ഒരുവൻ നെറ്റിയിലുമ്മ വയ്ക്കുന്നു
കൊളുത്തുപോലെ ശിരസ്സിൽ
തൂങ്ങി കിടന്നു കൊണ്ട്
പാദങ്ങൾ വേർപെട്ട്
ഒരു തുമ്പി ചിറകടിച്ചുയർന്നു
സിന്ദൂര രേഖയിൽ ചുംബിക്കയാണതപ്പോഴും
കുറുതായൊരു പ്രാണിയായി
ചോരകുടിയ്ക്കുന്നു
പ്രജനന വഴിയിലൊരു
പുഴുവിനെ മസ്തിഷ്‌കത്തിലേക്ക്
തുപ്പിയിടുന്നു
അത് തലച്ചോറിൽ സ്വച്ഛന്ദം വിരാജിയ്ക്കുന്നു
പുളഞ്ഞുലയുന്നു
തലങ്ങും വിലങ്ങും
ഇടുക്കിലും മുക്കിലും
പട്ടാളക്കാരനെ പോലെ നുഴഞ്ഞു നടക്കുന്നു
ചിന്തകൾ കാർന്നു തിന്നുന്നു
കരയുന്നുമില്ല ഞാൻ ചിരിക്കുന്നുമില്ല
കാഴ്ചയൊരു പൊട്ടിലാണ്
ഒച്ചയിൽ ഒരേ ശബ്ദം
പറയാൻ ഒരേ വാക്ക്
നീ!
2. അനിർവചനീയം- undefined
ഇല്ല പ്രിയപ്പെട്ടവനെയില്ല
ഒരു കണക്കും നീ തെറ്റിച്ചിട്ടില്ല
അസംഖ്യം സ്വപ്നങ്ങൾ പൂജ്യത്തിൽ നിരത്തിയും
പൂജ്യത്തോട് ഹരിച്ചും കണക്കുകൾ തെറ്റിച്ചത് ഞാനാണ്
ഗുണകോഷ്ഠത്തിൽ
ഉമ്മകൾ തിരിച്ച് ചോദിച്ചതും ഞാനാണ്.
പൂർണ്ണമായ് ഒന്ന് കൊണ്ട്
ഹരിച്ചുകണ്ടിട്ടും പോരാഞ്ഞ്
പൂജ്യത്തിൽ തന്നെ
ഹരിച്ച്
കണ്ടെത്താനാവാത്ത
പ്രേമത്തിന് ഞാൻ
വാശിപിടിച്ചതെന്തിനാണ്?
ശിഷ്ടം മുഴുവൻ
സ്ലേറ്റിൽ നിന്നും
തുടച്ചു നീക്കും മുൻപ്
എന്നോട് പറയ്
അപൂർണ്ണമായിട്ടെങ്കിലും എന്നെ സ്‌നേഹിച്ചിരുന്നുവെന്ന്
3. ചിന്തകളുടെ റദ്ദാക്കപ്പെട്ട തീവണ്ടികൾ
ഉമ്മകൾ അടുക്കി വച്ച ചീട്ടുകൊട്ടാരം
നോക്കി നോക്കി
കൊതിച്ചിരിക്കും
തൊടാതെ തൊട്ട് കുളിർന്നിരിയ്ക്കും
പിന്നെ
ഒറ്റ ചവിട്ടാണ്
പ്രതീകാത്മകമായി
കത്തിക്കാൻ താളുകളില്ല
കണ്ണടച്ചുളളിൽ
സ്വയം കത്തണം
ചിന്തകളുടെ
റദ്ദാക്കപ്പെട്ട തീവണ്ടികൾ
മുകളിൽ
ഇലക്ട്രിക്ക് കമ്പിയിൽ
ചത്തഭ്രൂണം
തല മുണ്ഡനം ചെയ്ത സ്ത്രീകളതിനെ
ഊഞ്ഞാലാട്ടുന്നു
വേദന പടിയടച്ച്
പിണ്ഡം വച്ച്
വഴി തേടി
വിട വാങ്ങുന്നു
4. ഇത്തിരിക്കടൽ
പെരുത്ത കടലുമല്ല
പ്രളയവർഷവുമല്ല
വറ്റിപോം മുൻപേ
ഹൃദയപ്പരൽ മീനുകൾ
കലക്കവെള്ളത്തിൽ
ചത്തു മലക്കും മുൻപേ
ഇത്തിരി, കുമ്പിളിൽ
കോരമോ?
