കുന്ദമംഗലം
മൊണാർഡ് ബാറിൽ നടന്ന
ഉരസൽ വർത്തമാനങ്ങൾക്കിടയിൽ,
ഇന്നലെയാവണം,
ഞാൻ കുത്തേറ്റ് മരിച്ചു.
തനിച്ചായിരുന്നു.
ബില്ലടച്ച് ശീട്ടു വാങ്ങി
കൗണ്ടറിൽ പോയി
മദ്യവും സോഡയും
തൊട്ടു കഴിപ്പുകളായ കപ്പപ്പുഴുക്കും ചമ്മന്തിയും
ഗ്ലാസുമായി
ഓരം ചാരി
നിൽപ്പനടിക്കുകയായിരുന്നു.
ഓൺലൈനിൽ പോലും
ആരുമുണ്ടായിരുന്നില്ല.
ഗ്രൂപ്പുകൾ ഉറക്കമായിരുന്നു.
വിരസമായി
റീൽസ്
സ്‌ക്രോൾ ചെയ്യുന്നതിനിടയിലാണ്
ബഹളം തുടങ്ങിയത്.
നഗരമര്യാദകൾ പഠിച്ചുവരുന്ന
ഗ്രാമമാണ് കുന്ദമംഗലം.
മദ്യം ചെല്ലുമ്പോൾ
ആളുകളുടെ ഒച്ച പൊങ്ങും.
തമ്മിൽ കലപില കൂട്ടും,
മനുഷ്യർ പരസ്പരം.
ആരാണ് തുടങ്ങിയതെന്നോ
എന്താണ് കാരണമെന്നോ തിരിയാതെ
ബഹളമായി,
ഉന്തും തള്ളുമായി.
കൃത്യസമയത്ത് കരണ്ടും പോയി.
ഗ്ലാസുകൾ തട്ടിമറിഞ്ഞു.
മനുഷ്യശരീരങ്ങൾ
ഉടലിലേക്ക് കനപ്പെട്ടു.
മുണ്ടഴിഞ്ഞ പോലെ തോന്നി.
കുനിഞ്ഞുനിവർന്നപ്പോഴേക്ക്
ഇടതു വാരിക്കു താഴെ
മിന്നൽ കേറി.
ഇറച്ചിയിൽ
ഇരുമ്പു കേറിയിറങ്ങുന്ന
ഇക്കിളിസ്പർശം,
കാറി വീണൂ ആക്രോശങ്ങൾ.
വെളിച്ചം വന്നതും രംഗം മാറി.
പൊടുന്നനെ
ഒച്ചയറ്റു.
വീണു കിടക്കുകയാണു ഞാൻ.
ചോര കുത്തിയൊഴുകുന്നു.
പല ബ്രാൻ്റുകൾ
പല അളവു കഴിച്ച കുടിയന്മാർ
പുറത്തേക്ക് താങ്ങിയെടുക്കുമ്പോൾ
രക്തം വാർന്നുകൊണ്ടിരിക്കുന്ന
ഞാൻ ആലോചിച്ചു:
എന്തായിരുന്നു
ചെയ്ത കുറ്റം?
കുറ്റമല്ല, പാപമാണ്.
പാർക്കിംഗ് ലോഞ്ചിലെ വൃദ്ധൻ മാവു പറഞ്ഞു:
കുന്ദമംഗലത്തെ
ഗ്രാമമെന്നു ചുരുക്കിയ പാപത്തിന്റെ ഫലം.
കൊൽക്കത്തയിലെയും
മറ്റു മഹാനഗരങ്ങളിലേയും
ബാറുകൾ ഓർത്തു.
നഗരങ്ങൾക്കിടയിലെ
ഗ്രാമങ്ങളേതെന്ന്
ഓർക്കാൻ ശ്രമിക്കവേ
ഞാൻ മരിച്ചു.
