നീ മിണ്ടാതിരിക്കുമ്പോൾ
എവിടെയോ
ഒരു കടൽ വറ്റിപ്പോകുന്നു
പവിഴപ്പുറ്റുകളുടെ വിള്ളലിലേക്ക്
അക്ഷരങ്ങൾ ഓടിയൊളിക്കുന്നു
നിറങ്ങളൂർന്ന്
കടൽക്കാടുകൾ
സുതാര്യനിശ്ശബ്ദതയാകുന്നു
നീ മിണ്ടാതിരിക്കുമ്പോൾ
ഒരു വിചാരണക്കൂടൊരുങ്ങുന്നു
ഓർമ്മകളും
വിചാരങ്ങളും
വാക്കുകളും വഴക്കുകളും
നമ്മളുണ്ടായിരുന്ന അനേകം
ചിത്രങ്ങളും ചലനങ്ങളും
അതിന്റെ വക്കത്ത്
സമയം കാത്തിരിക്കുന്നു.
നീ മിണ്ടാതിരിക്കുമ്പോൾ
ഒറ്റക്കൊരു പക്ഷി
വിശാലമായ ഉപ്പുപാടത്ത്
വെയിലുകൊള്ളുന്നു
ഒരു നാവില്ലാപ്പക്ഷി
ഇരുട്ടിൽ പറന്നുനടക്കുന്നു
മലകൾ നഷ്ടപ്പെട്ട വരയാടുകൾ
വരിവരിയായി ചക്രവാളങ്ങൾ താണ്ടുന്നു.
നീ മിണ്ടാതിരിക്കുമ്പോൾ
വലിയൊരു മൗനം പിറക്കുന്നു
അതിനു നടുവിൽ
കൂട്ടം തെറ്റിയ കുഞ്ഞുറുമ്പ്
ആകാശങ്ങൾ
പൊട്ടിയടരുന്നതും കാത്ത്
കൂനിക്കൂടിയിരിക്കുന്നു.
