ഷോ കഴിഞ്ഞപ്പോൾ
ഒരുവൾ
മജീഷ്യനെ തേടി
അണിയറയിൽ വന്നു.
ചുറ്റികയാലുടച്ച വാച്ച്
അയാൾ പുതിയതാക്കിയപ്പോൾ
അവൾ കണ്ണുകൾ വിടർത്തിയത്
അയാൾ കണ്ടതാണ്
ചവച്ചു തിന്ന കടലാസുകൾ
അയാൾ പൂക്കളാക്കി വിരിച്ചപ്പോൾ
അവൾ ചിരിച്ചതാണ്
യുവതിയുടെ ശിരസ്സറുത്തപ്പോൾ
അവൾ മുഖം പൊത്തിയതും
തിരിച്ചു ചേർത്തപ്പോൾ
കൺനിറയുവോളം കയ്യടിച്ചതുമാണ്.
നന്ദിപൂർവം അയാൾ നോക്കി.
പ്രതീക്ഷാപൂർവം അവളും.
അവളുടെ ചുവന്ന തട്ടം
നരച്ചും പഴകിയും കാണപ്പെട്ടു.
ഭൂപടത്തിലെ നദീരേഖകളായി
മുഖത്തെ ഞരമ്പുകൾ
തെളിഞ്ഞുനിന്നു.
മെലിഞ്ഞ കൈത്തണ്ടയിൽ
പൊള്ളലും മുറിവുകളുമുണങ്ങിയ
പാടുകൾ വിളറി.
കേൾക്കണേ,
ഞാനിനിയും കയ്യടിക്കാം
-അവൾ പറഞ്ഞു.
തകർന്ന കെട്ടിടങ്ങൾ തരണ്ട,
കത്തിയ വയലുകൾ തരണ്ട
ഉടഞ്ഞുപോയ എൻ്റെ കുഞ്ഞിനെ
നൊടി നേരത്തേക്ക്
പുണരാൻ തരാമോ?
എങ്കിൽ,
വലിയ മാന്ത്രികൻ മായ്ച്ചേ കളഞ്ഞ
കുഞ്ഞുങ്ങളുടെ അമ്മമാർ
നിങ്ങളോട് ക്ഷമിക്കും.
മണ്ണിനടിയിലായ പിതാക്കൾ
നിങ്ങൾക്കായി പ്രാർത്ഥിക്കും.
മാജിക്കെന്നാൽ കാല്പനികമായ
ഒരു സമസ്യയാണു സോദരീ-
മാന്ത്രികൻ നൊന്തു.
'നിന്നോളം നേരല്ല ഞാൻ!'
അറിയാം.
അവൾ ചിരിച്ചു.
'ഇല്ലാത്ത ഒന്നിനെ സൃഷ്ടിച്ച് കാട്ടൂ.
ഒരു നിമിഷത്തേക്ക്.
എന്നിട്ടെന്നെയുമതിനൊപ്പം വാനിഷാക്കൂ.
ഞാനും അതേ കാല്പനികതയുടെ
ഒരിരയായ്ക്കോളാം'
അവളുടെ ശബ്ദം
ഏതോ ഗർത്തത്തിൽ നിന്നെന്നവണ്ണം
പതറിയും മുഴങ്ങിയുമുയർന്നു.
അവളുടെ ചെമ്പൻ കൃഷ്ണമണികളിൽ,
ഒത്തിരിയൊത്തിരി മനുഷ്യർ
നരച്ച പൊടിയിലൂടെ
നടക്കുന്ന ചലനങ്ങൾ അയാൾ കണ്ടു.
മരിക്കാത്ത ശബ്ദങ്ങളുടെ
മൂളക്കം അയാൾ കേട്ടു.
നേരിനെ നുണയാക്കാനാവാതെ
തോറ്റ അയാൾ
സ്വയം വാനിഷാകാനൊരുങ്ങി.
▮
എളുപ്പം
അലിഞ്ഞുതീരാൻ
എളുപ്പമുള്ളത് കൊണ്ടാണോ മരണങ്ങൾ
മഴക്കാലം തിരഞ്ഞെടുക്കുന്നത്?
വേദനിപ്പിക്കാൻ എളുപ്പമുള്ളതുകൊണ്ടാണോ
സ്നേഹം,
മൗനത്തെ തിരഞ്ഞെടുക്കുന്നത് ?
തെളിഞ്ഞു നിൽക്കാൻ
എളുപ്പമുള്ളത് കൊണ്ടാണോ നക്ഷത്രങ്ങൾ
ഇരുളു തെരഞ്ഞെടുക്കുന്നത്?
പേടി മാറ്റാൻ
എളുപ്പമുള്ളത് കൊണ്ടാണോ
അതുള്ളവർ
ആയുധം തെരഞ്ഞെടുക്കുന്നത്?
അകന്നു നില്ക്കാൻ
എളുപ്പമുള്ളതുകൊണ്ടാണോ
നാടുകൾ
ഭാഷ തെരഞ്ഞെടുക്കുന്നത്?
അതറിയുന്നതു കൊണ്ടാണോ
ജന്തുക്കൾ
ഭാഷ തെരഞ്ഞെടുക്കാത്തത്?
പൊറുക്കാൻ
എളുപ്പമുള്ളതുകൊണ്ടാണോ
കുട്ടികൾ
കരച്ചിൽ തെരഞ്ഞെടുക്കുന്നത്?
മീനുകൾ,
ചൂണ്ട തെരഞ്ഞെടുക്കുന്നത്?
നോവാറ്റാൻ
എളുപ്പമുള്ളതുകൊണ്ടാണോ
ഓർമകൾ
മറവി തെരഞ്ഞെടുക്കുന്നത്?
അനാഥർ
യാത്ര തെരഞ്ഞെടുക്കുന്നത്?
ഇലകൾ
കാറ്റു തെരഞ്ഞെടുക്കുന്നത്?
കണ്ണുകൾ
ഇഷ്ടം മാത്രം തെരഞ്ഞെടുക്കുന്നത്?
വസ്തുതകൾ,
നാട്യം മാത്രം തിരഞ്ഞെടുക്കുന്നത്?
അതോ
ഒന്നും എളുപ്പമല്ലെന്നറിഞ്ഞിട്ടാണോ,
വീണ്ടും വീണ്ടും
രാത്രികൾ പുലരികളെയും
പകലുകൾ സന്ധ്യകളെയും
ഉത്തരങ്ങൾ
ചോദ്യങ്ങളെയും
അങ്ങനെ ചെയ്യുന്നത്?
എളുപ്പമുള്ള
ഒരേ ഒരുത്തരത്തിലേക്കാണോ,
ഒടുവിലത്തെ ചൂണ്ടമുന
കൊലക്കുരുക്കെറിയുന്നത്?
