എത്ര അവിചാരിതമായി മാറിമറിയുന്നു
നമ്മുടെ ഋതുക്കൾ,
സങ്കടങ്ങളിൽ നിന്ന്
എത്ര എളുപ്പത്തിൽ
പ്രച്ഛന്നമാക്കപ്പെടുന്നു രൂപകങ്ങൾ.
നിങ്ങളുടെ ക്രോധത്തിന്റെ
പുരികവളവുകൾ കൊണ്ട്
നിർണ്ണയിക്കപ്പെടുന്ന
ഞങ്ങളുടെ നിസ്സാരജന്മത്തിന്റെ
ഭാഗധേയങ്ങൾ
നിർവ്വചനങ്ങളുടെ പുനർവിന്യാസങ്ങളിൽ
ഒറ്റത്തിരുത്തിൽ തകർന്നുപോകുന്ന
ആനുഷംഗിക
ജീവിതങ്ങൾ-
ചൂണ്ടുവിരലിന്റെ
ഒറ്റ ആജ്ഞയിൽ
ജീവിതഭ്രമണപഥത്തിൽ നിന്ന്
പിടിവള്ളികൾക്ക് അപ്പുറത്തെ അനാഥശൂന്യതയിലേക്ക്
നിമിഷാർദ്ധത്തിൽ
പുറന്തള്ളപ്പെടുന്നവർ...
ഒരുറക്കം കഴിഞ്ഞെഴുന്നേൽക്കുമ്പോൾ
പൗരത്വത്തിന്റെ ബ്രാക്കറ്റിന് പുറത്ത്,
ഒരു കണക്കെടുപ്പു കഴിയുമ്പോൾ
ദാരിദ്ര്യരേഖയ്ക്ക് പുറത്ത്,
ഒരു ഗണേശോത്സവത്തിന്റെ
തിമർപ്പും ആരവവും ഒടുങ്ങുമ്പോൾ,
തിരിച്ചറിയാനാകാത്തവിധം
തകർക്കപ്പെട്ട തെരുവിന്റെ
കൺവെട്ടത്തിന് പുറത്ത് ...
കാലുഷ്യങ്ങളുടെ കരിനിഴൽവെട്ടത്ത്
പാത്തും പതുങ്ങിയും
ഒരു കരുതലിലും
ഇടമില്ലാതെ കഴിയുന്നവർ,
ഗോമാംസത്തിരക്കഥ ചുരുളഴിയുമ്പോൾ
ഉപചാരങ്ങളേതുമില്ലാതെ
ജീവിതത്തിൽനിന്നുതന്നെ
പുറത്താക്കപ്പെടുന്നവർ,
ഒരു കരിയിലച്ചപ്പിന്റെ
ഭാരം പോലും ബാക്കിവെക്കാതെ
പിരിഞ്ഞുപോകുന്നവർ,
പിരിച്ചുവിടപ്പെടുന്നവർ...
എത്ര ലഘുവാണ്, സുഹൃത്തേ,
ഈ നമ്മുടെ വിനീതമായ
അസ്തിത്വം.
കണ്ണീരിനും ചോരയ്ക്കും നേരെ
എപ്പോഴും
പുറംതിരിഞ്ഞുനിൽക്കുന്ന,
പ്രതീകങ്ങളുടെയും പ്രതീതികളുടെയും കെട്ടുകാഴ്ചകളുടെയും
ഈ സനാതന നാൽക്കവലയിൽ…
