൽ എത്ര ഭാഷകളാണെന്നോ.
തമ്മനം കമ്മട്ടിപ്പാടം കുമ്പളങ്ങി വൈപ്പിൻ...

സംസ്‌കാരത്തിന്റെയും സമ്പന്നതയുടെയും അവശതയുടെയും പല പല ഉടൽ ഭാഷകൾ... !

പോലീസ് പാഠ്യ പദ്ധതിയിൽ ഇത്തരം ഒന്ന് ഉണ്ടാവും.
ആരെയും കണ്ടറിഞ്ഞിടുന്നതാവും പോലീസ് നിരീക്ഷകഭാഷ.
ആ നിലയ്ക്ക് അവിടെ മഹാ സൂക്ഷ്മ ജ്ഞാനികൾ ഉണ്ടാകും.

ടൗൺ ഹാളിൽ നിന്ന് ഇലക്ഷൻ വിചാരത്തിന്റെ
തറുതല സമീപന ഭാഷയാണ് ഇപ്പോൾ
ഒറ്റക്കെട്ടായി വിളിച്ചു പറയുന്നത്.... !
ആ ഉടൽ ഭാഷയിൽ എല്ലാവരും ഒറ്റക്കെട്ട്.!

ആറ്​. (സരിത /സവിത /സംഗീത)

പെണ്ണുങ്ങളെ ഇതുവരെ കാണാൻ പറ്റിയിട്ടില്ല,
കൊട്ടകയുടെ പ്രായം വച്ചു പറഞ്ഞാൽ കെട്ടിപ്പോയിട്ട് മക്കൾ
പ്ലസ് ടൂന്​ പഠിക്കുന്നുണ്ടാവും...
ഓപ്പറേറ്റർ മുരളിയോട് പറഞ്ഞ് തിരക്കുള്ള സമയത്തു ടിക്കറ്റ് ഒപ്പിക്കുമായിരുന്നു.
ഇന്നും പഴയ കാണികൾ ആണ് അവിടത്തെ സ്ഥിരം കാണികൾ...

പോക്കറ്റടിച്ചിട്ട് ആ കാശുമായി അവൻ ഈ ആൾക്കൂട്ടത്തിൽ അലിയാൻ വരുമോ?

ഏഴ്​. (വീണ്ടും ഭാരതിയാർ )

ഭാരതിയാർക്കവിതകളുടെ കാസെറ്റ് വാങ്ങി പാട്ട് പഠിച്ച്
അതു മൂളി നടക്കാൻ തുടങ്ങിയിരുന്നു...
പാർക്കിലും ലൈബ്രറിയിലും ലോക്കൽ ട്രെയിനിലും ബസ്സിലും...

ബസ്സ് കൊയെമ്മെട് വിട്ടത് കൊടും തിരക്കിൽ,
അഞ്ചോ പത്തോ കൈകൾ കുറുകെയും നെടുകെയും പിടിച്ചു തൂങ്ങിയിരുന്നു.

അതിൽ ഏതു കൈകളാണെന്റെ പോക്കറ്റടിച്ചത്?

പെട്ടന്ന് ഭാഷ അസ്തമിച്ചു പോകുന്നു.
ആരോട് എന്ത് പറയാൻ....?

ടിക്കറ്റ് എടുക്കാൻ ഇനിയും കാശില്ലാത്തതിനാൽ ഇറങ്ങി നടന്നു.

എട്ട്​. (മേനക )

കൈയിൽ ചരടും ചന്ദനക്കുറിയും തൊട്ട ഒരു കുല പുരുഷന്റെ മേൽ,
ബസ്സിന്റെ താളത്തിൽ ചാഞ്ഞും ചരിഞ്ഞും ആടിയുമാണ് അവൻ നിന്നിരുന്നത്.

അയാളുടെ ചന്തിയിലെ പോക്കറ്റിൽ അവൻ അജ്ഞാതമായ തംബുരുവിലെന്നോണം ഒരു മൃദു താളം മീട്ടുകയാണോ എന്നു തോന്നും.
ഇതൊക്കെ ബസ്സിന്റെ വല്ലാത്ത ഏകതയിലാണ് തുടരുന്നത്.

ഇതു ഞാൻ മാത്രമേ കാണുന്നുള്ളൂ എന്നറിഞ്ഞയുടൻ അവൻ കണ്ണിറുക്കി.
ഞാൻ ചിരിച്ചു.

ഈ നിരീക്ഷണ വൃത്തത്തിൽ നിന്നുകൊണ്ട് അവന് ഇനി ഒന്നും ചെയ്യാൻ സാധിക്കില്ല.

തിരിച്ചിറങ്ങുമ്പോൾ എന്റെ ശരീരത്തിൽ മുട്ടിച്ചേർന്ന് അവൻ തെല്ലിട നിന്നു.
ഞങ്ങൾ ഒരേ താളത്തിൽ ശ്വസിച്ചു.

‘ഈ ബസ്സിലെ വരുമാനക്കാർ എത്ര ചെറുതാണ്...
നിനക്ക് വല്ല മന്ത്രിമാരെയോ ജഡ്ജി മാരേയോ തിരുടിക്കൂടെ......
പോക്കറ്റോ.... ഭവനമോ...? '

എന്നായിരുന്നു എന്റെ ആത്മഗതം.
​▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


നിക്‌സൺ ഗോപാൽ

കവി. പത്രപ്രവർത്തനം, പുസ്​തക പ്രസാധനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്​. സമാന്തര പ്രസിദ്ധീകരണമായ ‘കവിതാ സംഗമം’ മാസികയുടെ മാനേജിങ്​ എഡിറ്ററായിരുന്നു.

Comments