കുഞ്ഞോളമായെത്ര
നിൻ
കാല്പാദങ്ങളിൽ
തൊട്ടു തലോടി ഞാൻ
കുഴമണ്ണ്
കൈ വിരൽ താണ്ടി
നിൻ
ഉടലിൽ മെഴുകാൻ
ചുംബനോഷ്ണത്തീച്ചൂളയിൽ
ഉറച്ചു ചേർന്നു
ചായം തേച്ച്
നാമിരുപേർക്കുമുയിരായിടാം
5. മടുപ്പുടവ
മനുഷ്യനെ പോലെ വിശക്കുന്നുവെന്നഴുതി
അയാൾ
ആത്മഹത്യ ചെയ്‌തെന്ന്
ഉണ്ട് കഴിയട്ടെ
ഉറങ്ങി തീർക്കട്ടെ
ഉടുത്തൊരുങ്ങട്ടെ
എന്നിട്ട്
വലം വെച്ച്
മടുപ്പിലേക്ക് നമുക്കൊരുമിച്ച് മടങ്ങാം
6. സർവകലാശാലയിലെ തോട്ടക്കാരി
ഉപേക്ഷിക്കപ്പെടുമ്പോൾ
അവളദ്ദേഹത്തെയോർക്കും
ചക്രവർത്തി തന്നെ!
ഉറുമ്പുകളേററിയൊരരിമണി
തെച്ചിപ്പൂത്തണ്ട്
സകല പുഷ്പങ്ങളും
ആക്കാൽക്കൽ
വന്നു പതിയും
തണൽ
നോക്കി നിൽക്കെ
ഒരിക്കലദ്ദേഹമവളുടെ
കാല്വെള്ളയിൽ ചുംബിച്ചു
ഒരു മൈതാന പ്രസംഗത്തിലീ തോട്ടക്കാരിയെ താൻ
പ്രണയിക്കുന്നുവെന്ന് വെളിപ്പെടുത്തി
മണിക്കൂറുകൾ വെയിലത്തവൾക്കായ് കാത്ത് കിടന്നു.
ശരിയ്ക്കും കെട്ടുകഥ പോലെ
അനുരാഗവചസ്സുകൾ അതീവശ്രദ്ധയോടവൾ
തൊണ്ടയിൽ കുരുക്കി
തുപ്പിക്കളഞ്ഞു
ചക്രവർത്തിയേങ്ങിക്കരഞ്ഞു
ഒരോ കുളിയിലുമവളാ
കണ്ണുനീരുപ്പ് കഴുകി കളഞ്ഞു
എങ്കിലും
സ്‌നേഹിക്കാൻ പഠിപ്പിക്കുന്ന സർവ്വകലാശാലകളിലായിരുന്നവരിരുവരും
അയാളതികായനായൊരു
പ്രോഫസറും
അവളവിടുത്തെ തോട്ടക്കാരിയും
പ്രണയത്തിന്റെ വിഷയങ്ങൾ
തരാതരമയാളൾ
അവഗാഹം പഠിപ്പിച്ചു
പ്രേമോന്മാദപ്രബന്ധങ്ങൾ
അവതരിച്ചു
അവളോ
തോട്ടത്തിലെത്താളുകൾ കത്തിക്കുന്നതിൽ
ശ്രദ്ധിച്ചു
അവൾക്കായെഴുതിയതൊന്നുമേ തുറന്നതില്ല
അവൾക്കായി നീട്ടിയതൊന്നുമേ വാങ്ങിയതുമില്ല
അദ്ദേഹമവളെ കുളയട്ടയെന്ന് വിളിച്ചു
അതിനെയെവൾ
ചവിട്ടി ഞെരിച്ചു
എന്നിട്ടുമെന്നും സ്വയം ഉപേക്ഷിക്കുന്നതിന്റെ തൊട്ട് മുമ്പ്
രാജ്ഞിയായിരുന്ന കാലത്തെയോർക്കും
അധ്യാപകൻ തോറ്റ് തുന്നം പാടിയ പരീക്ഷകൾ റാങ്കോടെ പാസ്സായത് താന്നല്ലേയെന്നോർക്കും
7. തൂങ്ങിമരണം
നമുക്കിടയിലെ ശുന്യതയിലാണ്
ഞാൻ തൂങ്ങി
നിൽക്കുന്നത്
ഒരുത്തരത്തിന്റെയും ബാന്ധവമില്ലാതെ !
ചോദ്യത്തിന്റെയും !
വാചാലതക്കിടയിലെ മൗനത്തിലാണ്
കുരുക്ക് മുറുക്കിയത്
പൂരിപ്പിക്കാതെവിട്ട
വാക്കുകൾ ചേർത്ത്
മനസ്സ് കടലാസിന് ചോർത്തിയ
മരണക്കുറിപ്പിന്
എപ്പോഴെങ്കിലും
മറുപടിയെഴുതുക
8. പരിതാപം
നിങ്ങളെന്തു ചെയ്കിലുമെനിക്ക്
വേദനിക്കുന്നു
കണ്ടുമുട്ടുമ്പോൾ
അപരിചിതയെന്നുപരിതപിക്കും
പുഞ്ചിരിക്കുമ്പോളെന്നെ
നോക്കാറില്ലെന്നു കരയും
മിണ്ടുമ്പോൾ
കേൾക്കാൻ
ഞാനാളല്ലെന്നു തോന്നും
തൊടുമ്പോൾ
തൊടാതെയുറങ്ങിയ രാത്രിയോർത്ത്
ചുംബിക്കുമ്പോൾ
മിഴികൾ അടച്ചതോർത്ത്
പാടുമ്പോൾ തലോടാഞ്ഞതോർത്ത്
വിസ്തരിക്കാത്ത രാഗങ്ങളിൽ
ഞാൻ അടിമപ്പെട്ടതോർത്ത്
പുണർന്നപ്പോൾ
അണിഞ്ഞ വസ്ത്രത്തെയോർത്ത്
ഞാൻ ഗണിക്കപ്പെടാത്ത മുന്ഗണനകളെയോർത്ത്
എന്തിനും ഏതിനുമെനിക്ക്
വേദനിക്കുന്നു.
9. ഉപേക്ഷിച്ചതും അപേക്ഷിച്ചതും
ഉപേക്ഷിച്ചത്
അയാൾ
നെഞ്ചിനുനടുവിലേക്കെറിഞ്ഞ
കുഞ്ഞുരുളൻ കല്ലുകൾ
പ്രണയവർദ്ധിത ഭാരത്താൽ
ഇറങ്ങി
താഴ്ന്നടിത്തട്ടിലേക്ക്
അപേക്ഷിച്ചത്
ഒഴിഞ്ഞോളങ്ങൾ
പരന്ന്
അലതല്ലിയെതോ
ഉറച്ച കല്പടവുകളിൽ
കേണപേക്ഷിക്കുന്നു
ഒന്ന് സ്‌നേഹിക്കാൻ പറ്റുമോ എന്ന്
10. കണ്ടെത്തൽ- Discovery
ഒരു നാൾ നിന്നെ കണ്ടെത്തിയന്ന്
ഞാനീച്ചമയങ്ങളെല്ലാമഴിച്ചു വച്ചു
നീ കണ്ണുകൾക്ക് മീതേ ചുബിച്ചയന്ന്
കരിമഷി
മാഞ്ഞു പോയതാണ്
ഉടൽ ചേർത്തുപിടിച്ചന്ന്
ചുവപ്പുകുപ്പായം ഞാനഴിച്ചുവച്ചു.
എന്റെ അധരങ്ങൾ സുന്ദരി മീനുകൾ പോലെ
നിർത്താതെ ചലിക്കുന്നുവെന്ന്
പറഞ്ഞതിൽ പിന്നെ
ഞാനതിൽ വർണ്ണച്ചായങ്ങൾ പുരട്ടിയതില്ല.
നീ മുടിയിഴ തഴുകിയതിൽ പിന്നെ ഞാനതു കെട്ടി വച്ചിട്ടില്ല
കാണാച്ചമയങ്ങൾ ചാർത്തിയാത്മാവ് നീ പിരിച്ചെടുത്തതിൽ പിന്നെ,
ഈ പൊന്നുടൽ സ്‌നേഹിച്ചതിൽ പിന്നെ
ഞാൻ ആരോടും പിണങ്ങിയിട്ടില്ല.
ഈ വേഷം കെട്ടഴിച്ചു വക്കാൻ
ഞാനായിയെന്നെ ചേർത്തുനിർത്താൻ
ഒന്നു കെട്ടിപ്പിടിക്കാൻ
ഒന്നു സ്‌നേഹിക്കാൻ
ഒരിക്കൽ നീ വരുമെന്നെനിക്കുറപ്പായിരുന്നു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.