ചുവപ്പിന്റെ നേർത്ത സൂചിമുനകൾ
കടും പച്ച താലത്തിൽ
കടുംകെട്ടിട്ട് കുത്തിക്കെട്ടി
തുന്നിയിരിക്കുകയാണ്.
പേര് ചോദിച്ചപ്പോൾ
പൗഡർ പഫ് എന്ന് പറഞ്ഞു ചിരിച്ചു.
കണ്ണുകൾ എപ്പോഴും ഓർത്തു വയ്ക്കുന്ന
ഭൂമിയിലെ ആ വിളംബരം ഓർമ്മ വന്നു.
ജനനം
തൊട്ടിൽ, പാൽമണം
പിന്നെ, അടപ്പുള്ള ഡപ്പയിലെ പൗഡർ പഫും, ചെറു പിടച്ചിലുകളും.
കണ്ണ് രജിസ്റ്റർ ചെയ്തു വയ്ക്കുന്ന
മറ്റൊരു കാഴ്ചയും ഇല്ലേ?
മരണം!
നിശ്ചലതയിൽ
മേനി പുൽകും പൂക്കളുടെ തലോടൽ.
അവസാനം വരെ ദേഹിയെ പുണർന്നിരിക്കാൻ പുതപ്പാവുന്നവർ.
പൗഡർ പഫ്
ആ വിളിയിൽ
ലെയ്‌സ് വച്ച താലത്തിലിരുന്നു
പൂവ് നടുങ്ങി, കാറ്റ്
വന്ന് പൂവിനെ തൊട്ടിലാട്ടി.
ഒരു പേരിലെന്തിരിക്കുന്നു?
ഏറെ ഉണ്ടെന്ന് ഉത്തരം.
പതിച്ചു കിട്ടിയ പേരുമായി
പൂവ് ചെടിവിട്ടിറങ്ങുകയായി.
പൂവ് വീടിനെ ചാരുകയായി
വീട് പൂവിനെ ചേർത്ത് പിടിക്കുന്നു
വീടിന്റെ സ്വരം, വീടിന്റെ നിറം
പിറവികൾ, കടന്നു പോവലുകൾ
ആഹ്ലാദങ്ങൾ ഒക്കെയും.
മഴ വരുന്നുണ്ടെന്ന് പൂ പറയുന്നു
കിളി വന്നുവെന്നും കൂടുകൂട്ടിയെന്നും
ഒരു കുടുംബം പറന്നു പോയെന്നും
പറഞ്ഞവർ വാചാലരാവുന്നു.
മുറ്റത്തെ വറ്റലിൻ ഉപ്പ്
നോക്കാൻ കാക്ക വന്നുവെന്നും
ചരലിൽ ഒരു കുഴി കുഴിച്ചു
ലജ്ജയോടെ പൂച്ച നടന്നു പോയെന്നും
പറഞ്ഞവർ കൈ ചൂണ്ടുന്നു
സന്തോഷത്തിന്റെ രഹസ്യങ്ങൾ
തുന്നിപ്പിടിപ്പിച്ച ചേല നിവർത്തിയിട്ട്
പൗഡർ പഫ് ഉന്മാദിനിയാകുന്നു.
പിന്നെ ഒരു നെടുവീർപ്പിൽ
വീട് വിട്ട് പറന്നു പോയവരുടെ
ആത്മാക്കളെ തലോടിക്കൊണ്ട്
പൗഡർ പഫ് ദുഖത്തിന്റെ
രഹസ്യങ്ങൾ ഉരുവിടുന്നു.
അതിനുശേഷം കുടഞ്ഞു ചിരിച്ചുകൊണ്ട്
വീടിനെ ആഞ്ഞു പുണരുന്നു.
രാത്രി വണ്ടി
പുലർച്ചെ ഒന്ന് മുപ്പതിനാണ്
എന്റെ ഉറക്കത്തിനുമേലെ
ആ തീവണ്ടി ശബ്ദം
കൂകി പാഞ്ഞുകടന്നു പോകുന്നത്.
