പിന്നെ അയ്യപ്പൻ
അടുത്ത ജന്മം
ഒരു പക്ഷിയായിട്ടാണ് ജനിച്ചത്
ഇളം പച്ചനിറമുള്ള ചിറകുകൾ
കരിമഷിക്കൂട്ടിൽ കാൽവിരലുകൾ
വെളുപ്പും ചാര നിറവും കലർന്ന അടിയുടൽ
പിങ്കു കൊക്ക്
അതിൻ മൂർച്ച,
മീതെ, മറുനാട്ടിൽ റയിൽവെ സ്റ്റേഷനിൽ
വച്ചു കണ്ടപ്പോഴുള്ള
അതേ
അയഞ്ഞ ശാന്തമായ നോട്ടം.
ഇരിക്കുന്ന
ചായക്കടയുടെ പൊട്ടിയ
മേൽഷീറ്റിൻ്റെ തലപ്പത്ത്
മഴ തോർന്ന പൂപ്പലിൽ
വഴുക്കാതെ
ചിറകുകൾ ഒന്നനക്കി
അരയിഞ്ച് മുന്നോട്ടാഞ്ഞ്
ഇടതുവശം ഊന്നി
കാറ്റിനെ തടഞ്ഞു നിർത്തി
ഭൂകാന്തത്തിനെതിരെ,
പക്ഷി മനസ്സിൽ കവിത ചൊല്ലി.
തൊട്ടുതാഴെ
ഞങ്ങൾ
ലഹരി തുളുമ്പാത്ത
മറ്റൊരു മൺകോപ്പയിൽ
ചായയുണ്ടാക്കി
വേറൊരു മൊഴിയിൽ
സപ്ലെ ചെയ്തു
ചായ ചായപോലുമായില്ല
ഞങ്ങളുടെ ശ്വാസം
തിരിച്ചറിയാനാവാത്ത
ഒരു ഭാഷയിലായിരുന്നു,
ഹൃദയസ്പന്ദനം
നഷ്ടപ്പെട്ടഒരു ലിപിയായി.
മനസ്സു ചോർന്നുപോയ
ഒരു മൊഴിക്ക്, കോഡുകളുടെ കാട്ടിൽ
മറ്റൊരു അലോഗരിതം
രൂപപ്പെടുന്നതുവരെ,
ഒന്നും ചെയ്യാനില്ല,
കേൾക്കാനാവാത്ത
നിറങ്ങൾക്കും
കാണാൻ പറ്റാത്ത
സ്വരങ്ങൾക്കുമിടയിൽ
വിറങ്ങലിച്ചു നിൽക്കുന്ന
ഏതു തൂവലാണ്
മഴവില്ലിൻ്റെ കുഞ്ഞാവാനാഗ്രഹിക്കുക
പറന്നു പോകും മുമ്പ്
അയ്യപ്പനെല്ലാം മനസ്സിലായിരുന്നു.
