ആർ. ശ്രീജിത്ത് വർമ

കവിതയെക്കുറിച്ച്എട്ട് കവിതകൾ

​ഒന്ന്​: കവിയ്ക്ക് കിട്ടിയ ശിക്ഷ

നത്താവളത്തിൽ
കാവ്യനിയമവിരുദ്ധമായി
അലങ്കാരക്കടത്തിന്
പിടിക്കപ്പെട്ട കവിയെ
ആജീവനാന്ത ചമൽക്കാരവിലക്കിന്
വിധിച്ചു വായനക്കാരന്റെ കോടതി.

രണ്ട്​: കവിയുടെ പരിക്ക്

രിക്കലും കുലയ്ക്കില്ലെന്ന്
കരുതിയ കവിതാമരം വെട്ടാൻ
മൂർച്ചയുള്ള പേനയുമായി വന്ന
കവിയുടെ മണ്ടയിൽ
പെരുത്തൊരു കവിതപ്പഴം വീണ്
കഴുത്തിൽ ബെൽറ്റിട്ട് നടപ്പാണ്.

മൂന്ന്​: കവിയരങ്ങിൽ നിന്ന് പുറത്താക്കപ്പെട്ട കവിത

നുപ്രാസവും അലങ്കാരവും
മുറപ്രകാരം കലക്കിയാണ്
കവിത കൂട്ടിയതെങ്കിലും
പിഴച്ചു പോയ ഉച്ചാരണം
മൂലം പുറത്താക്കപ്പെട്ട
കവിത കവിയരങ്ങിന്റെ
പുറത്ത് ഭാഷ വിരിച്ച്
സമരമിരുന്നു.

നാല്: വഴിതെറ്റിയെത്തിയ വായനക്കാരൻ

ഗൂഗിൾ മാപ്പിൽ വഴി തെറ്റി
കവിതയിൽ വന്നു കേറിയ
പുതിയ വായനക്കാരൻ
രണ്ടു ദിവസം അവിടെ
ചുറ്റിക്കറങ്ങിയാണ്
വീടെത്തിയത്.

അഞ്ച്​: കവിതായക്ഷി ചെയ്തത്

വായനശാലയിൽ സ്ഥിരമായി
പുസ്തകം പ്രേമിക്കാൻ വരാറുള്ള
അയാളെ കവിതായക്ഷി പ്രലോഭിപ്പിച്ച്
കടത്തിക്കൊണ്ട് പോയിട്ട്
​മൂന്ന് ഖണ്ഡകാവ്യങ്ങൾ കഴിഞ്ഞു.

ആറ്​: കാവ്യമോഹിയ്ക്ക് സംഭവിച്ചത്

വിതയിലേക്കുള്ള കുറുക്കു വഴി
അന്വേഷിച്ച് പോയ
കാവ്യമോഹിയുടെ ജഡം
പത്രത്തിന്റെ ചരമപ്പേജിലടിഞ്ഞത്
മൂന്നാം പക്കമാണ്.

ഏഴ്​: വായനക്കാരൻ ചെയ്തത്

ഴം കുറഞ്ഞ കവിതയിൽ
വായനയ്ക്കിറങ്ങിയ ഒരാൾ
ഇടയ്ക്ക് വെച്ച് കവിതയുപേക്ഷിച്ച്
നടന്നാണ് മറുകര പറ്റിയത്.

എട്ട്​: കവിതയൂണിന് ശേഷം

രുചിയുള്ളൊരു കവിതയുണ്ട്
എഴുന്നേറ്റ വായനക്കാരൻ
പുറത്തിറങ്ങി ലോകത്തെ
​ആർദ്രതയോടെ നോക്കി ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. ആർ. ശ്രീജിത്ത് വർമ്മ

കവി. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്​നോളജിയിൽ ഇംഗ്ലീഷ് ഡിപ്പാർട്മെന്റിൽ അസിസ്റ്റൻറ്​ പ്രൊഫസർ. പ്രൊഫ. അജന്ത സർക്കാരുമായി ചേർന്ന് ​​​​​​​ Contagion Narratives: The Society, Culture and Ecology of the Global South എന്ന പുസ്തകം എഡിറ്റ് ചെയ്തിട്ടുണ്ട്​, 2023ൽ പുറത്തിറങ്ങും.

Comments