വി.എം. ഗിരിജ

ആ വീട്ടിലില്ല വെളിച്ചം​​

വീട്ടിലില്ല വെളിച്ചം, പാതി
രാവുകളാണ് പകലും.
‘‘കിറ്റീ പ്രിയപ്പെട്ട തോഴീ'' നോട്ട്-
ബുക്കിൽ കുറിക്കയാണെല്ലാം.

ആ വീട്ടിലില്ലാ വെളിച്ചം, ഇരുൾ
കോരിക്കുഴച്ച കുഴലാൽ
പാരുന്നു വേഗം പരക്കും മൃതി,
പോലൊരു നീലനിരാശ.

‘‘ഹാനുക്ക''൩ ഏഴു ദീപങ്ങൾ, വച്ചു
പൂഞ്ചില്ല പോലുള്ള തണ്ടിൽ
ഉല്ലാസം, ഓർമ പ്രാചീനം,അതിൽ
തെല്ലു വെളിച്ചം കൊളുത്തി!

എല്ലാരും വേദനിക്കുമ്പോൾ, വീണു
മഞ്ഞിൽക്കിടന്ന് വേവുമ്പോൾ
ചൂടുള്ള കോസറിക്കാരി, ഒളി -
ത്താവളത്തിൽ നിന്നു ചൂളീ!

തട്ടിൻപുറത്തെയിരുട്ടിൽ കറും-
കട്ടിത്തിരശ്ശീല കയ്യാൽ
ഒട്ടു വകയവേ കാണും തെരു-
വെത്ര വിദൂരം അപ്രാപ്യം.

താഴോട്ട് പാളി നോക്കുമ്പോൾ
റോട്ടിൽ ഓടുന്നു പിള്ളേർ അലമ്പർ
ചൂടുടുപ്പും ഷൂസുമില്ലാ കൂട്ടി -
നാരെന്ന് നിശ്ചയമില്ലാ!

സ്‌കൂളിൽ മിടുക്കരായ് പോയീ
ബാഗിൽ പ്രാതലിൻ ചൂടു മാഞ്ഞില്ലാ,
വീട്ടിൽ തിരിച്ചു വന്നപ്പോൾ -ആരും
ബാക്കിയില്ലാ, കൊണ്ട് പോയീ;

അങ്ങതാ കാണാം തെരുവിൽ ചെളി-
മഞ്ഞിലുരുളും കിടാങ്ങൾ
തല്ല് കൂടുന്നത, വരെ പുൽകിയൊന്ന്
ചോറേകുവാൻ മോഹം.

അങ്ങനെ ആൻ ഇരിക്കുന്നൂ, കണ്ടു
കൊണ്ടും വിചാരിച്ചു കൊണ്ടും
തന്റെ ഒളിവിൽ ലജ്ജിച്ചും ലോകം
എന്തിങ്ങനെ എന്നു നൊന്തും.

മഞ്ഞ നക്ഷത്രം ഇടത്തെ നെഞ്ചിൽ
പർവതം പോൽ കനക്കുന്നൂ
ജാതി മതം പാർട്ടി പെണ്ണെന്നെല്ലാം
നാമും അത് ധരിക്കുന്നൂ

എല്ല് തുളയ്ക്കും തണുപ്പേ, ചോര
മഞ്ഞാക്കി മാറ്റും ഭയമേ,
അന്യോന്യം കൊല്ലും വിശപ്പേ,
ലോകം ഒന്നു നശിച്ചു പോയെങ്കിൽ!

(൧. ആ വീട്ടിലില്ല വെളിച്ചം: ആ വീട് എന്നിവിടെ സൂചിപ്പിച്ചിരിക്കുന്നത് നാസികളുടെ കയ്യേറ്റത്തെ ഭയന്ന് ആൻ ഫ്രാങ്ക് ഒളിച്ചു താമസിച്ച തട്ടിൻപുറ വീട്. ൨.കിറ്റീ: ആൻ ഫ്രാങ്ക് തന്റെ നോട്ട്ബുക്കിനെ സംബോധന ചെയ്ത പേര് ൩. ഹാനൂക്ക: ജൂത ദീപാവലി എന്നു പറയാം. ൪. മഞ്ഞ നക്ഷത്രം: ആറു വയസ്സിനു മുകളിലുള്ള ജൂതന്മാർ തിരിച്ചറിയപ്പെടാൻ വേണ്ടി മഞ്ഞ നക്ഷത്രം ധരിക്കണം എന്ന നിയമം 1941-ൽ നിലവിൽ വന്നു.)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി.എം. ഗിരിജ

കവി. ആകാശവാണി കൊച്ചി നിലയത്തിൽ പ്രോഗ്രാം അനൗൺസറായിരുന്നു. ​​​​​​​പ്രണയം ഒരാൽബം, ജീവജലം, പാവയൂണ്, ഇരുപക്ഷംപെടുമിന്ദുവല്ല ഞാൻ, സ്​പർശം എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments