വണ്ടിത്താഴത്തൂന്ന്
കൊത്തുകൈയാല കയറി,
നെല്ലിമൂട്ടിലെ
ഇടവഴി തിരിയുമ്പോൾ
'മയില്'
വടക്കോട്ടൊന്ന് നോക്കും.
തിരിച്ചുവരില്ലെന്നറിയാവുന്ന
ഒരാളുടെ വെളിച്ചത്തിലേക്ക്.
ഇരുട്ടിന്റെ കണ്ണില്‍
കുടുങ്ങിക്കിടക്കുന്ന
ഒടുവിലത്തെ തിളക്കംപോലെ,
നയോമീടെ പുളിമരത്തിലന്നേരം
പത്തുനൂറ് കൊറ്റികള്‍
നിലാവ് കൊത്തിയെടുത്ത്
പളപളക്കും.
അന്തിക്ക് കള്ളും കേറ്റി
ആടിയാടി വീട് കയറുന്നതിന്
'മയില്‍' എന്ന
വട്ടപ്പേര് ചാര്‍ത്തിക്കിട്ടും
മുന്‍പുണ്ടായിരുന്ന
ഒരു ചെറുപ്പക്കാരനന്നേരം
കൈയാലയിറങ്ങി
അവളുടെ പുളിമരച്ചോട്ടിലിരിക്കും.
പറഞ്ഞതും പറയാത്തതും,
പറഞ്ഞിട്ടും കരളിലെത്താതെ
പോയതുമെല്ലാം
കാറ്റിലന്നേരം
പുളിയിലപോലിളകിത്തുള്ളും.
പഴുത്തിട്ടും പൊട്ടാത്ത
പുളിങ്കായകൾ
വാക്കുകളായി
കൊമ്പിലുറങ്ങിക്കിടക്കും.
ചിറകനക്കങ്ങളുടെ ഒച്ചയോടെ
രാത്രി,
വെളിച്ചങ്ങൾ
ഓരോന്നായ് അഴിച്ചുവയ്ക്കും.
നയോമീടെ പിള്ളേരുറങ്ങിക്കാണും.
മൈക്കിളിന്റെ നെഞ്ചില്‍
അവളും ചാഞ്ഞുകിടക്കുന്നുണ്ടാവും.
അടുക്കളയിലെ തീ
അവസാന ചുവപ്പും മടക്കി
ചാരത്തിനടിയിലേക്ക്
താഴ്ന്നിറങ്ങിയിട്ടുണ്ടാവും.
അവള്‍ക്കെല്ലാമുണ്ട്...
വീടുണ്ട്.
വെളിച്ചമുണ്ട്.
ഉറക്കമുണ്ട്.
കാലം കയറി
ആ വീടിന്റെ ഒച്ചയും ചൂരും
മാറിയതറിഞ്ഞിട്ടും,
പഴയതിലെന്തോ തിരഞ്ഞ്,
ആ നിഴല്‍
മരച്ചോട്ടിൽ
ആടിയാടി നില്‍ക്കും.
വേരുകളന്നേരം
മണ്ണിനടിയിൽ
പഴയ മഴയെ
ഓർത്തെടുക്കും,
പൊതിഞ്ഞെടുത്ത
മുഷിഞ്ഞ പണിക്കൈലി
നെഞ്ചത്ത് ചേര്‍ത്തുപിടിച്ച്,
എല്ലാ രാത്രിയും
'മയില്' ഒരേ ആട്ടമാടും.
തെറ്റിപ്പോയ വഴിത്തിരിവിനപ്പുറം
ഇപ്പോഴും തെളിഞ്ഞുകിടക്കുന്ന
താന്‍ ജീവിച്ചേക്കാമായിരുന്ന
മറ്റൊരു ജീവിതത്തെ
നോക്കിനില്‍ക്കുന്ന
വെറും നേരമാണത്.
വെളിച്ചംതീനികള്‍
ഇടുന്നതിന്റന്ന് തന്നെ
ബള്‍ബെറിഞ്ഞ് പൊട്ടിക്കുന്ന കാരണം,
ഇരുട്ടിന് പഞ്ഞമില്ലാത്ത
ഇടവഴിയാണ്.
മയിലിനിഷ്ടമാണായിരുട്ട്!
ഓര്‍മ്മകളുടെ വെളിച്ചം
ഇത്തിരിയൊന്ന് താഴ്ന്നിരിക്കും.
ചില രാത്രികളെങ്കിലും
ജനാലയിലൂടെ
മരച്ചോട്ടിൽ
ആടിനിൽക്കുന്ന
നിഴലിനെ
അവൾ കണ്ടിരിക്കാം.
കൺവെട്ടമെത്താത്ത
ആരുടേയും വെളിച്ചം
അവകാശപ്പെടാനില്ലാത്ത
ആ ഇരുട്ടിനെ
അവൾ പേടിച്ചിരിക്കാം…
അവള്‍ക്കറിയുമോ?
തനിക്ക് വീടാകാതെ
പോയൊരുവന്റെ
നേരം തെറ്റിയ
മടങ്ങിവരവാണതെന്ന്.
കാലത്തെല്ലാരുമുണരും മുമ്പേ
കൊഴിഞ്ഞ പീലികൾ
എണ്ണിപ്പെറുക്കിയെടുത്തവൾ
മണ്ണിൽ മറവുചെയ്യുമ്പോൾ,
പൊട്ടാത്ത പുളിങ്കായകളുടെ
മൗനം ചുമന്ന്
കൊറ്റികൾ പറന്നകലും.
ചില്ലയൊഴിഞ്ഞ
പുളിമരത്തിന്റെ കീഴിലിപ്പോൾ
ചിറകില്ലാതെപോയ കാലം
വേരുപിടിച്ചൊരാകാശം
വളര്‍ന്നുകിടപ്പുണ്ടാവണം.
