ഷിബിത എടയൂർ

മരണപ്പേൻ

രണപ്പേനുകൾ
അരിക്കുന്ന
വെള്ളിനാരിഴ.

ഓർമ
നട്ടെല്ലുപൊട്ടിയ
മുത്തിയ്ക്ക്
കൂട്ടുകിടക്കുന്നു

വെളുവെളുത്ത പേനുകൾ
നര കുടിച്ച്
ഇറങ്ങി നടക്കുന്ന
ചുളിവുകൾ

ശബ്ദിക്കാത്ത
ഉമ്മകൾ തന്ന
ചുണ്ടുകൾക്കു മീതെ
അവ
സമരം ചെയ്തിരുന്നു

ചന്ദനം മണത്ത
നെറ്റിത്തടമവ
പെറ്റമുറിപോലെ,
കുളിച്ചാലും
പേൻമണം
പൊറ്റടർത്തി
പൊന്തിവന്നു.

വീതിയ്ക്കപ്പെട്ട
പാൽഞരമ്പുകൾ
വിളറിയ തൊലിക്കടിയിൽ
തെന്നിയൊഴുകി,
അതിനു മേലെ
വെള്ളത്തോണിപോലവ

എനിക്കിപ്പോഴും
ആ സ്നേഹത്തെ
ചുറ്റിപ്പിടിക്കണമെന്നുണ്ട്.
വിളക്കുതെറ്റി
എല്ലുപൊട്ടുമ്പോഴും
നിലവിളിയ്ക്കാതെ
നോക്കുന്ന
കുഴിഞ്ഞ
കണ്ണുകളോർക്കുമ്പോൾ
കുഞ്ഞിനെയെന്നപോൽ
കൈത്തലത്തിൽ മാത്രം
ഉമ്മവെച്ചു
ഞാനെന്റെ സ്നേഹം
തിരിച്ചെടുക്കും.

ഒപ്പം
ഓരോ ഉമ്മയിലും
എത്രയോ പേനുകളാണ്
എന്നിലൊളിച്ചു കടന്നത്.
മരണപ്പേൻ
ഉള്ളിൽ പെരുക്കുമ്പോൾ
കറുപ്പഴിഞ്ഞ മുടികൾ
വെള്ളയുടുക്കുന്നു.

Comments