പ്രതീഷ് നാരായണൻ

മാരക നൃത്തം

രിച്ചുപോയ
മൂത്താശാരി
ഉളി സഞ്ചിയും
മുഴക്കോലും തൂക്കി
പാടവരമ്പിലൂടെ
പണിക്കുപോകുന്നു.

മരിച്ചുപോകുന്നതിനു-
മുമ്പൊരിക്കൽ
വീട്ടുമുറ്റത്തെ
മാവിൽത്തൊട്ട്
മൂപ്പിലാനൊരു
വെളിപാട് പറയുന്നു.

"ഈ മാവ്
എനിക്കുള്ളതാണ്,
ഇതുവെട്ടി വേണം
എന്നെ ചുടാൻ.'

നാട്ടുമാവപ്പോൾ
പത്തുമുപ്പതടി
പൊക്കത്തിൽ,
കവരകളില്ലാതെ,
ഒറ്റത്തടിയായി
നടുനിവർത്തി.

ആകാശത്തുനിന്നും
പെട്ടെന്നൊരു
കാറ്റിറങ്ങിവന്ന്
അതിന്റെ
കൊഴുത്ത ചില്ലകളെ
ആഞ്ഞുലച്ചു.

അതുകേട്ട്
ഉമ്മറത്തുനിന്ന
കൊച്ചുമകന്റെ
ഹൃദയത്തിലേക്ക്
അന്നാദ്യമായ് ഒരു
മരണത്തിന്റെ ചിന്ത
അത്രയേറെ
വേദനയൊളിപ്പിച്ച്
കൊമ്പൊടിഞ്ഞു വീണു.

അച്ഛച്ചൻ
മരിച്ചുപോയാലുള്ള വിടവിൽ
അത്രക്കും പ്രിയപ്പെട്ട മറ്റൊന്നും
സങ്കൽപ്പിക്കുവാനാകാതെ
അവന്റെ മുറിവിലേക്കപ്പോൾ
ഓർമകളുടെ ഉപ്പുനീരൊഴുകി.

കാലം പിന്നെയും
മരം പോലെ
വളർന്നു.

ആ കൊല്ലം
ഇടവപ്പാതിക്കു മുൻപേ
മാവിന്റെ കൊമ്പത്തെ
കാറ്റൊഴിപ്പിച്ചു.

വെട്ടിവിറ്റതാണ്
മൂത്തവൻ.

ഒരു തുള്ളി പോലും
വളച്ചിലില്ലാത്ത നടുമരം
ഫർണീച്ചറുണ്ടാക്കാനും
ചില്ലയും കമ്പും വിറകിനും

മരം നിന്നിരുന്ന
മുറ്റമിപ്പോൾ
വെള്ളമുണ്ടു പോലെ.
അതിലേക്കു
നോക്കുമ്പൊഴെല്ലാം
കൊച്ചുമകന്
ഉള്ള് കയ്ക്കുന്നു.

ആ കടും കയ്​പ്​
കറുപ്പായി
തുപ്പുമ്പോൾ
കറുപ്പിൽ
നിൽക്കുന്നു
മരിച്ചുപോയ
മൂത്താശാരി.

മരിച്ചുപോയ
മൂത്താശാരി
ഉളി സഞ്ചിയും
മുഴക്കോലും തൂക്കി
പാടവരമ്പിലൂടെ
പണിക്കുപോകുന്നു.

അക്കരെയുള്ള
പണിശാലയിൽ
പ്രാതലിനു മുമ്പേ
പണിക്കുകയറുന്നു.
വെളുത്ത കുപ്പായമഴിച്ച്
അഴയിൽ വിരിക്കുന്നു.
ജോൺസൻ & ജോൺസന്റെ
പഴയ പൗഡർ ടിന്നിൽ നിന്നും
വെള്ളാരം കല്ലിന്റെ
പൊടിയെടുത്ത് വിതറി
ഉളി തേക്കുന്ന തടിയെ വീണ്ടും
രോമാഞ്ചം കൊള്ളിക്കുന്നു.

ആ തടിയുടെ ഉടലിൽ
തെറിച്ചു നിൽക്കുന്ന
മണൽത്തരികളിൽ
വീതുളിയുടെ
വായ്ത്തല മിനുക്കുന്നു.

മരിച്ചുപോയ
മൂത്താശാരി
പണിയെടുക്കേണ്ട
പലകയിൽ
പലവുരു തൊടുന്നു.
ആ മരത്തിന്റെ
കാതലപ്പോൾ
മൂപ്പരുടെ കൈത്തഴമ്പിൽ
മൗനമായ് ഉരസുന്നു.

പരിചയമുള്ള
രണ്ടുപേർ
തമ്മിലൊട്ടി നിൽക്കുന്നതിന്റെ
അതുവരെ മണക്കാത്ത
ഗന്ധത്താൽ
പണിശാല കുതിരുന്നു.

നാട്ടുമാവിന്റെ
പലകയിൽ
മൂപ്പിലാന്റെ
വീതുളി.

വീതുളിയുടെ
താളത്തിൽ
ഊയലാടുന്ന
മരപ്പലക.

നാട്ടുമാവിന്റെ
പലകയിൽ
മൂപ്പിലാന്റെ
നെല്ലുളി.

നെല്ലുളിയുടെ
താളത്തിൽ
ഊയലാടുന്ന
മരപ്പലക.

ഹോ
എന്തൊരു
മാരക
നൃത്തമാണവരുടെ!


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


പ്രതീഷ് നാരായണൻ

കവി. കൊച്ചിയിലെ ഒരു പരസ്യ ഏജൻസിയിൽ അസോസിയേറ്റ് ക്രിയേറ്റീവ് ഡയറക്‌ടർ.

Comments