മണ്ണാച്ചൻ

സ്വപ്നത്തിൽ മണ്ണാച്ചനെ കണ്ട്
ഉറക്കം മുറിയുന്നത്തിന് ഇപ്പോൾ മാറ്റമുണ്ട്.

അട്ടത്തെ കഴുക്കോലിൽ തൂങ്ങി താഴെയെത്തുന്നവയുടെ കാലുകൾ മുഴുവൻ കാണുന്നതിനുമുന്നേ ദേഹത്തെമ്പാടും കോഴിപ്പേനുകൾ അരിച്ചുതുടങ്ങും.

അപ്പോഴേക്കും ചെപ്പടിവിദ്യക്കാരനെപ്പോലെ മണ്ണാച്ചനെങ്ങോട്ടോ പോവും.

പിന്നെ, കോഴിപ്പേൻ അരിച്ചരിച്ച് കണ്ണടയുടെ അരികുവരെയെത്തും.

ഇന്നുമങ്ങനെ.
ഇനി നിവർത്തിയില്ല.
പുതപ്പുമാറ്റി എണീറ്റു.
അടുക്കളപ്പുറത്ത് അമ്മ ഉണക്കാനിട്ട ചോന്നമുളകുകൾ വറ്റലായി.
സൂര്യനിനി പടിഞ്ഞാറുള്ള ഏതോ വീട്ടിലേക്കാണ്.

ഒരു ചായ വേണം.
എന്റെ ചായക്കോപ്പയിൽത്തന്നെ വേണം.
റാക്കിന്റെ മൂലയിൽ നിന്നത്
തപ്പിയെടുക്കേണ്ടി വന്നു.

കട്ടന് തെള വന്നു.
ഒഴിക്കാൻ കോപ്പ മലർത്തി.
കോപ്പക്കകത്ത് വലിയൊരു മണ്ണാച്ചൻ.
നെറച്ച് മുട്ടകളിട്ട്
അതെന്റെ ചായകോപ്പയിൽ അടയിരിക്കുന്നു.
കോഴിപ്പേനുകൾ അരിച്ചെത്തുന്നില്ല.
അടുപ്പത്ത് കട്ടൻ തെളച്ച് തെളച്ച് വറ്റുന്നു.
ആ പുതപ്പൊന്ന് കിട്ടിയിരുന്നെങ്കിൽ.

വറ്റൽമുളകിന്റെ കൊട്ട ഒക്കത്ത് ഇറുക്കിപ്പിടിച്ച് കേറിവന്ന അമ്മ ചായക്കൊപ്പയെടുത്തിട്ട് മുറ്റത്ത് ചിക്കിപ്പെറുക്കി നടക്കുന്ന പെടക്കോഴിയുടെ മുന്നിലേക്ക് കുടഞ്ഞു.
പിന്നെ മണ്ണാച്ചനെ കണ്ടില്ല.

അമ്മ മുളകിന്റെ ഞെട്ടടർത്താൻ പോയി. പെടക്കോഴി ചിക്കിപ്പെറുക്കാനും.
ഞാനെന്നിട്ടും പുതപ്പെടുക്കാൻ അകത്തേക്കോടി.

Comments