മറവങ്കോട് യക്ഷി

രു പഞ്ഞമാസത്തിൽ
ഉറ്റ ചങ്ങാതിയോടൊത്ത് ഞാൻ
പൂപ്പാറയിലെ
പുല്ലാഞ്ഞിക്കാട്ടിൽ പോയപ്പോൾ
കാരമുള്ള്
ചുണ്ടൻവിരലിലുടക്കി.
അന്ന് രാത്രി മുഴുവൻ
വെള്ളിവരയൻ പൂമ്പാറ്റകൾ
എന്റെ ജനലിന് പുറത്ത്
ശണ്ഠ കൂടി.

ഒരിക്കൽ നെറ്റിപ്പട്ടമണിഞ്ഞ ഒറ്റയാന
അവന്റെ ആട്ടിൻപറ്റങ്ങളെയും കൂട്ടി
ആനയിറങ്കൽ അണക്കെട്ടും
സൂര്യനെല്ലി കൊളുക്കുമലയും കടന്ന്
ആകാശത്തേക്ക് കയറിപ്പോയതും
തിരിച്ചു വിളിക്കുമ്പോൾ ആന
കരിങ്കല്ലുകൾ ഉരുട്ടിയിട്ടതും
മഴപെയ്യിച്ചതും പുഴയിൽ
വെള്ളംകയറിയതും പറഞ്ഞു തന്നു.

അന്നുറക്കത്തിൽ എനിക്ക്
പേടിപ്പനി പിടിച്ചു
തുടയ്ക്കിളം ചൂര്
കാല് നനയിച്ച് ചാല്.

സൂര്യനൊപ്പം കാടിറങ്ങിയ
പനമ്പട്ടകളിൽ
മറവങ്കോട് യക്ഷിയുടെ
മുടിനാരുകൾ കാറ്റിൽ
തിരിച്ചു പറന്നു പോയി.


മുറ്റത്ത് പനമ്പട്ട കണ്ടാൽ
ആനയും പിന്നാലെ ആടുകളും
ഇറങ്ങി വരുമെന്ന്
അവൻ സ്വപ്നം കാണാറുണ്ടത്രേ.

അവൻ മുറ്റത്ത് രാത്രിയിൽ പനമ്പട്ടയും
അതിന്മേൽ കാരമുള്ളും വയ്ക്കും.
എനിക്ക് ആനയിറക്കം കാണാൻ
ഇരിക്കപ്പൊറുതിയില്ലാതായി
നിൽക്കക്കള്ളിയില്ലാതായി.
എന്നെയവൻ വെരുകെന്ന് വിളിച്ചു
എന്റെ കാലിലെ കാരമുള്ള് കണ്ട്
മറവങ്കോട് യക്ഷിയെന്ന് കളിയാക്കി.


പഞ്ഞമാസത്തെ നട്ടുച്ചയിൽ
ആനത്തോലുണക്കുമെന്ന്
അവൻ പിറുപിറുത്തു.
ഞാനപ്പോൾ ജനലിനപ്പുറം
തലയിൽ തീക്കൊട്ടയുമായി
കയ്യിൽ പനമ്പട്ടയിലെ മുടിനാരും തൂക്കി
നിൽക്കുന്ന മറവങ്കോട് യക്ഷിയെ കണ്ടു

യക്ഷി പാവമാണെന്നു തോന്നി
ഇത്തവണ എന്റെ കാല് നനഞ്ഞില്ല
യക്ഷി അവളുടെ സിൽക്ക് സാരി
മടക്കാൻ വിളിച്ചു
അറ്റം പിടിച്ച് ബോർഡറൊപ്പിച്ച്
ഞങ്ങളത് ഓരോ മടക്കുകളാക്കി.

ഞാനും യക്ഷിയും അടുത്തടുത്ത് വന്നു
അവളുടെ നഖത്തിൽ തൊട്ടു
കാരമുള്ളിന്റെ മൂർച്ചയിൽ ചോരയിറ്റി
മൂത്രമിറ്റി
സന്ധ്യ വാർന്നു
ഇടിവെട്ടി
കരിങ്കല്ലുകൾ ഇടിഞ്ഞു വീഴും പോലെ.

പൊടുന്നനെ തുമ്പിക്കൈ ഉയർത്തിയ
നെറ്റിപ്പട്ടമണിഞ്ഞ ആനയെ
മിന്നലിൽ കണ്ടു.
ഗ്രാമത്തിലാകെ യക്ഷിയുടെ
ശ്വാസക്കാറ്റ് വീശി.

അണഞ്ഞ തീക്കൊട്ടയും കൊണ്ട്
യക്ഷി തൊളിച്ചിറപ്ലാവിലേക്ക് മടങ്ങി
വീട്ടിലിപ്പോൾ രണ്ട്‌ കാരമുള്ള്.
എനിക്ക്
ഉറക്കത്തിലല്ലാതെ ആദ്യമായി
തുടയ്ക്ക് ഇളം ചൂട് തോന്നി,
കാല് നനയുന്നു.

വീട്ടിലന്നതിരാവിലെ ആരോ
ചക്ക കൊണ്ടുകൊടുത്തു
അന്നുച്ചയ്ക്ക് ചക്ക എരിശ്ശേരി വച്ചു.

ചക്കമടലുകൾ
ഉറ്റ ചങ്ങായിയുടെ ആട്ടിൻപറ്റങ്ങൾക്ക്
തിന്നാനിട്ടുകൊടുത്തു.


Summary: Maravagod yakshi malayalam poem written by P V Suryagaayathri


പി.വി. സൂര്യഗായത്രി

കവി. ദുബായ് ആസ്ഥാനമായ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. രജസ്വല, മേരിഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ് എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments