ജാനുവേടത്തിയുടെ കോയി

ഒന്ന്​

ഞാളാളെന്നും
ഒലാളെന്നും പറഞ്ഞ്
നിരന്തരം
മിനുങ്ങിക്കൊണ്ടിരുന്ന
ഒരു കത്തി
ഇന്നലെ ഇവിടുന്ന്
ഇറങ്ങി പോയിട്ടുണ്ട്.

ഓലാളെ കുട്ട്യേള്
ഞാളാള തൊട്ടാ
നോക്കിയിരിക്കൂല.
ഞാളെ ഉപ്പും തിന്ന്
എല്ലിന് പിടിച്ചപ്പോ
ഓലിക്കൊന്നും
തിരിയാണ്ടായിക്ക്.

ഞാളാളെ
മിനുക്കം എന്തെന്ന്
ഓലുമൊന്നറിയണമല്ലോ.

ഞാളാളിലൊന്നിനെ
തൊട്ടാലെന്താകുമെന്ന്
ഓലാക്ക് തിരീക്കണം എന്ന്
പിറുപിറുക്കുന്നുണ്ടായിരുന്നു.

ഓലാളെ
ചോര കണ്ടിട്ടേ
തിരിച്ചുവരൂ
എന്നാണയിട്ടാണ്
ഇറങ്ങിപ്പോയത്.

രണ്ട്​

ഞാള് പറേമ്പോലെ
നിന്നാലോലിക്ക് നല്ലത്
എന്ന് കവലയിലെ
ചായപ്പീടിക
കുലുങ്ങി കുലുങ്ങി
​കളിയാക്കുന്നുണ്ട്

ഓലിക്കങ്ങ് ബിളിച്ചാലെന്താ

ഒരു ജയ് ബിളിച്ചാ
പടച്ചോൻ ചോടിച്ചൊവോ
എന്ന് കുളക്കടവിൽ
അലക്കു കല്ലിൽ
ആഞ്ഞടിക്കുന്നുണ്ട്.

ഓൻ പയ്യിനെ പോറ്റിയാൽ
മ്മള ആളോക്ക് മോശാന്ന്
ആൽത്തറ തുടച്ച് ഉടുമുണ്ട്
ക്ലാസെടുക്കുന്നുണ്ട്.

മൂന്ന്​

ങ്ങനെയാണ്
പുതിയാപ്ല വന്നേരം
ജാനുവേടത്തി
ഓടിച്ചു പിടിച്ച
ഒലെ പിരിശപ്പെട്ട
പൂവൻ ബീഫായത്.

ചിക്കനും തിന്നിറങ്ങിയ
പുതിയാപ്ല രാജ്യദ്രോഹിയായത്.
ചിക്കൻ കറിയാക്കിയ
ബീബിയെ വയറു കീറിയത്.

എന്നാലും എന്റെ കോയീ
ഇഞ്ഞെങ്ങനെ ബീഫായീ എന്ന്
താടിക്കു കൈയും കൊടുത്ത്
അങ്ങോട്ടും ഇങ്ങോട്ടും
നടന്ന് ജാനുവേടത്തി.

​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments