ഷിബു ഷൺമുഖം

ഐതിഹ്യമാല

ടലാസുകളും പിക്കപ്പുകളും എങ്ങോട്ടുവേണമെങ്കിലും പറക്കാം
നദികൾ എവിടെ നിന്നു വന്നു, മലകൾ എങ്ങനെ പൊട്ടിമുളച്ചു
ആകാശം എവിടെ തുടങ്ങുന്നു എന്നു നെറ്റി ചുളിക്കണ്ട
കവിതയിലേ ചോദ്യങ്ങൾ പാടില്ല

ഉച്ചസമയത്ത് അണ്ണാശാലയിലെ സ്​പെൻസർ പ്ലാസയുടെ
തിരക്കിലേയ്ക്ക് റോഡുമുറിച്ച് മുഷിഞ്ഞ ലക്ഷ്യമായി
ഒരു കടലാസു കീറ് പറന്നുവന്നു

ദാ, അല്പം കീറിയ ഒരു പിക്കപ്പ് ഇരുമ്പുപാലത്തിനു
മുകളിലൂടെ അപ്പൂപ്പൻ താടി പോലെ പറന്നുവന്ന്
കരണ്ടുകമ്പിയിൽ കുടുങ്ങി

മറ്റൊന്ന് കടലിനു നേരെ ആവേശത്തോടെ
കുതിയ്ക്കുകയാണ്, ഒരു വാസ്​കോ ഡ ഗാമ

ഒരിക്കൽ രാത്രിയിൽ വെറുതെ ടെറസിലിരിക്കുകയായിരുന്നു
തോളത്ത് ഒരു നനുത്ത സ്​പർശം
തിരിഞ്ഞു നോക്കി
ആരുമില്ല
ഒരു കടലാസ്​ കഷണം ഒന്നിൽ പിഴച്ച്
മൂന്നായി ഒരാളെ പിൻതുടർന്നാൽ
ഈ ഒന്ന് ഒരു യാദൃശ്ചികതയാണ്
ഏതു മാങ്ങയും വീഴും
ഈ മൂന്ന് ഒരു പ്രശ്നമാണ്
മൂന്നാമത്തെ തവണയാണ് ഒരാൾ ചിന്തിച്ചു തുടങ്ങുക

നോക്കൂ, എഴുതാപ്പുറം വായിക്കണ്ട

തെക്കോട്ടു മാറിനിന്നു
കവിളത്ത് ഒരു പൊന്നുമ്മ
കിഴക്കോട്ട് പുറംതിരിഞ്ഞ് നിന്നു
ഇടുപ്പിൽ വന്ന് ഇക്കിളി കൂട്ടുകയാണ്
പടിഞ്ഞാറോട്ടു കുനിഞ്ഞതും
ചന്തിയിൽ കളിയായി ഒരു പെട, ഒരു ചിരി
വടക്കോട്ട് തലകുത്തിയാണ് നിന്നത്
കാലടികളിൽ വന്നുവീണ് വിങ്ങുന്നു
അന്നു രാത്രിയിൽ ഉറങ്ങിയില്ല
പല നിറത്തിലും വലുപ്പത്തിലും
വട്ടമിട്ടു പറക്കുകയാണ്
കീറുന്ന ശബ്ദം
ചുളിയുന്ന ഇഴച്ചിൽ
ചീളുന്ന തരിപ്പ്
മുറുകുന്ന കമ്പനം
വലിയുന്ന അയവ്

രാഘവൻപിള്ളയുടെ കടയിൽ
കൂടുകൾക്ക് പല വലിപ്പമാണ്
അണുവിനെ പൊതിഞ്ഞു തരും വിശ്വൻ ചേട്ടൻ
ആനയെ കൂട്ടിലാക്കും ദിനേശൻ
അണുവിനെയും ആനയേയും പൊളിച്ചു നോക്കി
ആദ്യം കീറുമ്പോൾ അരയ്ക്കു കീഴ്പ്പോട്ടേയുള്ളൂ
അടുത്തത് ശ്രദ്ധയോടെ അടർത്തുമ്പോൾ
മശ ശിഹഞ്ഞുള്ളിൽ കണിശ സ്​ഥാപിച്ചുംബർ 6
എന്നായി കഥ
നോക്കി നോക്കി കടുകുമണി കണ്ണിൽ നിന്നും വഴുതിപ്പോയി
തുമ്പിക്കൈയ്യെ ആരെങ്കിലും ആനയെന്നു വിളിക്കുമോ?

പിന്നെ, വെള്ളം തൊട്ടു ക്ഷമയോടെ
മെർലിൻ മൺറോ തിരിഞ്ഞുനോക്കി
പാർവ്വതിയുടെ കളഞ്ഞുപോയ
നോട്ട്ബുക്ക് തുള്ളിച്ചാടി
സുഷമ വിജയന് പ്രേമലേഖനമയച്ചു
രഹസ്യരേഖ കിട്ടി
മാന്ത്രികനായ മാൻേഡ്രക്ക് കൈവീശി
ഐതിഹ്യമലയിൽ ആനയിറങ്ങി
തെക്കേപറമ്പിന്റെ
ആധാരം കണ്ടുകെട്ടി
കാണാതായ വാസു തിരിച്ചെത്തി
പുഷ്​കരനും നളിനിയും ഒളിച്ചോടി
രമണന്റെ
പത്താം പതിപ്പിറങ്ങി

പാമ്പൻ പാലത്തിലൂടെ കയറിയിറങ്ങി
തെക്കേ അമേരിക്കയിൽ കാലുകുത്തി
താർ മരുഭൂമിയിലൂടെ നടന്നു
നയാഗ്രയിൽ മുങ്ങി
പുന്നമടയിൽ പൊങ്ങി

ഇന്നലെ തൂക്കിവിറ്റ പത്രം കവിതയായി തിരിച്ചെത്തി
കഥയവസാനിച്ചില്ല

സ്​പെൻസർ പ്ലാസയിലേയ്ക്ക് കയറിപ്പോയ കടലാസ്​
കീറിമുഷിഞ്ഞ് പുറത്തേയ്ക്കു പറന്നു
സൂര്യനിലെത്താതിരിക്കില്ല

കമ്പിയിൽ കുടുങ്ങിയത് പാതാളത്തിലെത്താതിരിക്കില്ല
പൊട്ടിമുളക്കാതിരിക്കില്ല

വാസ്​കോ ഡ ഗാമ ഏഴുകടലും താണ്ടാതിരിക്കില്ല, തീർച്ച.
​▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഷിബു ഷൺമുഖം

കവി, ചെന്നൈയിൽ ഫ്രീലാൻസ് ജേണലിസ്റ്റ്. Standing Right Next to You: Lives of HIV Positive People എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments