‘‘കണ്ണുകൾ കലങ്ങുമ്പോൾ
ഒന്നും കാണുന്നില്ല.
പതുക്കെ… പതുക്കെ പെയ്യുക’’.
ഇരുട്ടിൽ പെയ്യുന്ന
മഴയുടെ പ്രാർത്ഥന
ആകാശം കേൾക്കുന്നില്ല.
ഭൂമിയെ പ്രാപിക്കാൻ
വെമ്പിനിൽക്കുന്ന
കൂറ്റൻ കാളമേഘങ്ങളെ
കെട്ടഴിച്ചുവിടല്ലേയെന്ന
പാവം മഴയുടെ പ്രാർത്ഥന
ആരും കേൾക്കുന്നില്ല.
നിമിഷനേരം കൊണ്ട്
മിന്നൽവേഗത്തിൽ
പൊട്ടി വീഴുന്ന
കൂറ്റൻ മദജല പ്രവാഹത്തിൽ
അവളുടെ പ്രാർത്ഥനകൾ
ഒലിച്ചു പോകുന്നു.
കഠിന വേദനയാൽ
കുന്നുകൾ പിളർന്നു പിടയുമ്പോൾ
ഉറങ്ങിക്കിടക്കുന്ന മക്കളെ നെഞ്ചോടുചേർത്ത്
കുന്നിൻചെരിവിലെ വീടുകൾ
നനഞ്ഞ മണ്ണ് പുതച്ച്
ചുരുണ്ടുകിടക്കുന്നു.
നേരം വെളുത്തിട്ടും
ഉണർന്നെഴുന്നേൽക്കാത്ത
വീട്ടുമുറ്റങ്ങളിൽ
പാവം മഴയുടെ സങ്കടം
ഇറ്റുവീഴുമ്പോൾ
ചാവിൻ്റെ മഴയെന്ന
കുത്തുവാക്ക് കേട്ട്
പിന്നെയും മഴക്കണ്ണ്
ചുവന്നു കലങ്ങുന്നു.
ഇരുട്ടിൽ അഴിഞ്ഞാടിയ
കൂറ്റൻ മേഘങ്ങളെ
തടുക്കാനായില്ലല്ലോയെന്ന്
വിങ്ങുകയാണവൾ…
ഓരോ മഴയും
ഓരോ തരമെങ്കിലും
മഴകൾക്കൊരേ ഭാഷ
കണ്ണീരാൽ എഴുതിയത്.