ഞാനപ്പോൾ രാവെന്നോ പകലെന്നോ
നിശ്ചയമില്ലാത്തൊരു അവസ്ഥയിൽ നിന്ന്
എന്നെ ഊരിയെടുത്ത്
ഇരുട്ടിന്റെ കുപ്പായത്തിൽ
തണുപ്പും പുതച്ചു കൊണ്ട്
ആ രാത്രിവണ്ടിയുടെ അവസാനബോഗിയിലെങ്കിലും
ഇടം പിടിക്കും.
ആ സമയം
സുബോധത്തോടെ
പകലിലേക്കുള്ള പ്രയാണത്തിൽ
ഇരുട്ടിനെ തുളച്ചു കീറി
രാത്രി വണ്ടി പായുകയാവും.
തിങ്ങി നിറഞ്ഞ തീവണ്ടിയിൽ
എന്നെ പോലെ പലരുണ്ട്.
പല ഇടങ്ങളിൽ നിന്ന്
കുതറി മാറി ബോഗികളിൽ
കയറി പറ്റിയവർ.
ഇരുന്നുറങ്ങുന്നവരിൽ നിന്ന്
എത്രയോ പേർ ഞങ്ങളെപ്പോലെ
എങ്ങോട്ടോ ഇറങ്ങിപോയിട്ടുണ്ട് ?
എന്തിനെന്നോ, എങ്ങോട്ടെന്നോ
അറിയില്ലാത്ത യാത്രയിൽ
യാത്രികർക്കെല്ലാം ഒരേ മുഖമാണ്.
പോകുന്നതെല്ലാം ഒരേവഴിയാണ്
പുലരുന്നതെല്ലാം ഒരേ രാവിലാണ്.
ഏകാകിനിയായി തിരിച്ചുള്ള വരവിൽ,
ഉറക്കമെണീറ്റ ഒരുവൾ
ആലസ്യത്തോടെ വീട്ടിലുണ്ടാവും.
പുതപ്പ് മടക്കികൊടുത്തു കൊണ്ട്
ഒന്നുമറിയാത്ത പോൽ
അവളിലേക്ക് കടന്നുകൂടും.
കിടക്കവിരിയുടെ നാലുമൂലകളും
വലിച്ചൊതുക്കി നിരപ്പാക്കി കൈകോർത്തുകൊണ്ട്
പകലിലേക്കു ഇറങ്ങും.
പിന്നെയങ്ങോട്ട്
പുലരിയുടെ കലപിലകളും
കടുക് വറുക്കുന്ന മണവും
ആവി പറക്കുന്ന പ്രാതലും
വീടിനെ ഉണർത്തുമ്പോൾ
കുറ്റബോധത്തോടെ ഞാനെന്റെ
കണ്ണുകൾ താഴ്ത്തും.
അപ്പോൾ
ഏറെ തല്ലു വാങ്ങി പതം
വന്നൊരു പുൽച്ചൂൽ
എന്നെയുമെടുത്ത്
പരിഹാര പ്രദക്ഷിണം
തുടങ്ങിയിട്ടുണ്ടാവും.
തൂത്തു വാരിക്കൂട്ടിയതൊക്കെയും
തന്റേതല്ലെന്ന കൈമലർത്തലിൽ
ആ ശ്രേഷ്ഠ ജന്മം
വേഗം പണി തീർത്ത്
ഒരു മൂലയിലേക്ക്
ഒതുങ്ങി മാറും.
എങ്കിലും താണ്ടിയ ദൂരങ്ങളും
യാത്രയുടെ ലഹരിയും
പിന്നെയും രാത്രിവണ്ടിയേൽ
കേറിപ്പറ്റാൻ പ്രേരിപ്പിച്ചു
കൊണ്ടേയിരിക്കും. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.