മറഡോണ: സിദ്ദിഹയുടെ കവിത

റഡോണയെക്കുറിച്ചു
എനിക്കൊന്നുമറിയില്ല.

ഫുട്ബോളിനെക്കുറിച്ചെന്നല്ല,
ഒരു മൈതാനക്കളിയെക്കുറിച്ചും!

പുല്ലുചെത്തിയ പറമ്പിൽ
നീലേം വെള്ളേം ബനിയനിട്ട
ചെറുക്കൻമാർ
ആ പേരുവിളിച്ചാർക്കുന്നത്
ഞാനും വേലിപ്പാമ്പും
തലനീട്ടിയൊന്നു നോക്കും

അയാൾ ആവാഹിച്ച മനുഷ്യർ
ആഞ്ഞു ചവിട്ടുമ്പോൾ
ലോകമുരുണ്ടു
കിണറ്റിന്മേൽ വിരിച്ച
വലയിൽ വീഴും

അമ്മിയിൽ ചുട്ടമുളകിട്ടു
ചമ്മന്തിയരക്കുമ്പോൾ
അത് ചുവന്നു പോകുന്നത്
അയാളുടെ വലതു കൈത്തണ്ടയിൽ
പച്ചകുത്തിയ ചെഗുവേരയെ ഓർത്തിട്ടാവും

അരച്ച് ചുറ്റിയുരുളയാക്കുമ്പോളതയാൾക്കു
തൊഴിക്കാനുള്ള പന്തായിട്ടുമുണ്ടാവും.

Comments