എൽ. തോമസ് കുട്ടി

മഴുവിന്റെ കഥ

ജോസഫ്
നീയൊരു മുറിവിൻ
ക്രൂരമാമോർമ്മ.

അറുത്തെറിഞ്ഞ
അവയവം,
വിലയിട്ട ജീവൻ
നിസ്സഹായമായ
നിശ്വാസം;

ചിരിച്ചതും
പുളകിതമായതും
അന്യായ
ഒച്ചകളുടെ ഹറാം.

അയൽക്കാർ, സഭ, സമുദായം, പാർട്ടി, അന്യർ...

സഹോദരാ -
കണ്ടില്ല
നല്ല സമരിയാക്കാരെ
ജീവനില്ലാത്ത മതമല്ലാതെ
മതമില്ലാത്ത ജീവനെ,
എല്ലാവർക്കും ഭയമായിരുന്നു
പല പല ഭയങ്ങളായിരുന്നു. ...

ഒരു മഴു
ഓത്തു തെറ്റിച്ച്
ഇടതു കൈത്തണ്ടയറുത്തു

ഉടൻ പാതകി
തിരുത്തി,
ആയത്തുകൾ
പൊന്നീച്ചകളായ്
വലതുപത്തി തന്നെയെന്ന് മൂടുപടം,
ബോണസായി ഇടതുകാലും ...
വെട്ടി
കാട്ടിലെറിഞ്ഞ
കഠിനമാം
കൃത്യനിഷ്ഠത!

ഇബിലീസ്
സ്വർഗമുറപ്പിച്ച്
മ്മടെ
ദുനിയാവി -
ലാമോദമായ്
13 വർഷം
യഥേഷ്ടം
സസുഖം
മരത്തെയും
മക്കളെയും
പണിതിറക്കി
അർമാദിച്ചു.

ഇത്ര കാലം
അധികാരം,
കവാത്തു മറന്നു.

Gods own Country- യിൽ
മനുഷ്യർക്ക് മാത്രം
ഇടമില്ല.

എല്ലാം
നീതിയുടെ
കുഴലിലൂടെ ...

ജോസഫ്
അംഗഭംഗം മാത്രമല്ല,
പങ്കാളിയുടെ
ആത്മഹത്യ മാത്രമല്ല,
മക്കളുടെ
ചിതറിപ്പോയ സ്വപ്നക്കൂടിൻ്റെ
നെഞ്ചെരിച്ചിൽ മാത്രമല്ല,
ഇരുന്നിടത്തുനിന്ന്
ചാടിയിറങ്ങാനുള്ള
അമാന്തം,
ഝടതിയിൽ കൈവീശാനും
സ്വയംവാരിത്തിന്നാനും
എഴുതാനുമുള്ള
വൈഷമ്യം,

മാറാല കെട്ടിയ
നിസ്സംഗത്തണുപ്പ്...

എല്ലാറ്റിനുമുപരി
ചിതറിയ
മനക്കണ്ണാടിയെ
വിളക്കിയെടുക്കാനാവാത്ത നിന്ദാകരമായൊരൊറ്റപ്പെടൽ.

ജോസഫ്
തിരുക്കുടുംബത്തിനുമീതേ
കാട്ടുതീയായിപ്പതിച്ച
ക്രൂരമാം
നടുക്കം.

എൻ്റെ കൈകളിലും
പാപക്കറ ...
കഴുകിയിട്ടും പോവാത്ത
ചോരമണം.

ഇവിടെ പുലർന്നതിൽ
ഞാൻ ഖേദിക്കുന്നു,
ലജ്ജിക്കുന്നു.


എൽ. തോമസ് കുട്ടി

കവി, നാടകകൃത്ത്, സംവിധായകൻ. കാലിക്കറ്റ് സർവകലാശാല മലയാള വിഭാഗം അധ്യക്ഷനായിരുന്നു. ക്ഷ-റ, തെരഞ്ഞെടുത്ത കവിതകൾ, കറുത്ത ചിരിയുടെ അരങ്ങ്, ജൈവ നാടകവേദി, മലയാള നാടകരംഗം: പ്രമാണവും പ്രയോഗവും, പരിസര കവിത തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments