ട്രെൻഡിങ്
ഇന്ന്
ഒരു കൂലിപ്പണിക്കാരൻ
ഒറ്റയ്ക്കിരുന്നപ്പോൾ പാടിയ ഒരേയൊരു പാട്ടിനാൽ
പാട്ടുപാടലിന്റെ ദൈവമായി ട്രെൻഡിങിൽ എത്തി
പേരും പെരുമയുമുള്ളവർ അവനെ കെട്ടിപ്പിടിക്കാനെത്തി
ഇന്നലെ
എന്റെ സുഹൃത്തായ ഒരു അദ്ധ്യാപകൻ
ചില വിദ്യാർത്ഥികളുടെ കണ്ണീർ തുള്ളികൾ തുടച്ചുകൊണ്ട്
വിദ്യാഭ്യാസത്തിന്റെ ദൈവമായി ട്രെൻഡിങിൽ വന്നു
അതുകണ്ട് അവൻതന്നെ വിരണ്ടുപോയി
പേരുകേട്ട ആൾക്കാർ അവനെ അഭിനന്ദിച്ചു
മിനിഞ്ഞാന്ന്
ഒരു കിഴവി
‘നിനക്കൊക്കെ എക്സ്പ്രസ് ഹൈവേ പണിയാൻ
എന്റെ കഞ്ഞിക്കണ്ടം വിട്ടുതരില്ലെടാ'
എന്ന് ഒരു പോലീസുകാരനോട് ആക്രോശിച്ച്
വിപ്ലവത്തിന്റെ ദൈവമായി മാറി
അവർ ട്രെൻഡിങിൽ വന്നപ്പോൾ
പ്രശസ്ത വ്യക്തികൾ വികാരമടക്കാനാവാതെ കണ്ണുതുടച്ചു
ട്രെൻഡിങിൽ
ഓരോ ദിവസവും
ദൈവങ്ങൾ അവതരിക്കുന്നതുപോലെ
സാത്താന്മാരും അവതരിക്കുന്നു
ബൾബ് മോഷ്ടിക്കാൻ വന്നവൻ
കുമ്പസാരിക്കാൻ വന്ന പെണ്ണിനെ
ബലാൽസംഗം ചെയ്ത പള്ളീലച്ചൻ
കവലയിൽ അടിപിടി നടത്തുന്നവൻ
പാവപ്പെട്ട ഒരു കള്ളുകുടിയനെ
കാഴ്ചവസ്തു ആക്കുന്നവൻ
ഓരോ മനുഷ്യനും
ഒരു ചെറിയ സ്വപ്‌നത്തോടെ ഉറങ്ങാൻ കിടക്കുന്നു
ഒരു ചെറിയ സ്വപ്‌നത്തോടെ ഉണർന്നുവരുന്നു
എന്നെങ്കിലും ഒരുദിവസം
ഞാനും ട്രെൻഡിങ് ആകും
ഇത്
ആർക്കും ട്രെൻഡിങ് ആകാൻ കഴിയുന്ന നീതിയുള്ള ലോകം
ഭാഗ്യം നിങ്ങളുടെ വാതിലിൽ ഏതുനേരത്തും മുട്ടിയേക്കാം
ഒരു ദിവസം എന്റെ കവിത ട്രെൻഡിങ്ങിൽ വന്നു
പിറ്റേന്ന് ഒരു സിനിമാപ്പോസ്റ്റർ
പിന്നെ ആ പോസ്റ്റർ ചവച്ചു തിന്നുന്ന പശു
ട്രെൻഡിങ് ആർക്കും ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതല്ല
ദൈവത്തിന്റെ അത്ഭുതങ്ങൾപോലെ
അവ തന്നെത്താൻ പ്രത്യക്ഷപ്പെടുന്നു
തന്നെത്താൻ മറഞ്ഞു പോകുന്നു
പ്രശസ്തർ മരിച്ചാൽ പ്രത്യേക പരിഗണന ഉണ്ട്
ഉടനടി അവർ ട്രെൻഡിങ് സ്വർഗ്ഗത്തിൽ ചേർക്കപ്പെടും
ട്രെൻഡിങ്ങിന് ഒരു തലവിധിയുണ്ട്
ഒരു ദിവസത്തിൽ കൂടുതൽ അത് ജീവിച്ചിരിക്കാൻ പാടില്ല
ഇന്ന് സന്ധ്യക്ക് എന്റെ തോളിൽ വന്നിരുന്ന കാക്ക
രഹസ്യമായി എന്നോട് ചോദിച്ചു
ഒരു വെളുത്ത കാക്കയായി മാറിയാൽ
എനിക്കും ട്രെൻഡിങ്ങിൽ വരാൻ പറ്റുമോ?
ഞാൻ പറഞ്ഞു ‘സാധ്യമല്ല,
നീ രാജാവിന്റെ തലയിൽ കാഷ്ടിച്ചിട്ട് വാ, ട്രെൻഡിങ് ആകാം'
നമ്മൾ പറയുന്നതൊക്കെ
കാക്കകൾ മനസ്സിലാക്കിയെങ്കിൽ എത്ര നന്നായിരുന്നു.
നിനക്ക് ഞാൻ സുഗന്ധമുള്ളവനാകണമെങ്കിൽ...
എന്റെ നറുമണത്തൈലത്തിന്റെ കുപ്പി
ഇന്നുരാവിലെ താഴെവീണു പൊട്ടിപ്പോയി
കാറ്റോട്ടമില്ലാത്ത, എപ്പോഴും നനഞ്ഞ മണമടിക്കുന്ന എന്റെ മുറി
നറുമണത്താൽ നിറഞ്ഞു തുളുമ്പി
ഒരു വാസനപ്പൂവായി
പുസ്തകങ്ങൾ
വസ്ത്രങ്ങൾ
വെള്ളക്കുപ്പികൾ
ചുവരിൽ തൂങ്ങും ചിത്രങ്ങൾ
എപ്പോഴൊക്കെയോ എനിക്ക് കിട്ടിയ സമ്മാനങ്ങൾ
എന്തിനൊക്കെയോ എനിക്ക് കിട്ടിയ പുരസ്‌കാരങ്ങൾ
എന്റെ ഭാരംതാങ്ങി അമർന്നുപോയ എന്റെ ചക്രക്കസേര
എനിക്ക് പേക്കിനാവുകൾ തരുന്ന എന്റെ മൊബൈൽ ഫോൺ
താപത്താൽ എരിയുന്ന എന്റെ കിടക്ക
എന്നെക്കൊണ്ട് കടക്കാനാകാത്ത ഈ ചുവരുകൾ
എല്ലാം ഇന്ന് നറുമണമായി മാറി
കൈവഴുതി വീണുപൊട്ടിയ ഒരു നറുമണക്കുപ്പി
ഒരുവന്റെ ജീവിതത്തെയാകെ നറുമണമാക്കുന്ന വിദ്യ
ദൈവത്തെക്കൊണ്ടുപോലും നടക്കാത്തതാണ്
സ്‌നേഹം
നറുമണമുള്ളതാകണമെങ്കിൽ
അത് ഉടയണം
പ്രണയം
നറുമണമുള്ളതാകണമെങ്കിൽ
തറയിൽവീണ് ഉടഞ്ഞു ചിതറണം
ഞാൻ നിനക്ക് സുഗന്ധമുള്ളവനാകണമെങ്കിൽ
ഒരിക്കലും തിരികെവരാത്ത ഈ നിമിഷത്തിൽ
ഞാൻ ഇല്ലാതെയാകണം.
മരിച്ച എഴുത്തുകാരന്റെ പുസ്തകം
ഒരു എഴുത്തുകാരൻ മരിക്കുമ്പോൾ
ഞാൻ വേഗം അവന്റെ ഒരു പുസ്തകം തേടിപ്പിടിച്ച്
വായന തുടങ്ങുന്നു
അപ്പോൾ മരണത്തിന്റെ ഭാരം കുറച്ച് കുറയുന്നു
മരിച്ച എഴുത്തുകാരന്റെ പുസ്തകം
അവൻ മരിച്ച ദിവസം എവിടെയും കിട്ടാതെ വരാം
ചിത്രശലഭങ്ങളെപ്പോലെ അവ എവിടെയോ മറഞ്ഞുകളയുന്നു
ദുഃഖത്തിന്റെ പൂമ്പൊടി മണംകൊണ്ട്
ഞാൻ അവയെ എന്റെ അരികിൽ കൊണ്ടുവരുന്നു
എഴുത്തുകാരൻ മരിക്കുന്ന ദിവസം
അവന്റെ വാക്യങ്ങളിൽ എന്തെങ്കിലും മാറ്റം വരുന്നുണ്ടോ?
ഉണ്ട്
കടുത്ത വരികൾ അല്പമൊന്ന് അയഞ്ഞ് വികാരഭരിതമാകുന്നു
പ്രകാശമുള്ള വരികൾക്കുമേൽ ഇരുട്ടു പരക്കുന്നു
അവ്യക്തമായ വരികൾ വ്യക്തമാകാൻ തുടങ്ങുന്നു
ഇവയെല്ലാം മരിച്ചവന്റെ വാക്യങ്ങളാണല്ലോ എന്ന് നാം വിഷമിക്കുമ്പോൾ
‘ഇല്ല, ഞങ്ങൾ മരിച്ചിട്ടില്ല' എന്ന് ആ വരികൾ കണ്ണീരോടെ കെഞ്ചുന്നു
എഴുത്തുകാരൻ എളുപ്പം മരിച്ചുപോകുന്നു
അതിലുമെളുപ്പം അവൻ മറക്കപ്പെടുന്നു
പക്ഷെ അവന്റെ പുസ്തകം മരിക്കാൻ കൂട്ടാക്കുന്നില്ല
അത് മെല്ലെ ഒരു കൽമരമായി വളർന്ന്
നമ്മുടെ ഓർമ്മകളുടെ ആഴങ്ങളിൽ വേരാഴ്ത്തുന്നു