ഷൈനി കൃഷ്ണ

മാതാമ്മ

കുപ്പായമിടാതെ കല്ലൻ മുലയുമായി
ആരോടും മിണ്ടാതെ
തലയുയർത്തി നടക്കുന്ന
മാതാമ്മയെ ചെറുപ്പത്തിൽ
വല്യ പേടിയായിരുന്നു.

അവരരയിൽത്തിരുകിയ
അറ്റം വളഞ്ഞു കൂർത്ത കത്തിയേക്കാൾ
കറുത്തിരുണ്ടു തുറിച്ചുനോക്കുന്ന
ആ മുലക്കണ്ണുകളായിരുന്നു പേടിപ്പിച്ചത്

ഇറച്ചിക്കഷണമെന്ന പോലെ
കൊത്തിപ്പറിച്ചു തിന്ന
പതിനാലു വയസ്സുള്ള മകളുടെ
ചോരകല്ലിച്ചു വീർത്ത
മാറിടങ്ങൾ കണ്ടപ്പോൾ
കുപ്പായം വലിച്ചു കീറി
കടിച്ചു പറിച്ച് തിന്നടാ നായ്ക്കളെ
എന്നവരലറി.
പിന്നീടൊരിക്കലുമവർ കരഞ്ഞില്ല.
ആരോടും മിണ്ടിയില്ല.
ഉറങ്ങിയില്ല.
ഏതു പാതിരയ്ക്കുമവരിറങ്ങി നടന്നു.
ഇരുട്ടിലവരുടെ മുലകൾ
പന്തം പോലെ കത്തി.
ആണത്തം കാണിക്കാൻ വന്നവരൊക്കെ
ചോര കണ്ടേ മടങ്ങിയുള്ളൂ.

പെണ്ണിനിരുരുട്ടിൽ കാവലായി
മാതാമ്മ ചൂട്ടായെരിഞ്ഞു കത്തി
ചിതയിലുമവരുടെ മുലകൾ
കത്താതെ ആൺനോട്ടങ്ങളിലേയ്ക്കു
വിരൽ ചൂണ്ടിനിന്നു.

Comments