ന്റെ പ്രാണൻ ഇന്നലെ വിട്ടു.
കഴുത്തറ്റം കുടിപ്പിച്ചിട്ട്.

മുള്ളുകളിൽ ആശ്വസിക്കാമെന്ന്
കരുതി.

കല്ലുകളിൽ തലയടിച്ചായിരുന്നു
മരണം.

എനിക്കുചുറ്റും കറുത്ത
പൂമ്പാറ്റകൾ
വട്ടം പറക്കുന്നുണ്ടായിരുന്നു.

എലിയെ ഇടിച്ചിട്ട പൂച്ചയെപ്പോലെ
എനിക്ക് കേൾക്കാവുന്ന
ഒച്ചയിൽ അവ ആരവമിട്ടു.

എനിക്കുടുപ്പ് ഉണ്ടായിരുന്നില്ല.

ഒറ്റനോട്ടത്തിൽ കുടിച്ചിട്ടാണെന്ന്
തോന്നും വിധമായിരുന്നു കിടപ്പ്.

എന്തിനാണ് കൊല്ലുന്നതെന്ന്
പറഞ്ഞില്ല.
നല്ല കവിതയെഴുതാഞ്ഞിട്ടാണെ-
ന്നാണ് തലക്കെട്ടിൽ വന്നത്.
കവിതയെഴുതുന്നവരെ
കൊല്ലുന്നതായി കേട്ടിട്ടുണ്ട്.
അതൊന്നുമായിരിക്കില്ല കാരണം.

മരണം ഉറപ്പാക്കാതെ അവ
അടുത്തയിടത്തേക്ക് പാറുന്നു.

ദൂരെ കണ്ടു,
കറുത്ത പുക
അല്ല കറുത്ത ശലഭങ്ങൾ.

അവിടെയും,
കവിതയെഴുതാത്തവനെ
ഞാൻ പ്രതീക്ഷിക്കുന്നു.

ആർക്കുവേണ്ടിയുള്ള
കവിതയാവും നല്ലതാവുന്നത്?

ഞാൻ മരിച്ചോ?
അപ്പോൾ ഞാനൊരു
കവിതയായിക്കഴിഞ്ഞു.
അതാണെന്നെ വിട്ടിട്ട് പോയത്.
അവരെല്ലാരെക്കൊണ്ടും
നല്ല കവിത എഴുതിക്കും.

'ലോകം ചുടും'
എന്ന കവിതയെഴുതി
ആകാശത്തേക്ക് പറത്തണം.
അതിലൊരു നൂലിൽ
ഞാനിത്തിരി നീര് കെട്ടിയിടും.
ഏറ്റവും നല്ല കവിതയെഴുതുന്ന
കുഞ്ഞുങ്ങൾക്ക് കൊടുക്കാനാണ്.
അത് ചെയ്തില്ലെങ്കിൽ,
ഞാൻ മരിച്ചുപോവും.


Summary: Maranakaranam, Malayalam Poem written by Stella Mathew published in Truecopy webzine packet 283.


സ്​റ്റെല്ല മാത്യു

കവി. വയനാട്ടിലെ സെൻറ്​ കാതറൈൻസ് ഹൈസ്കൂളിൽ അധ്യാപിക. എന്റെ മുറിവിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments