ഇർഫാന ഇസ്സത്

മാതൃഭാഷയിൽ ഇതൊരു കൂട് / വീട്

1.മാതൃഭാഷയിൽ ഇതൊരു കൂട് / വീട് 

ണ്ട് അമ്മമാർ.
രണ്ടുപേരും എനിക്ക് പാലൂട്ടിയില്ല.
എന്റെ അമ്മമാർക്ക് അമ്മിഞ്ഞയിൽ പാലില്ല.
ചോരയുണ്ട്. ധാരാളം.
എന്റെ ജനനത്തിനും മുന്നേ ഉറവായത്.
ഇനിയും നീരുവറ്റാത്തത്. 

കുടുംബത്തിന്റെ വേര്
ഇടുപ്പിൽ നിന്നും അറുത്തുമാറ്റുമ്പോ
തെറിച്ച പരേതരുടെ ചോര.
കാരണവന്മാരുടെ ചോര.
അവർക്ക് പിറക്കാതെ പോയ
അനന്തരാവകാശികളുടെ ചോര.
വേര് മുറുകി ചത്ത മുത്തശ്ശിമാരുടെ ചോര.
ഈ ചോരയെനിക്ക് അന്യമല്ല.
ചോറിനൊപ്പം തിന്ന ചമ്മന്തിയിലൊക്കെയും
അമ്മമാർ അരച്ചുചേർത്തത് ഇതേ ചോരയാണ്.
എന്റെ നാവിന്റെ ചെഞ്ചുവപ്പും
അമ്മമാരുടെ നെഞ്ചിലെ ഈ ചോരയുടേതാണ്. 

2.അമ്മമാരും വീടും ഞാനും 

രുപത്തിനാല് തൂണുകളുള്ള വീട്.
പത്തെണ്ണത്തിൽ ഞാൻ അശ കെട്ടി.
രണ്ടമ്മമാരും ഞാനും തുണി വിരിച്ചു.
വീട്ടിലിടുന്നത്, പുറത്തിടുന്നത്,
കല്യാണത്തിനും പാലുകാച്ചലിനും മാത്രം ഇടുന്നത്,
അടിയിലിടുന്നത്, തറ തുടയ്ക്കുന്നത്,
വെക്കുന്നതും കഴിക്കുന്നതും തുടയ്ക്കുന്നത്,
കണ്ണാടിപ്പാത്രവും ഗ്ലാസും തുടയ്ക്കുന്നത്,
പുസ്തകത്തിലെ പൊടി തട്ടുന്നത്,
ചവിട്ടുന്നത്, നിലത്ത് വിരിക്കുന്നത്,
മെത്ത വിരിക്കുന്നത്, പുതയ്ക്കുന്നത്,
പിന്നെ തല തോർത്തുന്നത്. 

നാലെണ്ണത്തിൽ അമ്മമാർ രണ്ട് ഊഞ്ഞാല് കെട്ടി.
വലുതൊന്ന്. ചെറുതൊന്ന്.
വലുതിൽ ഞങ്ങൾ ഒരുമിച്ചിരുന്നു, കഥ പറഞ്ഞു,
കടിഞ്ചായയും മിച്ചറും കൊറിച്ചു.
ചെറുതിൽ ഞാൻ ഒറ്റയ്ക്ക് ആടി,
അമ്മമാർ എന്റെ കാല് ആകാശം മുട്ടെ ഉന്തിവിട്ടു.
ഒരമ്മ ഇളംതെന്നൽ പോലെ,
അപ്പുപ്പൻതാടി പോലെ,
പതിയെ ഊയലാടി.
മറ്റേയമ്മ ഒരു കാല് തറയിലൂന്നി ഒറ്റയാട്ടം.
അമ്മയുടെ മണ്ണ് പറ്റിയ കാലിന്റെ പാട്
രാത്രി ആകാശത്ത് അമ്പിളിയമ്മാവന്റെ കൂടെ.
വെള്ളം കോരുമ്പോ കിണറ്റിലേക്ക് എത്തിനോക്കുമ്പോ
പകലും അമ്പിളിയമ്മാവന്റെയൊപ്പം അമ്മേടെ കാൽപ്പാട്. 

മുമ്പിലത്തെ എട്ട് തൂണുകളിൽ
ക്രിസ്മസിന് നക്ഷത്രം തൂക്കും,
പുൽക്കൂടിന്റെ മേശ കെട്ടും,
മിനുങ്ങുന്ന തോരണങ്ങൾ ചുറ്റും,
റീത്ത് വെക്കും. 

പര്യമ്പറത്തെ രണ്ട് തൂണുകളിൽ അമ്മമാർ ആണിയടിച്ചു.
വേണ്ടാത്തതെല്ലാം പകൽ ആണിയിൽ തൂക്കിയിട്ടു.
രാത്രി അതെല്ലാം തെങ്ങുമ്മൂട്ടിലിട്ട് കത്തിച്ചു.
കനലെടുത്ത് ചാമ്പ്രാണി പുകച്ചു. 

3.മറ്റൊരു ഭാഷയിൽ ഇതൊരുത്തരം 

ഞാൻ ചൂലെടുത്ത് മിറ്റം തൂത്തു.
ഇന്നലത്തെ പത്രത്തിന്റെ താളെടുത്ത് മുഖം മറച്ച ആരോ
മൂക്ക് പൊത്തിക്കൊണ്ട് മിറ്റത്തേക്ക് കയറി വന്നു.
'ഈ കുട്ടിയെങ്ങനെയുണ്ടായി?'
അയാൾ എന്നെ ചൂണ്ടി ചോദിച്ചു.
'നിങ്ങളും ഞങ്ങളും ഉണ്ടായതു പോലെ’.
ഒരമ്മ പറഞ്ഞു. മറ്റേയമ്മ ചിരിച്ചു.
'അതു സാധ്യമല്ല, നിങ്ങൾ ഇതിനെ എവിടുന്നോ തട്ടിയെടുത്തു’.
'ഇത് ഞങ്ങളുടെ കുട്ടി. ഞാൻ പെറ്റത്’, ഒരമ്മ പറഞ്ഞു.
'ഈ കുട്ടിയെങ്ങനെയുണ്ടായി?'
ഇത്തവണ അയാളുടെ കണ്ണിൽ വഷളത്തം.
ഒരമ്മ അയാളുടെ മുഖത്തെ പത്രക്കടലാസ് കീറിയെടുത്തു.
മറ്റേയമ്മ അയാളെ പര്യമ്പറത്തെ തൂണിൽ
ആണിയിൽ കൊരുത്തിട്ടു.
രാത്രി ബാക്കി ചവറിനൊപ്പം അയാളെ
അമ്മമാർ തെങ്ങുമ്മൂട്ടിലിട്ട് കത്തിച്ചു.
കനലെടുത്ത് ഞാൻ ചാമ്പ്രാണി പുകച്ചു.

Comments