മായ ആഞ്ചലോ, സിൽവിയ പ്ലാത്ത് കവിതകൾ

മായ ആഞ്ചലോയുടെ When I think about myself, സിൽവിയ പ്ലാത്തിന്റെ Mirror എന്നീ കവിതകൾക്ക് സീന ജോസഫിന്റെ സ്വതന്ത്രപരിഭാഷ

എന്നെക്കുറിച്ചോർക്കുമ്പോൾ...

ന്നെക്കുറിച്ചോർക്കുമ്പോൾ
ഞാൻ ചിരിച്ചു ചിരിച്ചു മരിക്കാറാകും
എന്റെ ജീവിതം ഒരു വലിയ തമാശതന്നെയാണ്

ആടാതെ പോയ ഒരു നൃത്തം
പാടാതെ പോയ ഒരു ഗാനം

എന്നെക്കുറിച്ചോർക്കുമ്പോൾ
ശ്വാസം നിലയ്ക്കുവോളം
ഞാൻ ഉറക്കെ ചിരിക്കാറുണ്ട്

ഈ മനുഷ്യരുടെ ലോകത്തിൽ
അറുപത് വർഷങ്ങൾ.
ഞാൻ ജോലിചെയ്യുന്ന വീട്ടിലെ കുട്ടി
എന്നെ ‘പെണ്ണേ' എന്നാണ് വിളിക്കുക
ജോലിക്കുവേണ്ടി, ‘യെസ് മാഡം'
എന്ന് ഞാൻ വിളികേൾക്കും.

കുനിയാൻ മടിക്കുന്ന അഭിമാനി
തകരാനാകുന്നതിനുമപ്പുറം ദരിദ്ര

എന്നെക്കുറിച്ചോർക്കുമ്പോൾ
വയറുവേദനിക്കുവോളം ഞാൻ ചിരിക്കാറുണ്ട്

എന്റെ ആളുകൾ എന്നെ വല്ലാതെ ചിരിപ്പിക്കും
ചിരിച്ചുചിരിച്ചു ഞാൻ മരിച്ചുപോകുമെന്നു തോന്നും
അവർ പറയുന്ന കഥകൾ കേട്ടാൽ, അതത്രയും നുണകളാണെന്നേ തോന്നൂ

അവർ പഴവർഗ്ഗങ്ങൾ കൃഷി ചെയ്യുന്നു
പക്ഷേ അവയുടെ തൊലി തിന്നു തൃപ്തിയടയുന്നു

എന്റെ ആളുകളെക്കുറിച്ചോർത്താൽ
ചിരിച്ചുചിരിച്ചു ഞാൻ കരഞ്ഞുപോകും

കണ്ണാടി

സ്നേഹമോ അനിഷ്ടമോ കലരാതെ,
കാണുന്നതെന്തും അതേപോലെ അപ്പപ്പോൾ ഉൾക്കൊള്ളുന്ന
മുൻവിധികളില്ലാത്ത, വെള്ളിനിറമുള്ള കൃത്യതയാണ് ഞാൻ!
സത്യം മാത്രം പറയുന്ന, ക്രൂരത തീണ്ടിയിട്ടില്ലാത്ത,
ഒരു കുഞ്ഞുദൈവത്തിന്റെ നാലുകോണുള്ള കണ്ണ്!

മിക്കപ്പോഴും ഞാൻ എതിർഭിത്തിയിൽ ധ്യാനനിരതമാകാറുണ്ട്
ജ്വലിക്കുന്ന, ചെറിയ പൊട്ടുകളുള്ള പിങ്ക് നിറത്തിൽ നോക്കിയിരിക്കെ
അതെന്റെ മിടിക്കുന്ന ഹൃദയത്തിന്റെ ഭാഗമാണെന്ന് തോന്നും
മുഖങ്ങളും ഇരുട്ടും ഞങ്ങൾക്കിടയിൽ വീണ്ടും വീണ്ടും വന്നുപോകും

ഞാനിപ്പോൾ ഒരു തടാകമാണ്, തന്നെത്തന്നെ തിരയുംപോലെ
ഒരുവൾ, എന്റെ ആഴങ്ങളിലേക്ക് ഉറ്റുനോക്കി നിൽക്കുന്നു.
പിന്നീട് നുണ പറയുന്ന മെഴുതിരികളിലേക്കോ ചന്ദ്രനിലേക്കോ അവൾ തിരിയുന്നു
വീണ്ടും ഞാനവളെക്കാണുകയും വിശ്വസ്തതയോടെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു
അവളെനിക്ക് കണ്ണീരും വിദ്വേഷം പുരണ്ട വിരൽമുദ്രകളും പകരം തരുന്നു

അവളെന്നെ വിലമതിക്കുന്നുണ്ട്, അവൾ വരികയും പോകുകയും ചെയ്യും
ഓരോ പ്രഭാതത്തിലും അവളുടെ മുഖമാണ് ഇരുളിനെ മായിച്ചു കളയുന്നത്
ഒരു കൊച്ചു പെൺകുട്ടിയായി അവൾ എന്നിൽ മുങ്ങിത്താഴുന്നു
പക്ഷേ, ഒരു വയോധികയാണ് എന്നിൽ നിന്നും അവളിലേക്ക്
അനുദിനം ഉയിർക്കുന്നത്, പ്രിയതരമല്ലാത്ത ഒരു മൽസ്യത്തെപ്പോലെ !


Summary: Translation of Maya Angelou's When I think about myself and Sylvia Plath's Mirror by Zeena Joseph


സീന ജോസഫ്​

കവി. ഡെൻറിസ്റ്റ്​, ഇപ്പോൾ യു.എസിലെ മാസാച്യുസെറ്റ്സിൽ താമസം.

Comments