ആലുവ മണപ്പുറത്തെ
വൈകുന്നേരം
പലതരം പക്ഷികൾ
പുഴക്ക് മുകളിൽ പറന്നു കളിച്ചു
വാനിന് തൂണെന്ന പോലെ
നാലു ഫ്ലാറ്റുകൾ നിവർന്നു നിന്നു
ഒരു ഐസ്ക്രീം വണ്ടി
മണിയടിച്ച് ആളെക്കൂട്ടി
ഇല വിരിഞ്ഞ വഴിയോരത്ത്
രണ്ട് ആൺകുട്ടികൾ
തൊട്ടുതൊട്ടിരുന്നു
കടലെന്ന് കരുതി
ഓളങ്ങളിൽ ചെരിപ്പെറിഞ്ഞ്
ഒരു പെൺകുട്ടി തിര കാത്തിരുന്നു
നനഞ്ഞ കുളക്കോഴി
ഉണങ്ങിയ മരക്കൊമ്പിൽ
പറന്ന് വന്നിരുന്നു
നോക്കി നിൽക്കെ
സൂര്യൻ അലിഞ്ഞലിഞ്ഞ്
താഴേക്ക് പോകാൻ തുടങ്ങി
കല്പടവിൽ
രാവിലെ ആരോ ധ്യാനിച്ചുവെച്ച
ഉരുളയിൽ നിന്ന്
ഓരോ കൊത്തും കൊത്തി
രണ്ട് ബലിക്കാക്കകൾ
ചിറകുരുമ്മി
മൂവന്തിയിലേക്ക് പറന്ന് പോയി▮