രഗില സജി

തീണ്ടാരിക്കവിതകൾ

ട്ടറപ്പോടെ
ഒട്ടിയിരുന്നു
എട്ടാം ക്ലാസ്സിലെ
ബെഞ്ചിലൊന്നിൽ.
ആരും കാണാതിരിക്കാൻ
പ്രാർത്ഥിച്ചു
എന്നിട്ടും എന്നെത്തേടി വന്ന
ടീച്ചറുടെ ചോദ്യ (ചിഹ്ന)ത്തിനറ്റത്ത്
ഇറ്റുവീണു ഒരു ചോന്ന പുള്ളി.

രണ്ട്​

ചരിഞ്ഞുറങ്ങും ഒരുവൾ
ശ്വാസഗതിക്കനുസരിച്ച്
മേലിളക്കിക്കൊണ്ടിരുന്നു.
വളവ് തിരിവുകളുടെ
ഇടുപ്പിൽ എങ്ങോട്ട് നീങ്ങണമെന്ന്
ഒരു വേദന സംശയത്തിൽ നിന്നു.
ഒന്നാം വേദനയുടെ
ഓർമ്മകളടക്കിയ
ആഴം കണ്ടിടത്തേക്ക് പോയി
പുളവനെപ്പോലെ വഴുതി.
രണ്ടാം വേദന
മൂന്നാം വേദന
ഒടുവിലത്തെ വേദനകൾ
കലങ്ങി മറഞ്ഞു.

ഉറക്കത്തിലിടിഞ്ഞ
ശരീരം മുറുക്കി
അവൾ എണീറ്റിരുന്നു.
തുടകൾക്കിടയിൽ ഇറുക്കം.
തിരണ്ടു പോയതിന്റെ വേദന അടിവയറ്റിലാളിത്തുടങ്ങി.
അവൾ കമിഴ്ന്നുറങ്ങാൻ ശ്രമിച്ചു.

മൂന്ന്​

അസ്തമനത്തിനു മുമ്പേ
ആകാശം
തൊട്ടെടുക്കുന്നു
ചോന്നു വിങ്ങും ഒരുത്തിയുടെ പകൽ

നാല്​

‘ചാന്ദ് പർ ദാഗ്'
എന്നൊരു കോഡുണ്ടായിരുന്നു
ഞങ്ങൾക്കിടയിലന്ന് .
ഇന്നതു പോലെന്താണാവോ
പെൺകുട്ടികൾ
ചിരിയോടെ
കൺമാറുന്നത്.

അഞ്ച്​

തീണ്ടാരിത്തുണികളിലുള്ളത്രയും
ഭംഗിയുള്ള ചിത്രങ്ങൾ
കണ്ടിട്ടേയില്ലിതുവരെ .
ചോപ്പിൽ നിന്നാണെന്ന് തോന്നും
നിറങ്ങളെല്ലാമുണ്ടാവുന്നത്.
ജീവനുണ്ടാവുമ്പോലെ​▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


രഗില സജി

കവി. അൽ സലാമ കോളേജ് ഓഫ് ഒപ്റ്റോമെട്രിയിൽ ലക്​ചറർ. മൂങ്ങയിൽനിന്ന് മൂളലിനെ വേർപെടുത്തുംവിധം, എങ്ങനെ മായ്ച്ചുകളയും ഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments