നിധിൻ വി.എൻ

മരണവീട്

പ്പന്റെ മരിപ്പിന്
കരയാതെ നിൽക്കണയെന്നെ
ഒരൊറ്റ നോട്ടം കൊണ്ട്
അമ്മച്ചി, കുരിശിൽ തറച്ചു.

കണ്ണീരും മൂക്കളയും ചേർത്ത്,
പെങ്ങളൊരു തെറി ചീറ്റി.

പരസ്യമായൊരു വാർത്ത
രഹസ്യത്തിന്റെ കുപ്പായമണിഞ്ഞ്
കെട്ടുപൊട്ടിയ പട്ടംപോലെ
മരണവീട്ടിലൂടെ
പറന്നു.

അപ്പനെ കാണാനെത്തിയവരെല്ലാം
ഒളിഞ്ഞും തെളിഞ്ഞും എന്നെ നോക്കി.

വിദഗ്ധനായ കുറ്റാന്വേഷകനെ പോലെ
നാട്,
പൊടിപ്പും തൊങ്ങലും കൊണ്ടൊരു കഥ
മെനഞ്ഞു.

വില്ലനില്ലാതെ, കഥയെഴുതാനാകാത്ത
കഥാകാരന്റെ പാത്രസൃഷ്ടിയായി ഞാൻ.

അയൽക്കാരുടെ
ചുണ്ടിൽ,
അപ്പന്റെ മരിപ്പ്
കൊലയായി.
മരണവീട് കൊലയാളിയുടെ വീടായി.

സംശയത്തിന്റെ ചിലന്തിവലയിലേക്ക്
പതിയെ
അമ്മച്ചിയും പെങ്ങളും കാൽ വഴുതി.

ഉടൽ കൊതിച്ചിരിക്കുന്നൊരു ചിലന്തി
ഉള്ളിൽ ആനന്ദനൃത്തം ചെയ്തു.

വീടിനുമുന്നിലൊരു പോലീസ് ജീപ്പ്
അധികാരം കാക്കിയണിഞ്ഞ്
കൊലയാളിയോടെന്നപോൽ അവർ.

ദാഹം കൊണ്ട്
മൊത്തിയപ്പോൾ
കയ്ച്ചിട്ടിറക്കാനാവാത്ത
സർബത്തുപോലെ
ആ നിമിഷം.

ആദ്യ ചുംബനം,
വായനാറ്റത്തിന്റെ
കൊഴുത്തൊരോർമ്മയെന്നപോലെ
നാടെഴുതിയ കഥയിൽ ഞാൻ.

സംശയത്തിന്റെ
മുരിക്കിലേറിയാലും അടങ്ങാത്ത
ചൊറിച്ചില്
പതിയെ മായുന്നു.
ജീപ്പ് വന്നവഴിയേ തിരിയുന്നു.

നാളേ നാളേയെന്ന്
പ്രതീക്ഷകളുണർത്തി,
ക്ലോക്കിന്റെ വലിയ സൂചിപ്പോലുള്ള
വലതുകാലിൽ ശരീരമൂന്നി,
അപ്പൻ ലോട്ടറിയുമായി നടന്നു.

‘നിനക്കൊരു സഹായമാകട്ടെ'
ലോട്ടറി വാങ്ങുന്നവരെല്ലാം പറഞ്ഞു.

വാക്കിന്റെ വേദനയിൽ അപ്പനെന്നും
ഉരുകും.
ലോട്ടറിയടിച്ചാൽ
ആർത്തിയോടെ
ചിലർ കൂടുതൽ വാങ്ങിപ്പോകുമ്പോഴും
അതേ വാക്ക്,
അതേ നീറ്റല്....

‘തൊഴിലാണെടാ'യെന്ന്
ഒരു കുപ്പി അന്തിയ്ക്ക്
ഷാപ്പിലിരുന്ന് അപ്പൻ അലറി.

അപ്പനില്ലാത്ത വീട്ടിൽ,
അമ്മച്ചിയോളം വലിയൊരു തുരുത്തില്ല.
അപ്പനില്ലാത്ത വീട്ടിൽ,
അമ്മച്ചിയെ കാണുകേലാ.
അവർ പതിയെ അപ്പനാവും...

അന്ത്യചുംബനത്തിൽ,
ആറടി മണ്ണിൽ
അപ്പനെയടക്കാനാവുന്നില്ല.

കണ്ണീരു കൊണ്ടല്ലാതെ,
വേദന വരച്ചിരുന്ന അപ്പനെ കാണാൻ
കണ്ണാടിയ്ക്ക് മുഖം കൊടുത്തു.

അന്നേരം,
തോട്ടയ്ക്ക്
തിരികൊളുത്തിയ
ക്വാറിപോലെ
ഉള്ള്,
​വീട്.


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments